മൂന്നടി മണ്ണ് ലേലത്തിന്
പാതാളമെന്ന ദേശത്ത് പായവിരിച്ചുറങ്ങുന്ന പാവം മാവേലിയുടെ പുരാണം നമുക്കു പരിചിതം. പക്ഷെ ആധുനികവാമനകഥയില്‍ മണ്ണു നഷ്ടപ്പെട്ടത് ഒരു കൂട്ടം കുചേലന്മാര്‍ക്കാണ്. കിട്ടിയത് ഐ.ടി. രാക്ഷസര്‍ക്കും കൊടുത്തത് രാജശേഖരനെന്ന ആന്ധ്രാമാബലിയും. വരമായി കൊടുക്കുന്നതു ഫാഷനല്ലാത്തതിനാല്‍ പൊതുലേലം വിളിച്ചു ഭൂമി വിറ്റ രാജന്‍ ഏഴു ബില്യണ്‍ ചക്രം ഖജനാവിലാക്കി. 65 ഏക്കര്‍ നഷ്ടപ്പെട്ട പാവം കര്‍ഷകര്‍ കണ്ണീരൊഴുക്കി നിലവിളിക്കുന്നു. ബാക്കിയുള്ളവര്‍ അടുത്ത ലേലംവിളി ഭയന്നിരിക്കുന്നു.
വില്‍ക്കാനുണ്ട് സ്വര്‍ഗ്ഗങ്ങള്‍
വികസിതനഗരമായ ഹൈദരാബാദിലേയ്ക്കു സ്വാഗതം. ഐ.ടി.യെന്ന രണ്ടക്ഷരമന്ത്രം ഇന്നും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഈ ആന്ധ്രാതലസ്ഥാനിയിലെ മണ്ണിനിപ്പോള്‍ പൊന്നിനേക്കാള്‍ വില. പുത്തന്‍ വിമാനത്താവളവും ചിപ്സുനഗരവും(ഫാബ് സിറ്റി എന്ന ഇന്ത്യയിലെ ആദ്യത്തെ ചിപ് നിര്‍മാണശാല) തറക്കല്ലിട്ടതിനു തൊട്ടുപിന്നാലെതന്നെ ഈ ദേശത്തെ തറ വില ആകാശത്തോളം ഉയര്‍ന്നു. 100 കിലോമീറ്റര്‍ ചുറ്റളവില്‍ നഗരം വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതോടെ പ്രാന്തപ്രദേശങ്ങളിലും സമീപ ജില്ലകളിലും സ്ഥലത്തിന് 100 മുതല്‍ 150 ശതമാനം വരെ വിലവര്‍ധിച്ചു. ഭൂമികച്ചവടക്കാര്‍ക്ക് ഇതാ മറ്റൊരു ചാകരക്കാലം.
കഴുതകളായ പൊതുജനം സമ്പന്നരാവുമ്പോള്‍ ജനനായകകോവറുകള്‍ എന്തിനു മടിച്ചുനില്‍ക്കണം? അങ്ങനെയാണ് രാജശേഖരത്തമ്പുരാനും മന്ത്രികിങ്കരന്മാരും ലേലം വിളി തുടങ്ങിയത്. കഴിഞ്ഞ മാസം നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ രംഗറെഡ്ഡി ജില്ലയിലെ കോകപ്പേേട്ടില്‍ 15 പറമ്പുകള്‍ സര്‍ക്കാര്‍ ചുളുവിലയില്‍ സ്വന്തമാക്കി. ഹൈദരാബാദ് നഗരവികസന സംഘ (ഹുഡ) ത്തിന്റെ നേതൃത്വത്തില്‍ അങ്ങനെ ഒരേക്കറിന് മിനിമം 40.5 മില്യണ്‍ എന്ന തറവിലയില്‍ തുടങ്ങിയ ലേലം വളര്‍ന്നു വികസിച്ച് 90.5 മുതല്‍ 144.5 മില്യണ്‍ രൂഭായില്‍ എത്തിയപ്പോള്‍ എല്ലാവരും ചായ കുടിച്ചും സന്തോഷത്തോടെ കൈകൊടുത്തും പിരിഞ്ഞു. ദാരിദ്ര്യം പിടിച്ച രേഖകളേയും മധ്യവര്‍ത്തി മാനവരുടെ തലവരയേയും തല്‍ക്കാലം മറക്കാം. പുരോഗതിയുടെ രജതരേഖകള്‍ ഇവിടെയിതാ മുദ്രപ്പത്രത്തില്‍ എഴുതപ്പെടുന്നു.
