ആന്ധ്രാക്കത്ത്‌

മാവേലിനാടില്‍ മാസം തോറും പ്രത്യക്ഷപ്പെടുന്ന ആന്ധ്രാവിശേഷങ്ങള്‍

My Photo
Name:
Location: New Delhi, India

14.9.06

ആന്ധ്രയിലൂടെ...

October 2005

വീണ്ടും കോണ്‍ഗ്രസ്സ്‌. 16 മാസത്തെ സംഭവബഹുലമായ ഭരണത്തിനു ശേഷം നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കൈക്കലാക്കി ആന്ധ്രാമുഖ്യന്‍ വൈ എസ്‌ രാജശേഖരറെഡ്ഡി ശക്തി തെളിയിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പു നടന്ന 96 മുനിസിപ്പാലിറ്റികളില്‍ 74 എണ്ണവും 11 കോര്‍പറെഷനുകളില്‍ 9 എണ്ണവും വിജയിച്ച സന്തോഷത്തിലാണു ഭരണപക്ഷപാളയം. നക്സല്‍ നിരോധനം തിരിച്ചടിയാകുമെന്നും തെലങ്കാന പ്രശ്നം തലവേദന സൃഷ്ടിക്കുമെന്നും നിരീക്ഷകര്‍ കണക്കുകൂട്ടിയിരുന്നെങ്കിലും അവസാന വിജയം രാജശേഖരറെഡ്ഡിയുടെയും പാര്‍ട്ടി സംസ്ഥാന തലവന്‍ കേശവറാവുവിന്റെതുമായിരിക്കുന്നു. ഒപ്പം ആന്ധ്രാദേശത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടേതും.

കൊച്ചുകേരളത്തില്‍ ആന്ധ്രയും ഹൈദരബാദും സ്ഥിരമായി വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നതു ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടി ഭരിച്ചിരുന്നപ്പോഴാണ്‌. പുരോഗതിയുടെ ഐ. ടി.(ഇന്‍ഫൊര്‍മഷന്‍ ടെക്നോളജി) സ്വപ്നങ്ങള്‍ക്കു വിത്തുപാകി നായിഡു പടുത്തുയര്‍ത്തിയൊരു സാമ്രാജ്യമുണ്ട്‌ ആന്ധ്രാതലസ്ഥാനത്ത്‌. ഹൈ ടെക്‌ സിറ്റി. മൈക്രൊസോഫ്റ്റും, ഗൂഗിളും ഉള്‍പ്പെട്ട ടെക്കിഭീമന്മാര്‍ വസിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നൊരു സമത്വസുന്ദരദേശം. ഇന്ത്യന്‍ യുവത്വത്തിനു പുത്തനുണര്‍വ്വും ആയിരങ്ങള്‍ക്കു തൊഴിലും നല്‍കി നായിഡുവിന്റെ ഐ. ടി. പ്രണയം. എന്നാല്‍ ഇതോടൊപ്പം ഈ നാട്ടില്‍ നിന്നു വന്ന വാര്‍ത്തകള്‍ പട്ടിണിമരണങ്ങളുടേതും കര്‍ഷകദുരിതങ്ങളുടേതുമായിരുന്നു. 2004 നിയമസഭ തെരഞ്ഞെടുപ്പില്‍ നായിഡുവിന്റെ വികസനപടുത്വത്തിനെതിരെ മഹാഭൂരിപക്ഷം വോട്ടുചെയ്തതു അരപ്പട്ടിണി കൊണ്ടാണ്‌.

