ആന്ധ്രാക്കത്ത്‌

മാവേലിനാടില്‍ മാസം തോറും പ്രത്യക്ഷപ്പെടുന്ന ആന്ധ്രാവിശേഷങ്ങള്‍

My Photo
Name:
Location: New Delhi, India

14.9.06

പ്രവാസികളുടെ പ്രയാസങ്ങള്‍

January 2006

തരമൊത്തിരുന്നേല്‍ ഹൈദരാബാദിലൊരു ഹര്‍ത്താല്‍ നടത്തിയേനെ നമ്മുടെ സ്വദേശി പ്രവാസികള്‍. ജനുവരി രണ്ടാം വാരം ആന്ധ്രാതലസ്ഥാനിയില്‍ നടമാടിയ നാലാമത്‌ ഭാരതീയ പ്രവാസി ദിവസ്‌ വെറുമൊരു പ്രഹസനമായിരുന്നെന്നാണ്‌ ചില ഗള്‍ഫ്‌ മലയാളികളുടേയും അവരുടെ സംഘടനകളുടേയും പക്ഷം. കേരളമുഖ്യന്‍ ഉമ്മച്ചന്‍ അങ്ങനൊന്നും പറഞ്ഞു കേട്ടില്ല. മാത്രവുമല്ല, ഇന്ത്യന്‍ വംശജരുടെ വിദേശിപ്പണം വാരാന്‍ ചാക്കുമായി വന്ന മറ്റു മുഖ്യന്മാരുയൊപ്പം കൂടി മോശമില്ലാതെ സ്വന്തം വേഷമാടുകയും ചെയ്തു കുഞ്ഞൂഞ്ഞ്‌. സര്‍ക്കാരിന്റെ വിദേശമലയാളിവകുപ്പിന്റെ(നോര്‍ക്ക) ഭാരവാഹികളുമുണ്ടായിരുന്നു കൂട്ടിന്‌.

മുംബൈയും ദില്ലിയും കടന്ന്‌ ബാംഗ്ലൂരും ചെന്നൈയും പോകാതെ പ്രവാസി സമ്മേളനം ഹൈദരാബാദിലെത്തുകയായിരുന്നു, ഈ നാലാം പതിപ്പിന്‌. ഏറെ വിദേശികള്‍ ഇവിടെ വിമാനമിറങ്ങിയെന്നു മാത്രമല്ല, തെലുങ്കന്‍ പ്രവാസിയായ ഇഫ്‌തികര്‍ അഹമ്മദ്‌ ഷരീഫ്‌ ഇന്ത്യയിലെ ആദ്യത്തെ ഇരട്ടപൌരനായി. ഒരു പൌരത്തി കൂടെയുണ്ട്‌: പോര്‍ട്ട്‌ലന്റിലെ ഇന്റല്‍ എക്സിക്യൂട്ടീവായ നിവൃതി റായ്‌. ഓവര്‍സീസ്‌ സിറ്റിസണ്‍ഷിപ്പ്‌ ഓഫ്‌ ഇന്ത്യ എന്ന ഈ സ്മാര്‍ട്ട്‌ പദ്ധതി നിലവില്‍ വന്നതോടെ പ്രവാസികള്‍ കൂടുതല്‍ ഭാരതീയരാകും. ഇതുകൂടാതെ മറ്റേറെ പ്രവാസിക്ഷേമപദ്ധതികളും പ്രഖ്യാപിച്ചു സമ്മേളനം ഉത്ഘടിച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌.

പ്രതീക്ഷകള്‍ പ്രസ്താവനകള്‍

ഇന്ത്യന്‍ വംശജരുടെ ഇടയില്‍ പാരസ്പര്യം വളര്‍ത്തുന്നതിനായി പ്രവാസി ഇന്ത്യന്‍ വിജ്ഞാനശൃംഖല ആരംഭിക്കുമെന്ന്‌ സര്‍ദാര്‍ജി വാക്കുതന്നു. ആഗോളതലത്തില്‍ ഇന്ത്യയുടെ പെരുമ വളര്‍ത്തുന്നതില്‍ പ്രവാസികള്‍ക്കുള്ള പങ്ക്‌ പ്രധാനമാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. അന്യദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വംശജരായ പ്രൊഫഷണലുകളുമായി പങ്കാളിത്തം സ്ഥാപിക്കാന്‍ കഴിഞ്ഞാലെ അവരുടെ അറിവു നമ്മുടെ നാടിനു വേണ്ടി ഉപയോഗിക്കാന്‍ കഴിയൂ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അങ്ങനെയൊക്കെ സര്‍വ്വഗുണസമ്പന്നരായ പ്രവാസികളെ നാട്ടിലേക്കാകര്‍ഷിക്കാന്‍ ഉദാരമായ ഇന്‍ഷുറന്‍സ്‌, വിദേശയാത്ര നിബന്ധനകളില്‍ ഇളവുകള്‍, നിക്ഷേപസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി എന്നിങ്ങനെ ഏറെ ആനുകൂല്യങ്ങള്‍ സമ്മേളനവേദിയില്‍ പ്രഖ്യാപിക്കപ്പെട്ടു.

