ആന്ധ്രാക്കത്ത്‌

മാവേലിനാടില്‍ മാസം തോറും പ്രത്യക്ഷപ്പെടുന്ന ആന്ധ്രാവിശേഷങ്ങള്‍

My Photo
Name:
Location: New Delhi, India

14.9.06

അമേരിക്കന്‍ ഭൂതങ്ങള്‍

March 2006

മാര്‍ച്ച്‌ 18-നുച്ചയ്ക്ക്‌ ആന്ധ്രാമുഖ്യന്‍ രാജശേഖരനൊരു കത്തു കിട്ടി. അതൊരു വാര്‍ത്തയല്ല. പക്ഷെ വെള്ളക്കടലാസുകുറിപ്പിന്റെ തലപ്പത്ത്‌ വാഷിംഗ്ട്ടണ്‍ കൊട്ടാരത്തിന്റെ മുദ്രയും കീഴെ ജോര്‍ജ്ജ്‌ ബുഷിന്റെ ഒപ്പുമുണ്ടായിരുന്നു. ഹൈദരാബാദെന്ന പ്രശാന്തസുന്ദരദേശത്തെ വിരുന്നുസല്‍ക്കാരത്തിനു നന്ദി പറയുകയായിരുന്നു ബുഷ്‌. ഒപ്പം സംസ്ഥാനത്തിന്റെ കാര്‍ഷികനേട്ടങ്ങളെ അകമഴിഞ്ഞു പുകഴ്‌ത്തുകയും.മാര്‍ച്ച്‌ ആദ്യവാരം ഇന്ത്യ കാണാനെത്തിയ അമേരിക്കന്‍ പ്രസിഡന്റ്‌ തലസ്ഥാനം കൂടാതെ ആകെ സന്ദര്‍ശിച്ചത്‌ ഹൈദരാബാദാണ്‌. ഈ നഗരത്തോടുള്ള അമേരിക്കന്‍ പ്രേമത്തിനു തുടക്കം കുറിച്ചത്‌ മെയ്‌ 2000-ല്‍ ഇവിടെയെത്തിയ മുന്‍ രാജാവ്‌ ബില്‍ ക്ലിന്റണാണ്‌. ഇത്തവണയും പ്രതീക്ഷകള്‍ തെറ്റിക്കാതെ മുഖ്യനും കൂട്ടരും ബുഷിന്റേയും ഭാര്യ ലോറയുടേയും വരവ്‌ ആഘോഷമായി കൊണ്ടാടി.

നാലുമണിക്കൂറും നാലായിരം കാവല്‍ക്കാരും

ആണവദുരന്തധാരണയും ഉഭയകക്ഷിപ്രണയവും രാജ്ഘട്ടിലെ പട്ടിയും അങ്ങ്‌ ദില്ലീരാജധാനിയിലെ വിലപിടിപ്പുള്ള വാര്‍ത്തകള്‍. ഇത്‌ ഹൈദരാബാദിലെ ബുഷിന്റെ നാലുമണിക്കൂര്‍ കുസൃതിയേയും ഒപ്പം വന്ന 17-അംഗ ശ്വാനസേനയേയും 700-ഓളം വന്ന അംഗരക്ഷപ്പടയേയും കുറിച്ചുള്ള കൊച്ചുവര്‍ത്തമാനങ്ങളാണ്‌. ലോകപോലീസിന്റെ നാഥനെ കാക്കാന്‍ കേന്ദ്രത്തിന്റേയും സംസ്ഥാനത്തിന്റേയും വക പത്തുരണ്ടായിരം കാക്കിക്കാര്‍ വേറെയുമുണ്ടായിരുന്നു. സായിപ്പൊരു പേടിത്തൊണ്ടന്‍ തന്നെ!