കേെരളത്തിന്റെ ഏഴിരട്ടി വലുപ്പമുള്ളൊരു സംസ്ഥാനത്തിനു സൈബരാബാദ്‌ (ഹൈ ടെക്‌ സിറ്റിയും ഇതര ഐ. ടി. സമുച്ചയങ്ങളുമുള്‍പ്പെട്ട പ്രദേശം ഇപ്പോള്‍ ഇങ്ങനെ അറിയപ്പെടുന്നു) മാത്രം പോരല്ലോ നന്നാവാന്‍!ഇത്തവണയും തെലുഗുദേശത്തിന്റെ വന്‍പ്രചരണങ്ങളേയും ആരോപണങ്ങളേയും ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നതിന്റെ വ്യക്തമായ തെളിവാണ്‌ തെരഞ്ഞെടുപ്പുവിധി. പ്രാദേശികപ്രശ്നങ്ങളാണു ഇത്തരം തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായകമാവുന്നതെങ്കില്‍ക്കൂടി കോണ്‍ഗ്രസ്സിന്റെ വിജയത്തേക്കാള്‍ ഇത്‌ പ്രതിപക്ഷത്തിന്റെ പരാജയമാണ്‌. അതിനാല്‍ തെലുഗുദേശവും തെലങ്കാന രാഷ്ട്ര സമിതിയും (ടി.ആര്‍.എസ്‌.) ഒരു പോലെ പാപം ചുമന്നേ തീരൂ. ഇപ്പോള്‍ അമളിയോടെയെങ്കിലും പരാജയകാരണമായി വോട്ടിങ്ങ്‌ യന്ത്രങ്ങളെ പഴിക്കുകയാണു ഹൈ ടെക്‌ നായിഡു.

ഇന്ത്യയില്‍ വലുപ്പതില്‍ അഞ്ചാമനായ ഈ സംസ്ഥാനത്തെ പ്രധാനമായും മൂന്നായി തിരിക്കാം-- തീരദേശ ആന്ധ്ര, തെലങ്കാന (ഹൈദരബാദും സമീപജില്ലകളും), റായലസീമ (മറ്റു ജില്ലകള്‍). ഈ മൂന്നു മേഖലകളിലും വ്യക്തമായ ആധിപത്യമാണു ഭരണകക്ഷിയായ കോണ്‍ഗ്രസ്സ്‌ നെടിയിരിക്കുന്നത്‌. സെപ്റ്റംബര്‍ 30നു നടന്ന മേയര്‍ തെരഞ്ഞെടുപ്പിലും ബഹുഭൂരിപക്ഷം നേടിയതു രാജശേഖരറെഡ്ഡിയും കൂട്ടരും തന്നെ. തെലുഗുദേശത്തിന്റെ വന്‍പ്രചാരണമോ ടി.ആര്‍.എസ്സിന്റെ സഖ്യം ഉപേക്ഷിക്കാനുള്ള തീരുമാനമോ കോണ്‍ഗ്രസ്സിനു വിനയായില്ലെന്നു വേണം അനുമാനിക്കാന്‍. വൊള്‍ക്സ്വാഗണും നക്സലിസവും ഇടക്കാലദുരിതങ്ങളായി തലപൊക്കിയെങ്കിലും പൊളാവരം, വിമാനത്താവളവികസനം തുടങ്ങിയ പദ്ധതികളൊക്കെ പാര്‍ട്ടിക്കു ഗുണകരമായി ഭവിച്ചു.

മാത്രമല്ല, സുനാമിയും വെള്ളപ്പൊക്കവും കഷ്ടത്തിലാക്കിയ കര്‍ഷകരുടെ കണ്ണീരൊപ്പിയും വരള്‍ച്ചയനുഭവിക്കുന്ന മറ്റു പ്രദേശങ്ങളില്‍ ജലപദ്ധതികള്‍ വാഗ്ദാനം ചെയ്തും റെഡ്ഡി ജനസമ്മതി ഉയര്‍ത്തി. നായിഡുവിന്റെ ഒന്‍പതുവര്‍ഷഭരണകാലത്തു ദാരിദ്രരേഖക്കുതാഴെയുള്ളവര്‍ക്കായി ഒറ്റ റേഷന്‍ കാര്‍ഡുപോലും വിതരണം ചെയ്തിട്ടില്ല. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിന്നുള്ളില്‍ ലക്ഷക്കണക്കിനു കാര്‍ഡുകള്‍ വിതരണം ചെയ്യപ്പെട്ടു. വെള്ളം, വൈദ്യുതി ഇത്യാദികള്‍ക്കായി ഭീമമായ കരവര്‍ദ്ധന ഉണ്ടായതുമില്ല.

