ഗേറ്റ്(സു)തുറന്ന് ഐ.ടി. വരുന്നു
ബില്‍ ഗേറ്റ്‌സ് ഒരു തമാശക്കാരനാണ്. തെങ്ങുകയറ്റക്കാരെക്കാള്‍ പത്തിരട്ടി എന്‍ ജിനീയര്‍മാരുള്ള കേരനാട്ടില്‍ ഗേറ്റ്‌സിനെയറിയാത്തവരുണ്ടെങ്കില്‍ അതുമൊരു തമാശയാണ്. വിരല്‍ത്തുമ്പില്‍ വിജ്ഞാനമെത്തിക്കുന്ന വിവരസാങ്കേതികവിദ്യയുടെ ജനകീയനായ ഗോഡ്‌ഫാദര്‍. 85-ഓളം രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന വിസ്‌തൃതമായ മൈക്രോസോഫ്റ്റ് സാമ്രാജ്യത്തിന്റെ അധിപനും ലോകത്തെ ഏറ്റവും ധനികനുമായ വില്ല്യം എച്ച് ഗേറ്റ്‌സ് എന്ന ബില്‍ ഗേറ്റ്‌സ് ഈയിടെ നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയിരുന്നു. ഇ-ഗവേണന്‍സും ഐ.ടി. സാക്ഷരതയുമുള്‍പ്പെടെ ഏറെ വിഷയങ്ങളെക്കുറിച്ച് വാചാലനാവുകയും മഞ്ഞുപെയ്യുന്ന ശൈത്യത്തില്‍ ദില്ലിയിലെ കുടിലുകളില്‍ ക്ഷേമമന്വേഷിച്ചു പോവുകയും ചെയ്തു ഗേറ്റ്‌സ്.
കേന്ദ്രമന്ത്രിമാര്‍ മുതല്‍ ഇന്ത്യന്‍ ബില്‍ ഗേറ്റ്‌സ് എന്‍ ആര്‍ നാരായണമൂര്‍ത്തി വരെ ഗേറ്റ്‌സിനെ വിരുന്നിനു വിളിച്ചു. വി ദേശമൂലധനം കൊതിച്ച് പലദേശത്തെയും മുഖ്യന്മാര്‍ വാതുറന്നു നിന്നു. സമോസയുടെ സ്വാദുനുണഞ്ഞ് ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും കറങ്ങി നടന്നു. ദില്ലി, ബാംഗ്ലൂര്‍, ചെന്നൈ. പക്ഷെ സ്വന്തമായി ഓഫീസുണ്ടായിട്ടും ആന്ധ്രാതലസ്ഥാനിയില്‍ മാത്രം വന്നില്ല, ഏറെച്ചിരിക്കുന്ന മൈക്രോസോഫ്റ്റ് മഹാരാജന്‍. ഒരു പക്ഷെ അതുമൊരു തമാശയാവും. എന്നാലും ഗേറ്റ്‌സിനിന്നും ഏറ്റവും പ്രിയം ഈ നിസാമിന്റെ നഗരത്തെ തന്നെ.
ഗേറ്റ്‌സിന്റെ ഇന്ത്യന്‍ പ്രണയം
1997 മാര്‍ച്ചിലാണ് ഗേറ്റ്‌സ് ആദ്യമായി ഇന്ത്യയിലെത്തുന്നത്. അന്നദ്ദേഹത്തെ താണുവണങ്ങി മൈക്രോസോഫ്‌റ്റിനൊരു കൂടാരം പണിയാന്‍ സ്ഥലം പതിച്ചു നല്‍കിയത് ചന്ദ്രബാബു നായിഡു എന്നൊരു താടിക്കാരന്‍ തെലുങ്കനായിരുന്നു. മൌസെന്നാല്‍ ചുണ്ടെലി മാത്രമല്ലെന്നു ആദ്യം തിരിച്ചറിഞ്ഞ മുഖ്യമന്ത്രിമാരിലൊരാള്‍. അങ്ങനെ ഹൈദരാബാദിലെ ഹൈടെക് സിറ്റിയില്‍ 150 പേരുമായി മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്‌മെന്റ് സെന്റര്‍ ജനിച്ചു.
