ആന്ധ്രാക്കത്ത്‌

മാവേലിനാടില്‍ മാസം തോറും പ്രത്യക്ഷപ്പെടുന്ന ആന്ധ്രാവിശേഷങ്ങള്‍

My Photo
Name:
Location: New Delhi, India

14.9.06

പലതുള്ളി കുടിവെള്ളം

November 2005

"അങ്കിള്‍, എന്താണീ ജലയജ്ഞം?" ആന്ധ്രാസംസ്ഥാനത്തു വിരുന്നിനുവന്ന രാഹുല്‍ ഗാന്ധിയെന്ന പുതുമോടിക്കാരന്റെ സംശയം കേട്ട്‌ മുഖ്യന്‍ രാജശേഖരറെഡ്ഡി ആദ്യമൊന്ന്‌ ചിരിച്ചു. പിന്നീട്‌, പൊളാവരം, പോത്തിറെഡ്ഡിപ്പാടു തുടങ്ങിയ കുപ്രസിദ്ധവും അപ്രസക്തവുമായ 30-ഓളം ജലപദ്ധതികളെക്കുറിച്ചൊരു ചെറുവിവരണം. ഇതെല്ലാം കേട്ട്‌ ഗാന്ധിക്കൊച്ചന്‍ കണ്ണുതള്ളി, ആന്ധ്ര വെള്ളത്തിലാവുമോ!

വെള്ളമില്ലെങ്കിലും ആന്ധ്രാസര്‍ക്കാര്‍ ഇപ്പോള്‍ ഒഴുകിനടക്കുകയാണ്‌.46,000 കോടി രൂപ വിഴുങ്ങുന്ന ജലവിതരണ പദ്ധതികള്‍ അഞ്ചുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനുള്ള സ്വപ്നവുമായി രാജശേഖരനും ജലസേചനമന്ത്രി പൊന്നല ലക്ഷ്മൈയ്യയും തെക്കുവടക്കനെ നീന്താന്‍ തുടങ്ങിയിട്ടു കാലം കുറച്ചായി. പ്രതിപക്ഷപ്രമുഖന്മാരായ തെലുഗുദേശവും തെലങ്കാന രാഷ്ട്രസമിതിയും എത്ര തടകെട്ടാന്‍ ശ്രമിച്ചിട്ടും തദ്ദേശസ്ഥാപനഭരണവും സഹകരണസ്ഥാപനഭരണവും കൈക്കലാക്കിക്കൊണ്ട്‌ രാജശേഖരന്റെ ജലനയം വിജയകരമായി മുന്നോട്ടു നീങ്ങുന്നു. അതിനിടെ, ചന്‍ഢിഗറില്‍ നടന്ന കോണ്‍ഗ്രസ്സ്‌ മുഖ്യന്മാരുടെ സമ്മേളനത്തില്‍ മന്മോഹന്‍ ജിയും സോണിയാജിയും രാജശേഖരന്റെ ജലസേചനപദ്ധതികളെ വാനോളം പ്രശംസിക്കുകയും മറ്റു മുഖ്യന്മാരോടു കണ്ടുപടിക്കാന്‍ പറയുകയും ചെയ്തു. ഇനി വേറെന്തു വേണം!

ജലമെന്തിന്‌?

സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്നു മൂന്നു വാക്യം: "ഗോദാവരി, കൃഷ്ണ, പെന്നാര്‍, വംശധാര എന്നു തുടങ്ങി ഏറെ പുഴകളാല്‍ അനുഗ്രഹീതമാണ്‌ ആന്ധ്രാദേശം. ഈ സംസ്ഥാനത്തെ ജലസേചനത്തിന്റെ ചരിത്രം നാട്ടുപ്രമാണിമാരും രാജാക്കന്മാരും നിര്‍മ്മിച്ച കൃത്രിമതടാകങ്ങളില്‍ നിന്നും ശുദ്ധജലവിതരണസംവിധാനത്തില്‍ നിന്നും ആരംഭിക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷം വന്ന എല്ലാ സര്‍ക്കാരുകളും ജലവിതരണമേഖലക്കു എന്നും അര്‍ഹമായ പരിഗണന നല്‍കിയിരുന്നു." പൂര്‍വ്വപദ്ധതികളുടെ ഗുണനിലവാരകണക്കുകളുമുണ്ട്‌ സൈറ്റില്‍. ഇല്ലാത്തത്‌ പട്ടിണികാരണം കീടനാശിനി കുടിച്ചു ജീവനൊടുക്കിയ കര്‍ഷകരുടെ കണക്ക്‌ മാത്രം!