ഹൈദരാബാദിലെ കൈലാസഗംഗ കണ്‍സ്ട്രക്ഷന്‍സ് മുതല്‍ മുംബൈയിലെ ലേക്‌ക്‍പോയിന്റ് ബില്‍ഡേഴ്‌സ്, ദില്ലിയിലെ ടുഡേ ഗ്രൂപ്പ് ഹോട്ടല്‍സ്, ബാഗ്ലൂരിലെ ഗാര്‍ഡന്‍ എസ്റ്റേറ്റ്‌സ് എന്നിങ്ങനെ നീളുന്നു 47 ലേലവിളിക്കാരുടെ നാമാവലി. തട്ടുകട മുതല്‍ പഞ്ചനക്ഷത്രം വരെ കെട്ടാന്‍ കെല്‍പ്പുള്ള രാക്ഷസന്‍മാരാണ് സര്‍വ്വരും. ഐ.ടി. മന്ത്രവാദികളുമുണ്ട് കൂട്ടത്തില്‍. ചില രാജധാനികളുടെ വികസനം കണ്ടറിയേണ്ടതാണ്, കോപ്പിയടിക്കാന്‍ വേണ്ടിയെങ്കിലും.
ഹുഡയ്ക്കിത് രണ്ടാം ചാകര. ഫെബ്രുവരിയില്‍ അവര്‍ നഗരത്തില്‍ വികസനമെത്തിച്ചത് 5.33 ഏക്കര്‍ ലേലത്തില്‍ വിറ്റ് 3.36 ബില്യണ്‍ രൂപ കീശയിലാക്കിയാണ്. സര്‍ക്കാരിന്റെ പുത്തന്‍ പദ്ധതിയാണ് ഈ രാജകീയലേലങ്ങള്‍. നികുതിയേര്‍പ്പെടുത്താതെയും അരോടും കടം വാങ്ങാതെയും പണമുണ്ടാക്കാനുള്ള പോംവഴിയായ ഭൂമിലേലം സര്‍ക്കാര്‍ ഒരു നയമായി അവതരിപ്പിച്ചു കഴിഞ്ഞു. ഇന്ദിരാമ്മയെന്ന പേരില്‍ ബൃഹത്തായൊരു ഭവനനിര്‍മ്മാണപദ്ധതി, പിന്നോക്കവിഭാഗക്ഷേമത്തിനായി സ്കോളര്‍ഷിപ്പുകള്‍, നിരവധി ജലസേചനയജ്ഞങ്ങള്‍, പ്രളയദുരിതഫണ്ടുകള്‍... ഇതിനൊക്കെ എവിടുന്നു പണമെത്തും? മന്ത്രിയദ്ദേഹത്തിന്റെ ആകുലതകള്‍ക്കന്ത്യമില്ല. പൊതുജനസേവനതല്‍പ്പരരായ ഏതൊരു സര്‍ക്കാരിനും പണമുണ്ടായേ തീരൂ എന്നും അതിനുവേണ്ടി മാത്രമാണീ പകല്‍ക്കൊള്ള എന്നും ചേര്‍ത്തുവായിക്കുക. ആമേന്‍.