ആസൂത്രണമുഖ്യന്‍ മൊണ്ടെക്‌ സിംഗ്‌ ആലുവാലിയയുടെ കാര്‍മികത്വത്തില്‍ ആറു സംസ്ഥാനങ്ങളിലെ മുഖ്യന്മാര്‍ സ്വന്തം ദേശത്തിന്റെ മഹത്വം വിളമ്പുന്നൊരു ചര്‍ച്ചയുണ്ടായിരുന്നു സമ്മേളനത്തില്‍. വിജയിക്കുന്നവര്‍ക്ക്‌ പ്രവാസിയുടെ സ്വകാര്യനിക്ഷേപങ്ങളുടെ വമ്പന്‍ ശേഖരം സമ്മാനം. ബീഹാറില്‍ ഈയിടെ സ്ഥാനാരോഹിതനായ നിതീഷ്‌ കുമാര്‍ നൂറുമേനി കൊയ്യാവുന്ന കാര്‍ഷികമേഖലയേയും ജമ്മു കാശ്മീര്‍ മുഖ്യന്‍ ഗുലാം നബി ആസാദ്‌ 20,000 മെഗാവാട്ട്‌ വൈദ്യുതിയേയും ആന്ധ്രാരാജന്‍ രാജശേഖരന്‍ വിവരസാങ്കേതികവിദ്യയേയും മുന്‍നിര്‍ത്തിയാണ്‌ ആളെപ്പിടിച്ചത്‌. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന ശീര്‍ഷകവുമായാണ്‌ ഗുജറാത്തെത്തിയതെങ്കില്‍ താരങ്ങളുടെ തോളില്‍ കൈയിട്ടുവന്ന്‌ മഹാരാഷ്ട്ര മുഖ്യമന്ത്രി സിനിമാസ്റ്റൈലില്‍ രംഗപ്രവേശം ചെയ്തു.

മൂലധനം മാത്രം ലക്ഷ്യം വെച്ച്‌ വന്ന മറ്റു മുഖ്യന്മാരില്‍ നിന്നും ഉമ്മന്‍ചാണ്ടിയെ വ്യത്യസ്തനാക്കിയതും അതു തന്നെ. നിക്ഷേപങ്ങളെക്കുറിച്ചല്ല ഗള്‍ഫിലെ പ്രവാസികള്‍ക്ക്‌ നാട്ടിലേക്കു പറക്കാനുള്ള സൌകര്യക്കുറവുകളെക്കുറിച്ചാണ്‌ അദ്ദേഹം വാചാലനായത്‌. അതിനു കാരണം കേരളം മുന്നോട്ടു വെയ്ക്കുന്ന എയര്‍ കേരള പദ്ധതിയാണോ എന്നു മാത്രം സംശയം. എന്തായാലും ഗള്‍ഫ്‌ മലയാളീസ്‌ കൈയ്യടിച്ചു സ്വീകരിച്ചു കൊച്ചുകേരളത്തിന്റെ സ്വന്തം പുഷ്പകവിമാനസ്വപ്നങ്ങള്‍.

സര്‍ദാര്‍ജിയുടെ മറ്റൊരു ശ്രദ്ധേയമായ വാഗ്ദാനം ഗള്‍ഫ്‌ പ്രവാസികള്‍ക്ക്‌ വോട്ടവകാശം നല്‍കുമെന്നതായിരുന്നു. ഈ തീരുമാനത്തെ ഗള്‍ഫ്‌വാസികള്‍ ഒന്നടങ്കം സ്വാഗതം ചെയ്തെന്നു മാത്രമല്ല മറ്റു രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ തങ്ങള്‍ക്കു കൂടി വോട്ടവകാശം വേണമെന്ന്‌ ആവശ്യപ്പെട്ടു. മാസങ്ങളോളം പല ആവശ്യങ്ങള്‍ക്കായി ജന്മനാട്‌ സന്ദര്‍ശിക്കുന്ന പല പ്രവാസികള്‍ക്കും വോട്ടവകാശം ജന്മാവകാശമാണ്‌. പാര്‍ലമെന്റില്‍ ഒന്നുരണ്ട്‌ പ്രവാസി എം.പി.മാരുണ്ടെങ്കില്‍പ്പോലും അധികപ്പറ്റാവില്ലെന്നിരിക്കെ, വോട്ടവകാശമെങ്കിലും ദാനം ചെയ്യാന്‍ സര്‍ക്കാര്‍ തയാറായാല്‍ വളരെ ഉപകാരപ്രദമാവുമെന്നായിരുന്നു പല പരദേശികളുടേയും പക്ഷം.