രാജസ്ഥാനും ഗുജറാത്തും പോലെ വേനലിന്റെ ദുരന്തമുഖം അനുഭവിക്കുന്ന മറ്റൊരു സംസ്ഥാനമാണ്‌ ആന്ധ്ര. 23-ല്‍ 18 ജില്ലകളും വരള്‍ച്ചബാധിതര്‍. വേനലാകുമ്പോഴേക്കും പുഴകളും കിണറുകളും വറ്റിവരളുന്നു. ഭൂഗര്‍ഭജലം വിവേചനപൂര്‍വ്വം ഉപയോഗിക്കാനും പരിപാലിക്കാനും സംവിധാനമില്ലാത്തതിനാല്‍ എത്ര ആഴത്തില്‍ കുഴിച്ചാലും ഒരു തുള്ളി വെള്ളം പോലുമില്ല. കുടിവെള്ളത്തിന്റെ കാര്യം പറയുകയും വേണ്ട. ലക്ഷക്കണക്കിനാളുകള്‍ കൂട്ടമായി മറ്റു പ്രദേശങ്ങളിലേക്ക്‌ കുടിയേറുന്നു. ആയിരക്കണക്കിന്‌ കന്നുകാലികള്‍ ചത്തൊടുങ്ങുന്നു. 57 വര്‍ഷത്തെ സ്വാതന്ത്ര്യവും പഞ്ചവല്‍സരമുള്‍പ്പെടെ ഏറെ പദ്ധതികളുമുള്ള ഒരു രാജ്യത്തിന്റെ ദുഖം പാവം നാല്‍ക്കാലികള്‍ക്കറിയില്ലല്ലോ!

അനന്തപൂര്‍, കര്‍ണൂല്‍, കടപ്പ, ചിറ്റൂര്‍ എന്നിവയുള്‍പ്പെടുന്ന റായലസീമയില്‍ ഒരു വര്‍ഷം ആകെ കിട്ടുന്ന മഴ 16 മുതല്‍ 40 ഇഞ്ച്‌. പക്ഷെ അതുമുഴുവന്‍ ചെറിയൊരു സമയപരിധിയില്‍ പെയ്തുതീരുന്നു. ഫലം: ഒരു വലിയ വെള്ളപ്പൊക്കവും എട്ടുപത്തുമാസം വരള്‍ച്ചയും. വേനലില്‍ അനുഗ്രഹമാകുന്ന ജലസംഭരണികള്‍ വരെ വെള്ളപ്പൊക്കത്തില്‍ നശിക്കും. വീടുകളുടേയും റോഡുകളുടേയും കാര്യം തഥൈവ. ശേഷം കഥയില്‍ കൃഷിനാശവും പട്ടിണിയും മരണവും.

വെള്ളം വില്ലനാകുന്ന ഈ രണ്ടു പ്രശ്നങ്ങള്‍ക്കും നടുവിലാണ്‌ ആന്ധ്ര സര്‍ക്കാര്‍. വെള്ളപ്പൊക്കവും വരള്‍ച്ചയും നേരിടാന്‍ ഒട്ടനേകം കോടികള്‍ ഈയടുത്തകാലത്തായി വെള്ളത്തിലായിട്ടുണ്ട്‌. ഒന്‍പതുവര്‍ഷഭരണത്തിനിടെ തെലുഗുദേശം ജലസേചനത്തിനായി 10,348 കോടി രൂപ മുടക്കിയെന്നും കോണ്‍ഗ്രസ്സ്‌ 18 മാസത്തിനുള്ളില്‍ അത്രതന്നെ ചെലവാക്കിയെന്നും മുഖ്യന്‍ പറയുന്നു. വെള്ളത്തിന്റെ വിലയേ! എന്നാല്‍ ഇന്നോളം സ്ഥിരമായൊരു പരിഹാരത്തിന്റെ പൊടിപോലുമായില്ലെന്നു മാത്രം.