2000-ഇല്‍ വീണ്ടും വന്ന ഗേറ്റ്‌സ് 14 സംസ്ഥാനങ്ങളിലെ മുഖ്യന്മാരുമായി ചര്‍ച്ച നടത്തി. ഇ-ഗവേണന്‍സിന്റെ സാദ്ധ്യതകളെക്കുറിച്ചു വാതോരാതെ പ്രസംഗിച്ചു. വെള്ളക്കാരന്റെ തമാശകള്‍ കേട്ട് പലരും വെളുക്കെ ചിരിച്ചു, നേരം വെളുത്തപ്പോള്‍ ഒക്കെ മറന്നു. എന്നാല്‍ 2002 എപ്പിസോഡില്‍ വിമാനമിറങ്ങിയ ഗേറ്റ്‌സിന്റെ കീശയില്‍ 500 കോടിയുടെ പുത്തന്‍ നോട്ടുകളുണ്ടായിരുന്നു. അതു മുഴുവന്‍ ഹൈടെക് സിറ്റിയിലെ ഒമ്പതാം നിലയില്‍ നിക്ഷേപിക്കപ്പെട്ടു. നായിഡുവിനു സ്തുതി.
ഇത് 2005. അമേരിക്കയിലെ റെഡ്‌മണ്ട് കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ മൈക്രോസോഫ്റ്റ് സമുച്ചയമുള്ളത് ഹൈദരാബാദിലാണ്. സാങ്കേതികവിദ്യയുടെ നൂതനസാദ്ധ്യതകള്‍ അനാവരണം ചെയ്ത് അതിവേഗം വികസിക്കുകയും പല കാതലായ മന്ത്രങ്ങള്‍(കോഡുകള്‍) വികസിപ്പിക്കുകയും ചെയ്തു ഈ ഗവേഷണശാല. 600-ഒോളം സ്വദേശി മന്ത്രവാദികള്‍ (ഡെവലപ്പേര്‍സ്) ഇപ്പോള്‍ ഇവിടെ വിവരസാങ്കേതിക വിദ്യയുടെ പുത്തന്‍ സങ്കേതങ്ങള്‍ക്കായി രാപ്പകല്‍ അദ്ധ്വാനിക്കുന്നു.
ലളിതമായിപ്പറഞ്ഞാല്‍ പലജാതി മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങളുടെ വികസനമാണ് ഹൈദരാബാദ് സെന്ററില്‍ നടക്കുന്നത്. പലമേഖലയിലുള്ള ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്രദമായ പല ഉല്‍പ്പന്നങ്ങളും ഇതിനോടകം തന്നെ പൂര്‍ണ്ണമായോ ഭാഗികമായോ ഇവിടെ വികസിപ്പിച്ചുകഴിഞ്ഞു. 40 പേറ്റന്റുകള്‍ പെട്ടിയിലാക്കിയ ഈ ഗവേഷണശാലയ്ക്ക് ഉടന്‍ തന്നെ 70 പേറ്റന്റുകള്‍ കൂടെ ലഭിക്കും. യുണിക്‌സ് സിസ്റ്റത്തിനു വേണ്ടി ഇവിടെ വികസിപ്പിച്ചെടുത്ത വിന്‍ഡോസ് സെര്‍വീസസ് ന്യൂയോര്‍ക്കിലെ ലിനക്‌സ് വേള്‍ഡ് കോണ്‍ഫറന്‍സില്‍ ഏറ്റവും നല്ല സിസ്റ്റം ഇന്റഗ്രേഷന്‍ സോഫ്റ്റ്‌വെയറായി തെരഞ്ഞെടുത്തിരുന്നു. ഓഫീസ് മൊബൈ ല്‍, വിഷ്വല്‍ സ്റ്റുഡിയൊ എന്നു തുടങ്ങി ജനപ്രീതിയാര്‍ജ്ജിച്ച ഏേറെ മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങളുടെ പാതിവികസനം ഹൈദരാബാദിലെ ഇന്ത്യക്കാരുടെ കൈമിടുക്കാണെന്ന് പലര്‍ക്കും അറിയാത്ത സ്വകാര്യം. കഴിഞ്ഞ ഒക്‌ടോബറില്‍ ഈ സെന്റര്‍ വിപണിയിലെത്തിച്ച ഡേറ്റ പ്രൊട്ടക്ഷന്‍ മാനേജര്‍ വമ്പന്‍ വിജയമായിരുന്നു. ഏറെ വര്‍ഷങ്ങളായി ഐ.ടി. പ്രൊഫഷണലുകള്‍ക്ക് തലവേദനയായിരുന്നു വിവരം(ഡേറ്റ) സംരക്ഷിക്കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍. രാപ്പകലദ്ധ്വാനിച്ച് പ്രോഗ്രാം കോഡുകളെഴുതിക്കഴിയുമ്പോഴായിരിക്കും കമ്പ്യൂട്ടര്‍ പണിമുടക്കുക. അതോടെ, ചെയ്ത ജോലിയെല്ലാം സ്വാഹ.