നക്സലുകളുടെ കൈപ്പത്തിസ്നേഹം

നിയമസഭ തെരഞ്ഞെടുപ്പുപരാജയത്തിനു ചന്ദ്രബാബുനായിഡുവിന്റെ പ്രധാനവിശദീകരണം മാവൊയിസ്റ്റുകളുടെ കോണ്‍ഗ്രസ്സ്‌ പിന്തുണയായിരുന്നു. നക്സല്‍ ഗ്രൂപ്പുകള്‍ക്കു ആന്ധ്രയുടെ പലപ്രദേശങ്ങളിലും വ്യക്തമായ അടിവേരുകളുണ്ട്‌, പ്രത്യേകിച്ചും തെലങ്കാനയില്‍. മുന്‍പു നടന്ന പല തെരഞ്ഞെടുപ്പുകളിലും ഒളിച്ചും പാത്തും പലപാര്‍ട്ടികളും നക്സല്‍പിന്തുണയ്ക്കു ശ്രമിച്ചിട്ടുമുണ്ട്‌, പ്രാദേശികതലത്തില്‍ രഹസ്യസഖ്യങ്ങള്‍ ഉണ്ടാക്കിയിട്ടുമുണ്ട്‌. തെലുഗുദേശത്തിന്റെ പിടിവാശിനയത്തെക്കാള്‍ നക്സലുകള്‍ക്കിഷ്ടം കോണ്‍ഗ്രസ്സിനെയാണെന്നിരിക്കെ നായിഡുവിന്റെ വാദത്തില്‍ അല്‍പം കാര്യമുണ്ട്‌.

എന്നാല്‍ ഇപ്പൊഴോ? ആഗസ്റ്റ്‌ 17നു നക്സലുകള്‍ കോണ്‍ഗ്രസ്സ്‌ എം.എല്‍.എ നാര്‍സിറെഡ്ഡിയുള്‍പ്പടെ പത്തുപേരെ വെടിവെച്ചു കൊലപ്പെടുത്തിയതിനു ദിവസങ്ങള്‍ക്കകം നിരോധനം വീണ്ടും നിലവില്‍ വന്നു.(ഇതിനു മുന്‍പു നക്സല്‍ നിരോധനം പ്രാബല്യത്തിലാക്കിയതു നായിഡു 1992-ല്‍ അധികാരത്തിലേറിയപ്പോഴായിരുന്നു). ഒപ്പം, വിപ്ലവ എഴുത്തുകാരുടെ കൂട്ടായ്മയായ 'വിരാസം' നിരോധിക്കുകയും അതിന്റെ മുന്‍ നിരപ്രവര്‍ത്തകരായ വരവരറാവുവിനേയും കല്യാണ്‍ റാവുവിനേയും പൊലീസ്‌ ജയിലിലടക്കുകയും ചെയ്തു. നക്സലുകളെ അഭിമുഖം ചെയ്യുന്ന പത്രപ്രവര്‍ത്തകരെപ്പോലും വെറുതെവിടില്ലെന്നായിരുന്നു തദവസരത്തില്‍ സംസ്ഥാന പൊലീസ്‌ മുഖ്യന്‍ സ്വരണ്‍ജിത്‌ സിങ്ങിന്റെ ഭീഷണി. നക്സല്‍ അനുഭാവം കാണിച്ച പ്രതിപക്ഷനേതാക്കളെ ഒന്നൊഴിയാതെ വിമര്‍ശിക്കുകയും ചെയ്തു കോണ്‍ഗ്രസ്സ്‌ നേതൃത്വം.

അങ്ങനെയിരിക്കെ നായിഡുവിന്റെ ആ വാദത്തിനും സ്വീകാര്യത നഷ്ടപ്പെടുന്നു.