അതുകൊണ്ടാണ്‌ രാജശേഖരന്‍ മുണ്ടും മടക്കിക്കുത്തി ജലസേചനത്തിനിറങ്ങിയത്‌. അടുത്ത തെരഞ്ഞെടുപ്പിനുമുമ്പ്‌ 65 ലക്ഷം ഏക്കറുകളില്‍ക്കൂടി വെള്ളമെത്തിക്കുമെന്നാണ്‌ രാജശപഥം. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ മൊത്തം 136 ഏക്കറുകളില്‍ മാത്രമാണ്‌ ജലമെത്തിയതെന്നോര്‍ക്കുമ്പോള്‍ മുഖ്യന്റെ സ്വപ്നമൊരു യജ്ഞം തന്നെ. ജലയജ്ഞം.

കൃഷിയിലടിസ്ഥിതമായ ഒരു സമ്പദ്‌വ്യവസ്ഥയാണ്‌ ഈ സംസ്ഥാനത്തിനുള്ളത്‌. നെല്ല്, നിലക്കടല, പുകയില, പഞ്ഞി, മുളക്‌, കരിമ്പ്‌ എന്നു തുടങ്ങി ആന്ധ്രാവിളകളുടെ പട്ടികയും നീണ്ടതാണ്‌.കണക്കില്ലാതെ കാലം തെറ്റിപ്പെയ്യുന്ന പെരുമഴയല്ലാതെ കര്‍ഷകര്‍ക്കു തുണയാവാന്‍ കെല്‍പ്പുള്ളൊരു പദ്ധതിയാണ്‌ ഇപ്പോള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്‌. കൃഷിയിടങ്ങള്‍ക്കു മാത്രമല്ല, വൈദ്യുതിയുല്‍പ്പാദിപ്പിക്കാനും ശുദ്ധജലവിതരണത്തിനും വ്യവസായാവശ്യങ്ങള്‍ക്കും വെള്ളം ലഭ്യമായേതീരൂ.

ഇത്രയും ബൃഹത്തായൊരു ജലവിതരണപദ്ധതി ഭാരതത്തിലാദ്യമായാണ്‌. 2006ന്റെ വിളവെടുപ്പാകുമ്പോള്‍ തന്നെ തോട്ടപ്പള്ളിയും പുഷ്കരവുമുള്‍പ്പടെ എട്ടുപദ്ധതികള്‍ പൂര്‍ത്തിയാകുകയും 1.30 ലക്ഷം ഏക്കര്‍ പാടങ്ങളില്‍ക്കൂടി വെള്ളമെത്തുകയും ചെയ്യും. എന്നാല്‍ 13 പദ്ധതികള്‍ക്കുമാത്രമേ ഇതുവരെ കേന്ദ്രന്‍ അനുമതി നല്‍കിയിട്ടുള്ളൂ. എങ്കിലും കനാലുകളുടേയും അണക്കെട്ടുകളുടേയും പണി തകൃതിയായി പുരോഗമിക്കുന്നു. അഞ്ചെണ്ണം മെഗാപദ്ധതികളാണ്‌. ഇന്ദിരാസാഗര്‍, ദുമ്മഗുഡം പദ്ധതികളുടെ ഭാഗമായി ഗോദാവരീജലം കൃഷ്ണാനദിയിലേക്ക്‌ വഴിതിരിച്ചുവിട്ട്‌ തെലങ്കാനയിലെത്തിക്കണം. ഒക്കെക്കൂടെ ഒരു വന്‍ തുക ചെലവാകും. 6000 കോടിച്ചില്വാനം ഇക്കൊല്ലത്തെ ബജറ്റിലുണ്ട്‌. ബാക്കി കേന്ദ്രദാനമായും മറ്റു കടങ്ങളായും ലഭിക്കും.

മറുപുറം

ജലപദ്ധതികള്‍ക്കൊപ്പം ഒഴുകുകയാണു വിമര്‍ശനങ്ങളും ആരോപണങ്ങളും. സ്വകാര്യപങ്കാളിത്തമുള്ള ഏറെ പൊതുതാല്‍പര്യഹര്‍ജികള്‍ ഇതിനകം തന്നെ കോടതികയറിക്കഴിഞ്ഞു. അണക്കെട്ടിന്റെ പൊക്കവും പദ്ധതിക്കുള്ള കേന്ദ്രാനുമതിയും അയല്‍സംസ്ഥാനങ്ങളുമായുള്ള നദീജലപങ്കിടലും താരതമ്യേന ചെറിയ പരിഭവങ്ങളാണ്‌. വികസനവും പരിസ്ഥിതിയും തമ്മിലൊരൊത്തുതീര്‍പ്പിന്‌ സര്‍ക്കാരും അദ്ധ്വാനിക്കുന്നു. പലനിറക്കൂറകളുള്ള രാഷ്ട്രീയക്കാരോടൊപ്പം പ്രതിഷേധവുമായി പരിസ്ഥിതിപ്രവര്‍ത്തകരും ഭൂമിനഷ്ടപ്പെടുന്നവരുമുണ്ട്‌. അവരോടൊപ്പം ഇപ്പോള്‍ മേധ പട്‌കറും ചേര്‍ന്നിരിക്കുന്നു.