പൊടിപോലും ബാക്കിവെക്കാതെ അകാലചരമമടയുന്ന ഇത്തരം ഫയലുകളേയും മന്ത്രങ്ങളേയും സംരക്ഷിക്കുക എന്നതായിരുന്നു പുത്തന്‍ ഉല്‍പ്പന്നത്തിന്റെ ജനനോദ്ദേശ്യം.ഡിസ്കുകളിലധിഷ്ടിതമായ പുതിയ രക്ഷകന് ഏറെ ആരാധകരുണ്ടായി. ഇന്ത്യയിലെ സോഫ്റ്റ്‌വെയര്‍ തലച്ചോറുകള്‍ ആഗോളതലത്തില്‍ കിടപിടിക്കാന്‍ കെല്‍പ്പുള്ളതാണെന്നതിന് തെളിവുകൂടിയായിരുന്നു അത്. സീതാരാമന്‍ ഹരികൃഷ്ണന്‍ എന്ന സംഘത്തലവന്റെ അഭിപ്രായം കടമെടുത്താല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ മാനേജറിന്റെ വികസനത്തോടെ ഹൈദരാബാദിലെ ഗവേഷണശാല മൈക്രോസോഫ്റ്റിന്റെ അവിഭാജ്യഘടകമായി. ഐ.ടി. രംഗത്തെ ഇന്ത്യന്‍ മുന്നേറ്റവും ഇതോടൊപ്പം തന്നെയുണ്ടായി.
അതുകൊണ്ടുതന്നെ ഇത്തവണത്തെ വരവില്‍ ബില്‍ ഗേറ്റ്‌സ് വാഗ്ദാനം ചെയ്ത 7,858 കോടി രൂപ മൂലധനത്തിന്റെ പകുതിയും ഹൈദരാബാദിലേക്കു വണ്ടി കയറും. ഇപ്പോള്‍ എകദേശം 35 വിവിധ ഉല്‍പ്പന്നങ്ങളും സാങ്കേതികതന്ത്രങ്ങളും വികസിപ്പിക്കുന്ന ഈ ഗവേഷണശാല മിടുക്കരായ ഇന്ത്യന്‍ 'മന്ത്രവാദികള്‍ക്ക്' സ്വാഗതമേകുമെന്നു ചുരുക്കം. ഇത്തവണത്തെ വരവില്‍ ബില്‍ ഗേറ്റ്‌സ് നയം വ്യക്തമാക്കുകയും ചെയ്തു.