മാത്രവുമല്ല, 800-ലേറെ മണ്ണുകൊള്ളക്കേസുകളിലായി ആന്ധ്രാദേശത്തെ 45,000 ഏക്കര്‍ ഭൂമി അനധികൃതമായി കൈയേറ്റം ചെയ്തിരിക്കയാണെന്നാണ് രാജശേഖരമാവേലിയുടെ ദുഖം. അനധികൃതരെ ഈ സര്‍ക്കാര്‍ പുറമ്പോക്കുകളില്‍ നിന്ന് പുറത്താക്കാന്‍ ലേലമല്ലാതെ മറ്റു വഴിയില്ലെന്നും അദ്ദേഹം മൊഴിയുന്നു.
കര്‍ഷകലക്ഷങ്ങളുടെ മണ്ണു ചുളുവിലയ്ക്കു കവര്‍ന്നെടുത്തശേഷം പൊതുലേലം വഴി സര്‍ക്കാര്‍ പലകോടികള്‍ കൊയ്യുന്നു എന്നു ചില പത്രങ്ങളെഴുതി. പാവങ്ങളുടെ മണ്ണുമാത്രം കൊള്ളയടിച്ചെന്നും പണക്കാരെ ഒഴിവാക്കിയെന്നുമുള്ള അവരുടെ ആരോപണം ആരോ പണം കൊടുത്തെഴുതിപ്പിച്ചതാണെന്നു മന്ത്രിയും എഴുതി. ഇതൊരു പുത്തന്‍ നാട്ടുനടപ്പല്ല എന്നും 1994-ല്‍ നായിഡുരാജന്റെ തെലുഗുദേശസഭയും ഭൂമിലേലം നടത്തി സമ്പന്നരായിട്ടുണ്ടെന്നും കോണ്‍ഗ്രസ്സ് തെളിവുസഹിതം വാദിക്കുന്നു. സംസ്ഥാന ബഡ്‌ജറ്റ് പ്രസംഗത്തിനിടെ ലേലവിളി സൂചിപ്പിച്ചിരുന്നെന്നും ഭരണപക്ഷ അശരീരികള്‍.
ഒന്നു കൂടി പറഞ്ഞു മുഖ്യന്‍: വമ്പന്‍ ഐ.ടി.സ്രാവുകള്‍ക്കു മാത്രമേ ഞങ്ങള്‍ ഭൂമി വില്‍ക്കുകയുള്ളൂ. 500 മില്യണ്‍ രൂപ മൂലധനവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുമുള്ള വാമനന്മാര്‍ മാത്രം ഈ ആന്ധ്രാമണ്ണില്‍ അവതരിച്ചാല്‍ മതി എന്നു ചുരുക്കം.
പ്രതിഷേധാവസാനം തിരുത്തി തയാറാക്കപ്പെട്ട പുതിയനിയമത്തില്‍ ലേലത്തുകയുടെ ഒരു പങ്കു മണ്ണുനഷ്ടപ്പെട്ടവര്‍ക്ക് നല്‍കും എന്നു രാജന്‍ വിളംബരം ചെയ്തു. മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാവുന്ന മാതിരി സുതാര്യമായിരിക്കും മണ്ണുകൊള്ളപരാക്രമങ്ങള്‍ എന്നും അടിക്കുറിപ്പ്. ഭള്ളോളമില്ല പൊളിവചനം!