നര്‍മ്മദാതീരത്തെ ധീരവനിതയുടെ ആകുലതകളില്‍ കുറച്ചു കാര്യമുണ്ട്‌. രാജശേഖരന്റെ ജലസേവനസ്വപ്നം പൂവണിയുമ്പോഴേക്കും പദ്ധതിപ്രദേശത്തെ ആയിരക്കണക്കിനു ആദിവാസികള്‍ ഭൂരഹിതരാകും. അവര്‍ക്കെല്ലാവര്‍ക്കും ഭൂമി പതിച്ചു നല്‍കാമെന്ന് മുഖ്യന്‍ ആണയിടുന്നുണ്ടെങ്കിലും ഒക്കെ സര്‍ക്കാര്‍ കാര്യമല്ലേ. കണ്ടുതന്നെ അറിയാം. വീടും കുടിയും നഷ്ടപ്പെട്ടവരെ അതാതു ജില്ലകളില്‍ തന്നെ പുനരധിവസിപ്പിക്കും എന്നാണ്‌ രാജശേഖരവാക്യം. മൊത്തം പദ്ധതി ചെലവായ 900 കോടിയുടെ പകുതി ഇതിനായും മറ്റു പരിസ്ഥിതിപ്രശ്നങ്ങളുടെ പരിഹാരത്തിനായും വിനിയോഗിക്കുമെന്നും ഔദ്യോഗികമൊഴി.

എന്നാല്‍ പദ്ധതിയില്‍ നിന്നുമുല്‍പ്പാദിപ്പിക്കപ്പെടുന്ന വെള്ളം വൈസാഗിലെ സ്വകാര്യ കമ്പനികള്‍ വീതിച്ചെടുക്കുമെന്നും പാവപ്പെട്ട കര്‍ഷകര്‍ക്കു ലഭിക്കില്ലെന്നുമാണ്‌ മേധയുടെ ആരോപണം. ഒരു ലക്ഷം ഏക്കര്‍ വനഭൂമിയും പാപിക്കൊണ്ട വന്യമൃഗസങ്കേതവും 4,000 ഹെക്ടര്‍ പാടങ്ങളും ജലയജ്ഞത്തില്‍ നാമാവശേഷമാകും. ആദിവാസികളും വന്യജീവികളും കാടുവിടും.

പക്ഷെ...

വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്കു തയ്യാറാകുകയാണ്‌ ആന്ധ്ര. രാജശേഖരന്റെ ജാലവിദ്യകള്‍ ഫലിച്ചാല്‍ ഇനിയുള്ള നാലുവര്‍ഷത്തിനുള്ളില്‍ നായിഡുവിന്റെ ഐ.ടി. ഗാഥയ്ക്കുശേഷം വീണ്ടും ആന്ധ്ര വാര്‍ത്തയാകും. തിരക്കുപിടിച്ചുള്ള യജ്ഞത്തിനിടെ പരിസ്ഥിതിയെയും ഒരുപിടി പാവങ്ങളേയും മുഖ്യന്‍ പരിഗണിക്കുമെന്നു പ്രത്യാശിക്കാം.

ഇനി: ജലസേചനം ജനസേവനമാക്കിയ ഒരു നാടിന്റെ കഥയാണിത്‌. ഏേറെ മഴയും പുഴകളുമുള്ള കേരനാട്ടില്‍ കാശുകൊടുത്തു പാക്കറ്റ്‌ കുടിവെള്ളം വാങ്ങേണ്ട ഗതിവരാതിരിക്കണമെങ്കില്‍ അയല്‍നാട്ടില്‍ നിന്നും ഒരുതുള്ളി പാോോം മോന്താം. അല്ലേല്‍ ചിലപ്പൊ കടല്‍ വെള്ളം കുടിക്കേണ്ടിവരും!

0 Comments:

Post a Comment

<< Home