തെലങ്കാനയിലെ നഷ്ടക്കച്ചവടം

പഞ്ചായത്തുതെരഞ്ഞെടുപ്പോടെ ചവിട്ടടിയിലെ മണ്ണുനഷ്ടപ്പെട്ടു പോയത്‌ തെലങ്കാന രാഷ്ട്ര സമിതി പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ചന്ദ്രശേഖരറാവുവിനും അനുയായികള്‍ക്കുമാണ്‌. ടി.ആര്‍.എസ്‌. എന്ന പാര്‍ട്ടിയുടെ രൂപീകരണവും നിലനില്‍പ്പും തന്നെ തെലങ്കാനയെന്ന പ്രത്യേകസംസ്ഥാനത്തിനുവേണ്ടിയായിരുന്നു. ആ ദിശയിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആര്‍.എസ്‌.എസ്‌ മാതൃകയില്‍ ഒരു ശാഖ കൂടി തുടങ്ങി പാര്‍ട്ടി. സായുധരായ ചെറുപ്പക്കാരടങ്ങുന്ന തെലങ്കാന ജാഗരണ്‍ സേന ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ രൂപം കൊണ്ടപ്പോള്‍ ടി.ആര്‍.എസ്സിന്റെ ജനസ്വാധീനവും വര്‍ദ്ധിക്കുമെന്ന്‌ നേതാക്കള്‍ ധരിച്ചു, അല്ലെങ്കില്‍ തെറ്റിദ്ധരിച്ചു. റാവുവും എ. നരേന്ദ്രയുമടക്കം രണ്ടു കേന്ദ്രമന്ത്രിമാരുള്ള പാര്‍ട്ടി ആന്ധ്രയില്‍ കോണ്‍ഗ്രസ്സ്‌ സഖ്യം ഉപേക്ഷിക്കാനും തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മല്‍സരിക്കാനും തീരുമാനിച്ചു. തെലങ്കാനാരൂപീകരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്നായിരുന്നു ഇതിനു കാരണമായി അവര്‍ പറഞ്ഞത്‌. നക്സല്‍ നിരോധനത്തെ എതിര്‍ക്കുകയും ജയിലില്‍ ചെന്നു വിരാസം നേതാക്കളെ കാണുകയും ചെയ്തു ചന്ദ്രശേഖരറാവു. നക്സലുകള്‍ക്കും ശക്തിയാര്‍ജ്ജിക്കാനുപകരിക്കുന്നതു പ്രത്യേകസംസ്ഥാനമാണെന്നിരിക്കെ, സ്വാഭാവികമായും ടി.ആര്‍.എസ്സും 'ജന'പിന്തുണ ആഗ്രഹിച്ചതില്‍ തെറ്റില്ലല്ലോ!

ഇങ്ങനെ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള മാസം ആന്ധ്രയില്‍ വീണ്ടും ചൂടു കൂടി. രാഷ്ട്രീയപുസ്തകത്തിലെ കണക്കുകള്‍ കൂട്ടിയും കുറച്ചും കിഴിച്ചും പരസ്പരം കരിവാരിത്തേച്ചും പ്രചാരണം പൊടിപൊടിച്ചു. പങ്കാളി നഷ്ടപ്പെട്ട കോണ്‍ഗ്രസ്സും പ്രതീക്ഷയോടെ ടി.ആര്‍.എസ്സും. എന്നാല്‍ ഫലമറിഞ്ഞപ്പോല്‍ ചിത്രം വ്യക്തം. തെലങ്കാനയില്‍ മല്‍സരിച്ച 35 സീറ്റുകളില്‍ ടി.ആര്‍.എസ്സ്‌ വിജയിച്ചത്‌: രണ്ട്‌. ശക്തികേന്ദ്രങ്ങളായിരുന്ന കരീംനഗര്‍, മേഡക്‌, വാറങ്കല്‍, നിസാമബാദ്‌ ജില്ലകളില്‍ പാര്‍ട്ടി തോറ്റു തുന്നം പാടി. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 26 നിയമസഭാമണ്ഡലങ്ങളും 5 ലോകസഭാസീറ്റുകളും നേടിയ ഒരു പാര്‍ട്ടിയുടെ ഗതികേടേ! രണ്ടുനാള്‍ ഒളിച്ചിരുന്ന പാര്‍ട്ടിചേട്ടന്മാര്‍ ഈ പരാജയം സംസ്ഥാനരൂപീകരണത്തെ തെല്ലും ബാധിക്കില്ലെന്നു വാദിച്ച്‌ ഇപ്പോള്‍ വീണ്ടും തലപൊക്കാന്‍ തുടങ്ങിയിരിക്കുന്നു.