രാജാവെത്തുന്നതിനു ദിവസങ്ങള്‍ക്കു മുമ്പേ സര്‍ജന്റ്‌ മേജറും ഫസ്‌റ്റ്‌ ലഫ്‌നന്റും മണപ്പിക്കാനായി നഗരത്തിലെത്തിയിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ശ്വാനസംഘത്തിലെ സാറമ്മാരെ വരെ ഔദ്യോഗികനാമത്തില്‍ അഭിസംബോധന ചെയ്യണമെന്നായിരുന്നു അവരെ പാര്‍പ്പിച്ച കാക്കത്യ ഷെറാട്ടണിലെ പഞ്ചനക്ഷത്രപരിചാരകര്‍ക്കു ലഭിച്ച നിര്‍ദ്ദേശം. പെന്റഗണിലെ പട്ടികളുടെ ഒരോ ഗമയേ! സാറ്റലൈറ്റ്‌ തന്ത്രങ്ങളും മറ്റാധുനികയന്ത്രങ്ങളുമായി രഹസ്യപ്പോലീസും സജ്ജമായിരുന്നു.

ബുഷ്‌ വന്നതും സ്റ്റൈയിലില്‍ തന്നെ. എയര്‍ഫോഴ്‌സ്‌ വണ്‍ എന്ന ഔദ്യോഗികവിമാനത്തിന്റെ മൂന്നു പതിപ്പുകള്‍ ഒന്നിനു പുറകെ ഒന്നായി പറന്നിറങ്ങുകയായിരുന്നു. (കള്ളന്മാരെയും കൊള്ളക്കാരെയും പറ്റിക്കാനായി ഇതൊരു പതിവാണ്‌. സായിപ്പിന്റെ പെരുത്ത ബുദ്ധിയേയ്‌!)

പക്ഷെ മുഖ്യന്‍ രാജശേഖരന്‍ വേലകളെത്ര കണ്ടിരിക്കുന്നു. കിട്ടിയ സമയത്തിനിടെ സംസ്ഥാനത്തെക്കുറിച്ചു നിര്‍മ്മിച്ച ഒരു 10-മിനുറ്റ്‌ ഹ്രസ്വചിത്രം ബുഷിനും പ്രിയതമയ്ക്കും കാട്ടിക്കൊടുത്തെന്നു മാത്രമല്ല ഹെലികോപ്‌റ്റര്‍ യാത്രക്കിടെ ഹുസൈന്‍സാഗറും ഒസ്മാന്‍സാഗറും ചാര്‍മിനാറും ഗോല്‍ക്കൊണ്ടകോട്ടയുമൊക്കെ ചരിത്രവിവരണസഹിതം ചൂണ്ടിക്കാണിച്ചു കൊടുത്തു മിടുക്കന്‍ മുഖ്യന്‍.

ബുഷിന്റെ സന്ദര്‍ശനമെനുവില്‍ പ്രധാനമായുണ്ടായിരുന്നത്‌ ആചാര്യ എന്‍ ജി രംഗ കാര്‍ഷികസര്‍വകലാശാലയും ഇന്ത്യന്‍ സ്കൂള്‍ ഓഫ്‌ ബിസിനസ്സുമായിരുന്നു.

ഈ രണ്ടു കേന്ദ്രങ്ങളും സുരക്ഷാഭടന്മാര്‍ മിനികോട്ടയാക്കിയിരുന്നു. വിദ്യാര്‍ത്ഥികളെ ഹോസ്റ്റല്‍ റൂമുകളില്‍ നിന്നുവരെ ഒഴിപ്പിച്ചെന്നാണ്‌ സ്വകാര്യം. ഏതായാലും കൃത്യസമയത്തു തന്നെ സര്‍വകലാശാലയിലെത്തിയ ബുഷ്‌ ഗവേഷകരും കര്‍ഷകരുമായി എകദേശം ഒരു മണിക്കൂര്‍ പങ്കുവെച്ചു. നാടോടിപ്പാട്ടും കൂത്തും കുഴല്‍വിളിയുമൊക്കെക്കൂടി മൊത്തമൊരു മേളമായിരുന്നു. ലോറ ബുഷും അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി കോണ്ടൊലീസ റൈസും കര്‍ഷകസ്ത്രീകളോടു സൊറ പറയുന്നതും കാണാമായിരുന്നു. പാടത്തു പൊന്നുവിളയിച്ച കര്‍ഷകരെ അനുമോദിക്കാനും ബുഷ്‌ മറന്നില്ല. കൈയില്‍ കലപ്പയും മടിയില്‍ മത്തനും വിഡ്ഢിച്ചിരിയുമായി നില്‍ക്കുന്ന അമേരിക്കന്‍ വീരന്റെ ചിത്രം പിറ്റേദിവസം പല പ്രാദേശികപത്രങ്ങളിലും നാലുകോളത്തില്‍ കണ്ടു. വ്യത്യസ്ത തരത്തിലുള്ള ഇന്ത്യന്‍ കര്‍ഷകരീതികള്‍ കണ്ടറിഞ്ഞശേഷം വ്യവസായകരും വാണിജ്യം പ ടിക്കുന്ന ചെറുപ്പക്കാരുമായുള്ള ചര്‍ച്ചക്കായി ബുഷ്‌ ഇന്ത്യന്‍ സ്കൂള്‍ ഓഫ്‌ ബിസിനസ്സിലേക്ക്‌ ശാസ്ത്രസാങ്കേതികമേഖലയില്‍ കൂടുതല്‍ പങ്കാളിത്തം ആവശ്യമാണെന്ന് ബുഷ്‌ 'യുവതലമുറ'യോടു പറഞ്ഞു.