ഗള്‍ഫിലുള്ള 36 ലക്ഷം ഇന്ത്യക്കാരില്‍ പകുതിയും മലയാളികളാണ്‌. അതിനാല്‍ വോട്ടവകാശം ഏറെ സാധ്യതകള്‍ നല്‍കുന്നതും കേരളത്തിനായിരിക്കും. എന്നാല്‍ ഇതല്ലാതെ കേരളത്തിനു മറ്റു പറയത്തക്ക വരങ്ങളൊന്നും ലഭിച്ചില്ല അര ഇന്ത്യക്കാരുടെ ഈ നാലാം കൂട്ടായ്മയില്‍.

ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നും വ്യതസ്തമായി പ്രവാസി മലയാളികള്‍ നാടിനോടു കൂറുള്ളവരാണ്‌. വിദ്യാഭ്യാസത്തിനോ ഉദ്യോഗത്തിനോ ആയി പുറംലോകങ്ങളിലേക്കു പറക്കുന്ന പലരും അവിടെത്തന്നെ കൂടുകൂട്ടാറാണു പതിവ്‌. വിവാഹം കഴിയുമ്പോള്‍ കൂട്ടാളിയും പ്രവാസിയാകും. എന്നാല്‍ ഗള്‍ഫിലും മറ്റിതരരാജ്യങ്ങളിലും പണിയെടുക്കുന്ന അനേകരുടെ വേരുകള്‍ ഇന്നും കേരളത്തിലാണ്‌. അവരുടെ വിയര്‍പ്പിന്റെ ഒരു പങ്ക്‌ ചെലവാക്കപ്പെടുന്നതും നിക്ഷേപിക്കപ്പെടുന്നതും ജന്മനാട്ടിലാണ്‌.

പക്ഷെ 1,200ഒോളം പ്രവാസികള്‍ തലകാണിച്ച സമ്മേളനത്തില്‍ മലയാളിപ്രാതിനിധ്യം തീരെ കുറവായിരുന്നു. രജിസ്ട്രേഷന്‍ ഫീസും യാത്രാകൂലിയുമൊക്കെക്കൂടി വന്‍ തുകയാവുമെന്നതിനാലാണ്‌ അതു സംഭവിച്ചതെന്നാണ്‌ പൊതുസംസാരം. ഗള്‍ഫ്‌ മലയാളികളേ ഇതിലേ ഇതിലേ എന്നു പാടുന്നൊരു സര്‍ക്കാര്‍ നമുക്കുണ്ടായിട്ടെന്തു കാര്യം?

മറുപുറം

സ്വദേശികളുടെ ചെലവില്‍ ഒരു വിദേശസമ്മേളനം. തീനും കുടിയും ആട്ടവും പാട്ടും കുറച്ചു കരാറുകളും കച്ചവടവും ഒക്കെയായി അതങ്ങു തീര്‍ന്നു, പരിഭവങ്ങള്‍ ബാക്കിവെച്ച്‌. സംഘാടകരുടെ കഴിവുകേടുകള്‍ മറക്കാം. അതീയിടെയായി ഒരു സര്‍വ്വസമ്മേളനപ്രക്രിയയാണ്‌.

പ്രവാസി ഭാരതീയ സമ്മാന്‍ ലഭിച്ച 11 പേരില്‍ നരേന്ദ്രമോഡിയുടെ ഉറ്റതോഴനുമുണ്ടെന്നാരോപിച്ച്‌ ഒരു കൂട്ടര്‍ സമാപനചടങ്ങ്‌ ബഹളമയമാക്കി. പ്രസിഡന്റ്‌ അബ്ദുള്‍ കലാമും മൌറിഷ്യസ്‌ വൈസ്‌ പ്രസിഡന്റ്‌ അബ്ദുല്‍ റൂഫ്‌ ബന്തനുമുള്‍പ്പടെ ഏറെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. സമ്മേളനം മൊത്തതില്‍ പരാജയമായിരുന്നെന്നാണ്‌ പല പ്രവാസികളുടേയും പരാതി. പ്രവാസികളുടെ പ്രശ്നങ്ങളുടെ ചര്‍ച്ചാവേദിയാകേണ്ടിയിരുന്ന സമ്മേളനം മന്ത്രിമാരുടെ വാചകക്കസര്‍ത്തില്‍ മുങ്ങിപ്പോയെന്നാണ്‌ പരിഭവം.