കോഡ്4ബില്‍
ബില്‍ ഗേറ്റ്‌സിനായൊരു മന്ത്രം. അതെഴുതാന്‍ തയ്യാറുണ്ടോ? എങ്കില്‍ മൈക്രോസോഫ്‌റ്റ് ആസ്ഥാനമായ സിയാറ്റിലിലേക്ക് സ്വാഗതം. ബാംഗ്ലൂരിലെത്തിയ ബില്‍ ഗേറ്റ്‌സിന്റെ പ്രഖ്യാപനമിതായിരുന്നു. ഇന്ത്യയൊട്ടുക്കുള്ള സോഫ്റ്റ്‌വെയര്‍ പ്രതിഭകളെ വേട്ടയാടിപ്പിടിക്കാന്‍ എട്ടുമാസം നീളുന്ന പരീക്ഷകളും പരീക്ഷണങ്ങളും. ഒടുവില്‍ ഇരുപത് മിടുക്കന്മാര്‍ക്ക് മൈക്രോസോഫ്‌റ്റ് പ്രോഡക്‌ട് ഡെവലപ്‌മന്റ് റിസര്‍ച്ച് ടീമില്‍ ചേരാനവസരം. ഒരു മിടുമിടുക്കന് ഗേറ്റ്‌സിന്റെ സ്വന്തം സംഘത്തില്‍ സ്ഥിരമായി ജോലിയും . ഏതെങ്കിലും വിസയില്‍ എങ്ങനെയെങ്കിലും അമേരിക്കയിലെത്താന്‍ കൊതിക്കുന്ന ഏറെ സോഫ്റ്റ്‌വെയര്‍ ചേട്ടന്മാരുള്ള നമ്മുടെ നാട്ടില്‍ സ്വപ്നങ്ങള്‍ ഒന്നുകൂടി ഹൈടെകാവാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം?
ഇതുകൂടാതെ അടുത്ത മൂന്നുനാലു വര്‍ഷത്തിനുള്ളില്‍ മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ 3,000 ഐ.ടി. പ്രൊഫഷണലുകളെക്കൂടി റിക്രൂട്ട് ചെയ്യും. ഇപ്പോള്‍ 4,000ത്തില്‍ നിന്നും കമ്പനിയിലെ ഇന്ത്യന്‍ ജനസംഖ്യ 7,000 ആയി ഉയര്‍ത്താനാണ് ഗേറ്റ്‌സിന്റെ പദ്ധതി. പാവപ്പെട്ടവര്‍ക്കു കൂടി താങ്ങാവുന്ന തരത്തിലുള്ള സോഫ്റ്റ്‌വെയറുകളുണ്ടാക്കുന്നതിനുള്ള പദ്ധതിയായിരിക്കും ഗേറ്റ്‌സിന്റെ അജണ്ടയിലടുത്തത്. പുതുവര്‍ഷാരംഭത്തില്‍ തന്നെ ബാംഗ്ലൂരില്‍ ഒരു ഇന്നവേഷന്‍ സെന്ററും ആരംഭിക്കും.
13ം വയസ്സില്‍ കമ്പ്യൂട്ടറില്‍ കളി തുടങ്ങിയ ബില്‍ ഗേറ്റ്‌സിന്റെ കുസൃതികളുടെ ഫലമാണ് ഇന്ന് മുപ്പതാം വയസ്സിലെത്തി, വീണ്ടും മുന്നോട്ടു കുതിക്കുന്ന മൈക്രോസോഫ്റ്റ്. ചെന്നൈയിലും ബാംഗ്ലൂരിലും നടന്ന പല കൂടിക്കാഴ്ചകളും വിരല്‍ ചൂണ്ടുന്നത് ഐ.ടി മേഖലയിലെ സഹകരണമാണ്. വിവരസാങ്കേതികവിദ്യയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനാവശ്യമായ കാര്യങ്ങളായിരിക്കും താന്‍ ചെയ്യുകയെന്ന് പറഞ്ഞ സോഫ്‌റ്റ്‌വെയര്‍ രംഗത്തെ ഈ അതികായന്‍ മന്ത്രിമാരായ മാരനേയും ചിദംബരത്തേയും തലൈവി ജയലളിതയേയും സോണിയാ ഗാന്ധിയേയും കണ്ടു സംസാരിച്ചിരുന്നു.
മറുപുറം
കാര്യമൊക്കെ ശരി തന്നെ, പക്ഷെ വമ്പന്‍ വല വിരിച്ച് ഇര തേടിയിരിക്കുന്ന ഒരു ഹൈടെക് കച്ചവടക്കാരന്‍ കൂടിയാണ് ബില്‍ ഗേറ്റ്‌സ്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മുന്തിയയിനം തലച്ചോറുകള്‍ കണ്ടതുകൊണ്ടു മാത്രമല്ല ഗേറ്റ്‌സിന് ഇവിടം പ്രിയങ്കരമായത്. തൊഴിലാളിക്കും മുതലാളിക്കും ലാഭമുള്ളൊരു വേലയാണ് ഔട്ട്‌സോര്‍സിംഗ്.