വികസനമാണ് ലക്ഷ്യം. പൊതുജനം വികസിക്കണം. ഐ.ടി.വികസിക്കണം. നാടും നാട്ടാരും പിന്നെ, ഇടവേള കിട്ടുമ്പോള്‍ മന്ത്രിപുംഗവന്മാര്‍ക്കും സാമാന്യം നന്നായി വികസിക്കണം. ഹൈദരാബാദിനു പുറകേ വിശാഖപട്ടണവും ഇത്തരത്തില്‍ വികസിച്ചുതുടങ്ങിയിരിക്കുന്നു. തെലുങ്കാന എന്ന സ്വതന്ത്ര്യഭാരതസംസ്ഥാനം രാഷ്ട്രീയവാഗ്ദാനമായി നിലനില്‍ക്കുന്നതിനാല്‍ ആ വകുപ്പിലും മണ്ണുവില ഉയരുന്നുണ്ട്. നാലഞ്ചോണം പൊടിപൊടിക്കാനുള്ള പണം സര്‍ക്കാര്‍ സമ്പാദിക്കുമെന്നുറപ്പ്. തെലുങ്കുനാട്ടില്‍ ഓണമില്ലത്തതിനാല്‍ കാണവും ലാഭം!
കൂര വിറ്റും കാറുവാങ്ങണം
മാനുഷരെല്ലാരും ഒന്നു പോലെ എന്നത്രേ വേദവാക്യം. സര്‍ക്കാരിനു ഇത്തരം പുലികളികളാവാമെങ്കില്‍ ഓണംകേറാമൂലയിലെ കീഴാളര്‍ക്കുമാവാം അല്‍പ്പം തമാശയൊക്കെ. ഇതാ മറ്റൊരു ഭൂമിക്കഥ.
ഷംഷാബാദില്‍ വിമാനത്താവളനിര്‍മാണം തുടങ്ങിയശേഷം ഭൂമിതേടിവരുന്നവര്‍ ചാക്കു നിറയെ പണവുമായാണ് ലാന്‍്റ്റ് ചെയ്യുന്നതെന്ന് സ്വകാര്യം. നല്ല ഉഗ്രന്‍ ചാക്കു തന്നെയാണ്, വിശേഷണത്തില്‍ അതിശയോക്തി തീരെയില്ല. വന്‍പണം കണ്ടു അതിശയിച്ചുപോയത് ആ ദേശത്തിനരികെ മഹേശ്വരത്തുള്ള ലംബാഡികളാണ്. കൂരകളില്‍ അന്തിയുറങ്ങുന്നെങ്കിലും ഈ കൂട്ടരില്‍ മിക്കവര്‍ക്കും ഏക്കറുകള്‍ സ്വന്തമായുണ്ട്. ആവശ്യക്കാര്‍ കൂടിയപ്പോള്‍ സസന്തോഷം സ്വന്തം മണ്ണു വിറ്റവര്‍ പണച്ചാക്കു വാങ്ങിയെങ്കിലും അതു കുടിലുകളില്‍ സൂക്ഷിക്കുന്നതിന്റെ സുരക്ഷ തലവേദനയായി മാറിക്കൊണ്ടിരുന്ന കാലത്താണ് ആരോ അവര്‍ക്കു പുത്തന്‍ ആശയം കൊടുത്തത്.
അങ്ങനെ മഹേശ്വരം കാറുകളുടെ ദേശമായി. ഒരു കൂരയും മുന്നിലൊരു വമ്പന്‍ കാറും ഇന്നിവിടത്തെ ലംബാഡികളുടെ ആര്‍ഭാടം. പല നാല്‍ക്കാലിയ്ക്കും താല്‍ക്കാലിക രജിസ്ട്രേഷന്‍ നമ്പറുകള്‍. ലക്ഷാധിപതിയായവര്‍ വമ്പന്‍ സദ്യയൊരുക്കുമ്പോള്‍ അയല്‍പക്കത്തെ മണ്‍പാതയിലൂടെ പുത്തന്‍ കാറുകള്‍ പായുന്നു.