നഗരത്തിനൊരു കൊച്ചുസമ്മാനം

ഒടുവില്‍ ഹൈദരാബാദിനും ഒരു യു.എസ്‌ കോണ്‍സുലേറ്റ്‌. അടുത്ത വര്‍ഷം പകുതിയോടെ മാധാപ്പൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന വിസാവിതരണകേന്ദ്രം വിദേേശപ്പറക്കല്‍ കൊതിക്കുന്ന തെക്കേയിന്ത്യക്കാര്‍ക്കൊരനുഗ്രഹമാവും. ഇപ്പോള്‍ ചെന്നൈയില്‍ മാത്രമാണ്‌ ഇത്തരമൊരു കേന്ദ്രമുള്ളത്‌. അമേരിക്കന്‍ വിസയ്ക്ക്‌ അപേക്ഷിക്കുന്നവരില്‍ ഭൂരിപക്ഷം പേരും ആന്ധ്രാക്കാരായതിനാലാണ്‌ ഹൈദരാബാദില്‍ കോണ്‍സുലേറ്റ്‌ അനുവദിക്കുന്നതെന്നാണ്‌ ഔദ്യോഗികഭാഷ്യം. അമേരിക്കന്‍ കോണ്‍സുലേറ്റിനു പിന്നാലെ ബ്രിട്ടണ്‍, ജപ്പാന്‍, ജര്‍മ്മനി, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങളും വിസാവിതരണകാര്യാലയങ്ങള്‍ തുടങ്ങാനിടയുണ്ടെന്നും സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറയുന്നു.

ഇതുകൂടാതെ H1B വിസകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും ബുഷ്‌ വിളംബരം ചെയ്തു. സോഫ്റ്റ്‌വെയര്‍ വിപണിയില്‍ ഇന്ത്യന്‍ മല്‍സരത്തെ ഭയക്കുന്നില്ലെന്ന ബുഷ്‌മൊഴിക്കു പിന്നാലെയായിരുന്നു വിസാവര്‍ദ്ധനവിന്റെ മോഹനവാഗ്ദാനം. പാക്കിസ്ഥാനുപോലും ലഭിക്കാത്ത ഉപകാരങ്ങളാണത്രെ ഹൈദരാബാദിനു ലഭിച്ചിരിക്കുന്നത്‌.

പെരുവഴിയിലെ പ്രതിഷേധം

ബുഷിന്റെ ഇന്ത്യാസന്ദര്‍ശനത്തെ എതിര്‍ത്ത ഇടതുപാര്‍ട്ടികളുടെ പൊതുപ്രതിഷേധം കൂടാതെ ഹൈദരാബാദ്‌ നഗരത്തിന്റെ ഒരു ഭാഗം കല്ലേറിലും മുദ്രാവാക്യങ്ങളിലും മുങ്ങിനില്‍ക്കുകയായിരുന്നു മാര്‍ച്ച്‌ 3-ന്‌. വെള്ളിയാഴ്ച ഉച്ചയ്ക്ക്‌ മെക്കാമസ്‌ജിദിനും ചാര്‍മിനാറിനും ചുറ്റും അമേരിക്കന്‍ പതാകകളും ബുഷിന്റെ കോലങ്ങളും അഗ്നിക്കിരയായി. ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധറാലി പലയിടത്തും അക്രമാസക്തമാവുകയും പോലീസുകാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഒരാഴ്ച നീണ്ടുനിന്ന സമരങ്ങളുടെ സമാപനമായിരുന്നു ഈ കലാശക്കൊട്ട്‌.