അമേരിക്കയില്‍ ഇതേ ജോലിക്കുള്ള കൂലി നാലഞ്ചിരട്ടിയാകും. അതു കൊണ്ട് എങ്ങനെ കളിച്ചാലും കമ്പനി ലാഭിക്കുന്നത് കോടികളാണ് കുറച്ചു കാശു ലാഭിക്കാം. കോടികള്‍. ആയിരക്കണക്കിനു കോടികള്‍. ഇന്ത്യന്‍ ജനകോടികളുടെ അവതാരപുരുഷനായ ഗേറ്റ്‌സ് പറയുന്ന ശമ്പളത്തിനു പണിയെടുക്കാന്‍ ഇവിടുത്തെ മിടുമിടുക്കന്മാര്‍ തയ്യാറാവും. ലേലം വിളിക്കുമ്പോള്‍ ലാഭത്തിനു കിട്ടുന്ന ഐ.ടി. മൃഗങ്ങളാണത്രേ ഇന്ത്യന്‍ യുവാക്കള്‍. ഇതു പറഞ്ഞതും അമേരിക്കയിലെ ഒരു ഇന്ത്യന്‍ സുഹൃത്താണ്. ഒറാക്കിള്‍, ഐ.ബി,എം., യാഹൂ, ഗൂഗിള്‍ തുടങ്ങിയ മറ്റു വമ്പന്‍ ഐ. ടി. കമ്പനികള്‍ ഹൈദരാബാദിലും ബാംഗ്ലൂരുമുണ്ടെന്നിരിക്കെ ഗേറ്റ്‌സിന്റെ മന്ത്രപ്പരീക്ഷയ്ക്ക് അധികം ആരാധകരുണ്ടാവില്ലെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു.
പക്ഷെ...
ആയിരക്കണക്കിന് മദ്ധ്യവര്‍ത്തി ഭാരതീയര്‍ക്ക് ജോലിയും കൈനിറയെ കൂലിയും നല്‍കി ഐ.ടി.യും ഔട്ട്‌സോര്‍സിംഗും. കമ്പ്യൂട്ടര്‍ കമ്പനികളോടൊപ്പം പട്ടണങ്ങളും സംസ്ഥാനങ്ങളും രാജ്യവും വികസിക്കുന്നു. പൂജ്യത്തില്‍ തുടങ്ങിയ ഭാരതീയന്റെ മിടുക്കിനെ ലോകം കൂടുതല്‍ അറിയുന്നു, അംഗീകരിക്കുന്നു. ടൈം മാഗസിന്‍ 2005-ലെ താരമായി തെരഞ്ഞെടുത്ത ബില്‍ ഗേറ്റ്‌സിന് അതിലൊരു ചെറിയ പങ്കെങ്കിലും അവകാശപ്പെടാം. ഹൈദരാബാദിലെങ്കിലും. കൂടാതെ മന്ത്രവാദിയായ സായിപ്പിന്റെ സ്വപ്നം പോലെ ഈ മഹാരാജ്യത്തെ എല്ലാ സന്തതികളും ഒരോ കമ്പ്യൂട്ടര്‍ സ്വന്തമാക്കുന്ന കാലം അടുത്തടുത്തു വരുന്നു.
ഇനി: ഇപ്പോള്‍ വിന്‍ഡോസ് എക്സ്.പി. ഹിന്ദിയിലും തമിഴിലും ലഭ്യം. ഇനിയെങ്കിലും മലയാളീസ് ഗേറ്റ്‌സിനെ ഗൌനിച്ചാല്‍ നമുക്കും കിട്ടാം ഒരു മൈക്രോസോഫ്‌റ്റ് വെണ്ടയ്ക എക്സ്.പി.!
0 Comments:
Post a Comment
<< Home