മാത്രവുമല്ല, പരദേശികളില്‍ പലര്‍ക്കും ഹിന്ദി ഹമാരീ വിദേശഭാഷാ ഹൂം. അതറിയാതെ ചില പ്രഭാഷകര്‍ സുന്ദരമായി മൊഴിഞ്ഞ പലതും പാവം പുതുതലമുറക്കാര്‍ക്ക്‌ തീരെ മനസിലായില്ല. ഗോധ്‌റ മുഖ്യന്‍ നരേന്ദ്രമോഡിയും ലാലുഘാതകന്‍ നിതീഷ്‌ കുമാറും പ്രവാസികളെ ഹിന്ദിചൊല്ലി പേടിപ്പിച്ചവരില്‍ പെടുന്നു.

പക്ഷെ...

സമ്മേളനങ്ങള്‍ നാലു കഴിഞ്ഞിട്ടും പ്രവാസികള്‍ ഭാരതീയരാവാതെ തുടരുന്നു. വോട്ടവകാശമില്ലാത്ത കാശുവാരല്‍ യന്ത്രങ്ങള്‍ മാത്രമായി. എന്നാലും മന്‍മോഹന്റെ മനം മയക്കുന്ന വാഗ്ദാനങ്ങള്‍ ആശാവഹമാണ്‌. ജീവിതം പുതിയ മേച്ചില്‍പുറങ്ങളില്‍ കുടുങ്ങിപ്പോവുമ്പോള്‍ നാടു മറക്കുന്ന ഏറെ പ്രവാസികളുണ്ട്‌. പലരും വിദ്യാസമ്പന്നരും. നാട്ടിലെ വിദ്യാഭ്യാസസ്ഥാപനങ്ങളും സര്‍ക്കാരാശുപത്രികളും ഗവേഷണശാലകളും ആഗോളനിലവാരത്തിലെത്തിക്കാന്‍ സഹായിക്കാന്‍ കഴിയുന്നവരാണവര്‍. അങ്ങനെയുള്ള അവരില്‍ ഒരല്‍പം കൂടി ഉത്തരവാദിത്വബോധമുണ്ടാകാന്‍ പൌരത്വപ്രഖ്യാപനത്തിനും വോട്ടവകാശപ്രതീക്ഷക്കും കഴിഞ്ഞേക്കും.

പരദേശി സമ്മേളനത്തിന്റെ പൊടിപടലങ്ങളൊഴിഞ്ഞപ്പോഴേക്കും കൊടിതോരണങ്ങളും കമാനങ്ങളുമായി വീണ്ടും ഹൈദരാബാദ്‌ അണിഞ്ഞൊരുങ്ങുകയായിരുന്നു. കോണ്‍ഗ്രസ്സ്‌ പ്ലീനറി സമ്മേളനത്തിനെത്തുന്ന ഖദര്‍ധാരികള്‍ക്ക്‌ സ്വാഗതമോതുവാന്‍. ഉമ്മച്ചനും അന്തോണിച്ചനും സോണിയയാന്റിയും ഹൈദരാബാദി ബിരിയാണിക്കുമുമ്പില്‍ ഹാജര്‍. അതിനിടയില്‍ ജോര്‍ജ്ജ്‌ ബുഷ്‌ സായിപ്പിന്റെ സന്ദര്‍ശനപദ്ധതികളും സ്ഥിരീകരിക്കപ്പെട്ടു. ഈ നഗരത്തിനുറക്കമില്ല. ജനുവരിയുടെ 10 ഡിഗ്രി തണുപ്പിലും പുതിയ അതിഥികളെ വരവേല്‍ക്കാന്‍ സദാസന്നദ്ധരായി കാത്തിരിക്കുന്നു ആന്ധ്രയിലെ ഈ സ്വപ്നനഗരി.

ഇനി: പ്രവാസികളുടെ അഞ്ചാം സമ്മേളനത്തിന്‌ വേദിയാകാന്‍ കേരളവും രംഗത്തെന്ന്‌ സ്വകാര്യം. ആന്ധ്രയിലേയും അനന്തപുരിയിലേയും അടിസ്ഥാനസൌകര്യങ്ങള്‍ ആത്മാര്‍ത്ഥമായി താരതമ്യം ചെയ്താല്‍ അതു ദേശദ്രോഹമാവും. കേരളമെന്നു കേട്ടാല്‍ പ്രവാസികളുടെ ചോര തിളക്കുന്നത്‌ പവര്‍കട്ടോ മോട്ടോര്‍ പണിമുടക്കോ കൊണ്ടാവാതിരിക്കട്ടെ!

0 Comments:

Post a Comment

<< Home