ആന്ധ്രാരാഷ്ട്രീയഗോദയില്‍ താരതമ്യേന അശക്തരാണു ഇടതുപക്ഷവും ബി.ജെ.പിയും. നിലമെച്ചപ്പെടുത്തിയെന്ന സ്ഥിരം പല്ലവിയുമായി രണ്ടുകൂട്ടരും പ്രസ്താവനയിറക്കിയെങ്കിലും പഞ്ചായത്തു തലത്തിലും പരാജിതരുടെ പട്ടികയിലാണു ഇവ രണ്ടും.

നഗരത്തിലെ പല വന്‍ കിടകച്ചവടക്കാരുടെ വേരുകളിന്നും ഗ്രാമങ്ങളിലാണ്‌. സംസ്ഥാനമൊത്തവരുമാനത്തിന്റെ 50 ശതമാനം കാര്‍ഷികമേഖലയില്‍ നിന്നുമാണ്‌. 62 ശതമാനത്തോളം ജനങ്ങള്‍ ആഹാരത്തിനായി പാടങ്ങളില്‍ പണിയെടുക്കുന്നു. ധാന്യവിളകളുടെ ധാരാളിത്തം ആന്ധ്രയെ തെക്കേയിന്ത്യയുടെ (പഴയ) കുട്ടനാടാക്കുന്നു.

കൃഷിമേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചറിയാന്‍ 16 മാസത്തിനകം തന്നെ രാജശേഖരറെഡ്ഡി ഒരു കമ്മിഷനെ നിയമിക്കുകയും അതനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്തു. തത്‌ഫലമായാണ്‌ പണ്ടേ ആത്മഹത്യ ചെയ്യുമായിരുന്ന പല കര്‍ഷകരും ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 24ന്‌ വോട്ടു ചെയ്തത്‌. കോണ്‍ഗ്രസ്സിനായിരുന്നോ വോട്ട്‌? അറിയില്ല. പക്ഷെ തെലുഗുദേശത്തിനല്ല. അതുതന്നെയാണു ആന്ധ്രയിലെ തെരഞ്ഞെടുപ്പുവിശേഷവും.

ഇനി: ഗ്രൂപ്പുകളിച്ചും മുണ്ടുപറിച്ചും വെള്ളഖദറില്‍ കുത്തിവരച്ചും ജനപക്ഷത്തെ പറ്റിച്ചല്ല ആന്ധ്രാകോണ്‍ഗ്രസ്സ്‌ വോട്ടുപിടിച്ചത്‌. കള്ളക്കളികള്‍ ഇല്ലെന്നല്ല. എന്നാല്‍ വോട്ടുയന്ത്രത്തിലെ കൈപ്പത്തി പലവട്ടം കൂടുതല്‍ ബ്ലിങ്കിയതെങ്ങനെയെന്ന്‌ ഈ സ്മാര്‍ട്ട്‌ സ്റ്റേറ്റില്‍ നിന്നു കണ്ടുപഇനി: ഗ്രൂപ്പുകളിച്ചും മുണ്ടുപറിച്ചും വെള്ളഖദറില്‍ കുത്തിവരച്ചും ജനപക്ഷത്തെ പറ്റിച്ചല്ല ആന്ധ്രാകോണ്‍ഗ്രസ്സ്‌ വോട്ടുപിടിച്ചത്‌. കള്ളക്കളികള്‍ ഇല്ലെന്നല്ല. എന്നാല്‍ വോട്ടുയന്ത്രത്തിലെ കൈപ്പത്തി പലവട്ടം കൂടുതല്‍ ബ്ലിങ്കിയതെങ്ങനെയെന്ന്‌ ഈ സ്മാര്‍ട്ട്‌ സ്റ്റേറ്റില്‍ നിന്നു കണ്ടുപദിക്കാവുന്നതാണ്‌.

0 Comments:

Post a Comment

<< Home