ആന്ധ്രാക്കത്ത്‌

മാവേലിനാടില്‍ മാസം തോറും പ്രത്യക്ഷപ്പെടുന്ന ആന്ധ്രാവിശേഷങ്ങള്‍

My Photo
Name:
Location: New Delhi, India

14.9.06

പറന്നിറങ്ങാന്‍ പുതിയ മേടകള്‍

February 2006

ആകാശത്തോളം സ്വപ്നം കണ്ടിരുന്ന ചന്ദ്രബാബു നായിഡുവിന്റെ ശ്രമഫലമായാണു നിസാമിന്റെ നഗരത്തില്‍ ഐ. ടി ഭീമന്മാര്‍ പണ്ട്‌ വിമാനമിറങ്ങിയത്‌. ചിലര്‍ താണുപറന്ന ശേഷം അടുത്തുള്ള സിലിക്കോണ്‍ താഴ്‌വരയില്‍ കൂടുകെട്ടി. എന്നാല്‍ മാസങ്ങള്‍ക്കു മുമ്പ്‌ പെയ്തൊഴിഞ്ഞ പെരുമഴയില്‍ ബാംഗ്ലൂരിലെ ചില കമ്പ്യൂട്ടര്‍ കമ്പനികളുടെ കുളിമുറിയില്‍ വരെ വെള്ളം കയറിയപ്പോള്‍ ഇങ്ങിവിടെ, ഹൈദരാബാദില്‍, പ്രതീക്ഷകള്‍ എഴുനിറങ്ങളില്‍ തളിര്‍ക്കുകയായിരുന്നു. കേമനാരെന്ന കലഹം മുറുകുമ്പോള്‍ രണ്ടു നവീനനഗരങ്ങളും ഉയര്‍ത്തിക്കാട്ടുന്നൊരു വസ്തുതയാണ്‌ സര്‍വ്വഗുണസമ്പന്നമായ വിമാനത്താവളങ്ങള്‍. 2008-ആകുമ്പോഴേക്കും വിമാനമുരുട്ടിക്കളിക്കാന്‍ രണ്ടുപേര്‍ക്കും കിട്ടും ഒരോ പുതുപുത്തന്‍ അന്താരാഷ്ട്രത്താവളങ്ങള്‍!

ജനകീയമായിക്കൊണ്ടിരിക്കയാണ്‌ വിമാനയാത്രകള്‍. എയറിന്ത്യയിലെ മഹാരാജാവിനെക്കാള്‍ ഇപ്പോള്‍ ഗമ എയര്‍ ഡെക്കാന്റെ ജനകീയനായ 'കോമണ്‍ മാന്‍'ഇനാണ്‌-(അതെ, ആര്‍.കെ. ലക്ഷ്മണിന്റെ ആ കള്ളിക്കുപ്പായക്കാരനു തന്നെ). പ്രതിവര്‍ഷം 25 ശതമാനം വളര്‍ന്ന് വികസിക്കുന്നൊരു മേഖലയാണത്രേ വ്യോമയാനം. കേന്ദ്രപൈലറ്റ്‌ പ്രഫുല്‍ പട്ടേലിന്റെ കോക്‌പിറ്റിലെ സൂചികയനുസരിച്ച്‌ 2010-ആകുമ്പോഴേക്കും ഭാരതീയര്‍ക്കാവശ്യമായ വിമാനങ്ങളുടെ എണ്ണം: 1,800.(ഇപ്പോള്‍ ഇന്ത്യനെന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിനുള്ളത്‌ വെറും 200 വിമാനങ്ങള്‍) അപ്പോള്‍ ഇത്രയും യന്ത്രപ്പക്ഷികള്‍ക്ക്‌ വിശ്രമിക്കാന്‍ താവളമോ? അതും ആവശ്യം. അതുകൊണ്ടാണ്‌ പട്ടേലും കൂട്ടുകാരും കൂടുതല്‍ മേടകള്‍ക്കു അനുമതി കൊടുത്തത്‌. ഇപ്പോഴുള്ള 126 എണ്ണത്തില്‍ 11 എണ്ണം അന്താരാഷ്ട്രവും 89 എണ്ണം ആഭ്യന്തരവും 26 എണ്ണം പ്രതിരോധവും 38 എണ്ണം ഉപയോഗശൂന്യവുമാണ്‌.

അതിനാല്‍ ഏറ്റവുമൊടുവില്‍ ലിസ്റ്റില്‍ കയറിപ്പറ്റിയ മുംബൈ അന്താരാഷ്ട്രമുള്‍പ്പടെ ഏെറെ വിമാനത്താവളങ്ങള്‍ക്ക്‌ കേന്ദ്രം പദ്ധതിയിടുന്നു. ഹൈദരാബാദും ബാംഗ്ലൂരും കണ്ണൂരുമെല്ലാം അതില്‍പ്പെടും.

ആന്ധ്രയിലെ ആകാശം

ഹൈദരാബാദ്‌, വിശാഖപട്ടണം, രാജമുന്‍ഡ്രി, വിജയവാഡ, തിരുപ്പതി എന്നീ പ്രധാനവിമാനത്താവളങ്ങള്‍ കൂടാതെ സ്വകാര്യജറ്റുകള്‍ക്കു പറന്നിറങ്ങാന്‍ ഏകദേശം 17 ചെറുതാവളങ്ങളുമുണ്ട്‌ ആന്ധ്രയില്‍.