ബുഷ്‌ ഒരു വന്‍പോലീസ്‌ സന്നാഹം ഒപ്പം കരുതിയതു ഇതൊക്കെപ്പേടിച്ചാവണം. നക്സലുകളുടെ വിഹാരകേന്ദ്രമായൊരു സംസ്ഥാനത്തില്‍, ഒസാമയുടെ ആരാധകരുള്ള ഒരു പഴയനഗരത്തില്‍, അല്‍പ്പം സുരക്ഷ വേണമെന്നു അമേരിക്കക്കാര്‍ കരുതിയാല്‍ അതിലതിശയമില്ലതാനും. മറ്റൊരു രഹസ്യം, തീവ്രവാദികളുണ്ടെന്നു സംശയിക്കിക്കപ്പെടുന്ന ഹൈദരാബാദില്‍ ഒരു യു. എസ്‌. കോണ്‍സുലേറ്റ്‌ വന്നാല്‍ അമേരിക്കന്‍ ചാരക്കണ്ണുകള്‍ക്ക്‌ അവരെ നിരീക്ഷിക്കാന്‍ കുറച്ചുകൂടി സൌകര്യമാവും. 9/11 വിമാനാക്രമണത്തിനു വരെ ഒരു ഹൈദരാബാദി ബന്ധമുണ്ടായിരുന്നല്ലോ! ഇങ്ങനെ ഇനിയും എത്ര രഹസ്യ അജന്‍ഡകള്‍ ബുഷിനും ഇരുകാലി-നാല്‍ക്കാലി സംഘത്തിനുമുണ്ടായിരുന്നെന്നു കാലം മാത്രമേ തെളിയിക്കൂ.

പക്ഷെ...

ഏറെ ആഗോളസോഫ്റ്റ്‌വെയര്‍ കമ്പനികളുടെ ഓഫീസുകളുള്ള ഹൈദരാബാദ്‌ ബുഷിന്റെ സന്ദര്‍ശനത്തോടെ ഒന്നുകൂടി മിടുക്കനായി. ഔട്ട്‌സോഴ്‌സിംഗിന്റെ മെക്കയായി മാറിക്കൊണ്ടിരിക്കുന്ന നഗരം ഇനി നിക്ഷേപകര്‍ക്കായി സദാ സ്വാഗതമോതും. കോണ്‍സുലേറ്റിനു പിന്നാലെ നഗരത്തിലേക്കുള്ള വിദേശസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുവാനും സാദ്ധ്യതയുണ്ട്‌. പ്രവാസിഭാരതീയസമ്മേളനത്തിനു വേദിയായ ആന്ധ്രാരാജധാനി വീണ്ടും വിദേശപണം സ്വപ്നം കാണുകയാണ്‌. നൂക്ലിയര്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനോടൊപ്പം കര്‍ഷകരെ ഗൌനിക്കണമെന്നും ബുഷ്‌ സൂചിപ്പിക്കുന്നു. അമേരിക്കയുടെ സുഹൃത്‌ഭൂപടത്തില്‍ ഈ നഗരത്തിനു സ്ഥാനമുണ്ടെന്നും ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. ഇന്ത്യ കാത്തിരിക്കുന്ന നഗരമായി ഹൈദരാബാദ്‌ മാറുകയാണോ?

ഇനി:സാനിയയുടെ നാട്ടിലേക്കുള്ള യാത്ര രോമാഞ്ചജനകം എന്നാണ്‌ ബുഷ്‌ മൊഴി. കുട്ടിക്കുപ്പായക്കാരിയുടെ പന്തുകളിയും ഈ ദേശത്തെ മറ്റു ചൂടു വാര്‍ത്തകളും അമേരിക്കന്‍ ഭൂതങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടോ? അതോ ന്യൂക്ലിയര്‍ വാചകക്കസര്‍ത്തു പോലെ ഇതും ബുഷിന്റെ കൊച്ചുകുസൃതിയോ? കണ്ടു തന്നെയറിയാം.

0 Comments:

Post a Comment

<< Home