54 ഏക്കര്‍ 30 ലക്ഷം രൂപയ്ക്കു വീതം വിറ്റ ഹനുമയെന്ന ലംബാഡി ഒരു വെള്ള റ്റാറ്റ സുമോ വാങ്ങി. മാരുതി സെന്നും അക്സെന്റും ഓപ്ട്രയും സ്വന്തമാക്കിയ ലംബാഡികള്‍ ഇപ്പോള്‍ അതോടിക്കാന്‍ പരിശീലിക്കുന്നതിന്റെ പെടാപ്പാടിലാണ്. ഭര്‍ത്താവു കാറോടിച്ചു തുടങ്ങിയിട്ടു ആദ്യമായി ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കും എന്നു സ്വപ്നം കാണുന്ന ലംബാഡിയുവതിയിലൂടെ മാനുഷര്‍ സര്‍വ്വരും ഒന്നാവുകയാണ്. രാജാധിരാജനു മുതല്‍ പ്രജയ്ക്കു വരെ വികസനത്തിന്റെ സ്വപ്നങ്ങള്‍ സമ്മാനിക്കുന്ന സമത്വസുന്ദരഭൂമി(വില്‍പന)യ്ക്കു പെരുത്ത നന്ദി!
ആകാശപ്പാതകള്‍
ഭൂമിയില്‍ റോഡിനിടമില്ലാതാവുമ്പോള്‍ കാറുകള്‍ ആകാശത്തിലൂടെ ചരിക്കും. പുത്തന്‍ വിമാനത്താവളത്തെ നഗരഹൃദയത്തിലേയ്ക് ബന്ധിപ്പിക്കാന്‍ വെറും 26 മാസത്തിനുള്ളില്‍ വരുന്നു ഒരു ആകാശപ്പാത. 2009-ല്‍ വിമാനങ്ങള്‍ പുതിയ മേടയില്‍ പറന്നിറങ്ങുമ്പോഴേക്കും ഫ്ലൈ ഓവറും തയ്യാറാവുമെന്നാണ് വികസനത്തിന്റെ പര്യായമായ ഹുഡയുടെ വിശ്വാസം.
നഗരമദ്ധേയുള്ള മേദിനീപട്ടണത്തില്‍ തുടങ്ങി ഇന്നര്‍ റിംഗ് റോഡും ദേശീയപാതയും ചുംബിച്ചു നീളുന്ന ഈ നാലുവരി ആകാശപ്പാത ഇന്ത്യാമഹാരാജ്യത്തെ ഏറ്റവും വലിയ ഫ്ലൈ ഓവറായിരിക്കും. 11.63 കിലോമീറ്റര്‍ നീളമുള്ള ഈ പാതയിലൂടെ ഒന്നരമണിക്കൂര്‍ യാത്രയെ കേവലം 20 മിനുറ്റായി ചുരുക്കാനാവെമെന്നാണ് പ്രതീക്ഷ.
നഗരത്തിലെ പ്രധാനകേന്ദ്രങ്ങളായ ഹൈടെക് സിറ്റിയില്‍ നിന്നും ബഞ്ചാര ഹില്‍സില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള യാത്ര അതോടെ സുഗമമാവും. 439 കോടി രൂപ നിര്‍മാണച്ചെലവു പ്രതീക്ഷിക്കുന്ന് ഈ പാതയുടെ പണി ഈ മാസം തന്നെ ആരംഭിക്കും.
ഇനി: ഓലക്കുടയും കാശുമാലയുമൊക്കെ മാറ്റിവെച്ച് ഓപല്‍ ആസ്ത്രയും കൊക്കകോളയും ചാക്കു നിറയെ പൊന്‍പണവുമായി വന്നാല്‍ നമ്മുടെ മാവേലിക്കും കിട്ടും ആന്ധ്രയിലെ മൂന്നടി മണ്ണ്. തരം പോലെ വാമനനു മറിച്ചു വില്‍ക്കുകയോ ചിപ്സുകട തുടങ്ങുകയോ അസുരന്മാര്‍ക്കൊരു വിസാകേന്ദ്രം കെട്ടിപ്പൊക്കുകയോ ചെയ്യാം. 3006-ലെങ്കിലും നമുക്കു വേണ്ടേ ഒരു സ്മാര്‍ട്ട് സിറ്റിയും ലേലം വിളിയുമൊക്കെ?