ആന്ധ്രാരാജധാനിയിലെ വ്യോമഗതാഗതം കഴിഞ്ഞ വര്‍ഷം 28% വര്‍ദ്ധിച്ച്‌ ഏകദേശം മൂന്നു മില്യണ്‍ യാത്രക്കാരിലെത്തി നില്‍ക്കുന്നു. ഇപ്പോള്‍ ബേഗംപേട്ടിലുള്ള താവളത്തില്‍ 10 വിദേശവിമാനങ്ങള്‍ പൊങ്ങുന്നതു കൂടാതെ രാജ്യത്തെ എല്ലാ പ്രധാനനഗരങ്ങിലേക്കും ആഭ്യന്തരപ്പറക്കലുകളുമുണ്ട്‌. കേരളത്തിലേക്കാകെയുള്ളത്‌ എയര്‍ സഹാറയുടെ ഹൈദരാബാദ്‌-കൊച്ചി വിമാനമാണെന്ന് മാത്രം. ബ്രിട്ടീഷ്‌ എയര്‍വേയ്‌സും ഖത്തര്‍ എയര്‍വേയ്‌സുമുള്‍പ്പെടെ ഏറെ വിദേശസര്‍വ്വീസുകള്‍ ഹൈദരാബാദിനെ നോട്ടമിട്ടിരിക്കുന്നതിനാല്‍ സമീപഭാവിയില്‍ത്തന്നെ കുറേക്കൂടി ആകാശപ്പറവകള്‍ പറന്നിറങ്ങാന്‍ സാദ്ധ്യതയുണ്ട്‌.

അവര്‍ക്കെല്ലാം സ്വാഗതമേകാന്‍ ഇന്ത്യയിലെ അഞ്ചാമത്തെ വന്‍ നഗരം ഒരുങ്ങുകയാണ്‌. ഇപ്പോഴത്തെ കണക്കനുസരിച്ച്‌ 2008 മാര്‍ച്ചാവുമ്പോഴേക്കും ഹൈദരാബാദിന്‌ പുത്തനൊരു വിമാനത്താവളം ലഭിക്കും. നഗരത്തിനല്‍പ്പമകലെ ഷംഷാബാദില്‍ 5,500 ഏക്കര്‍ വിസ്‌തൃതിയില്‍ 1,663 കോടി രൂപ ചെലവില്‍ ഉഗ്രനൊരു താവളം. ടെര്‍മിനല്‍ സമുച്ചയം മാത്രം വരും ഒരു ലക്ഷം സ്ക്വയര്‍ മീറ്റര്‍. മൊത്തച്ചെലവിന്റെ 63 ശതമാനം ജി. എം. ആര്‍. ഗ്രൂപ്പും 11 ശതമാനം മലേഷ്യ എയര്‍ പോര്‍ട്ട്‌സ്‌ ഹോള്‍ഡിംഗ്‌ ബെര്‍ഹാടും 13 ശതമാനം വീതം ആന്ധ്ര സര്‍ക്കാരും എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയും മുടക്കും. പൂര്‍ണ്ണമായി പണിതീരുമ്പോള്‍ പ്രതിവര്‍ഷം ഏഴുമില്ല്യണ്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനാവും ഈ കൂടാരത്തിന്‌.

60 ചെക്ക്‌-ഇന്‍ കൌണ്ടറുകളുള്ളതിനാല്‍ യാത്രക്കാര്‍ക്ക്‌ ക്യൂ നില്‍ക്കാതെ രക്ഷപ്പെടാം. എക്‌സ്‌റേ ചെക്കിംഗ്‌ എന്നൊരു പരിപാടിയേ ഇല്ല. ബസ്സില്‍ കയറുന്നതിനു പകരം യാത്രക്കാര്‍ക്കു ടെര്‍മിനലില്‍ നിന്നും വിമാനത്തിലേക്കു നടന്നുകയറാന്‍ 10 എയര്‍ബ്രിട്‌ജുകള്‍. ലഗ്ഗേജുകള്‍ക്കായി നാലു നീളന്‍ കണ്‍വെയര്‍ ബെല്‍റ്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തനക്ഷമം. ചുരുക്കത്തില്‍, വിദേശത്തുനിന്നു വരുന്ന യാത്രികന്‌ ചെക്കിംഗും ക്ലിയറന്‍സും ഒക്കെക്കഴിഞ്ഞ്‌ അരമണിക്കൂറിനകം വിമാനത്താവളത്തു നിന്നും പുറത്തുചാടാം. (ഇപ്പോള്‍ ശരാശരി മണിക്കൂറൊന്നെടുക്കും ഈ പ്രക്രിയയ്ക്ക്‌)


സ്ഥിരം പറക്കുന്ന യാത്രക്കാര്‍ക്ക്‌ പ്രത്യേക സൌകര്യങ്ങളൊരുക്കാനും പദ്ധതിയുണ്ട്‌. ഇതൊക്കെ കൂടാതെ, 10,000 സ്ക്വയര്‍ ഫീറ്റ്‌ വിസ്താരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന വിമാനത്താവളഗ്രാമത്തില്‍ (എയര്‍ പോര്‍ട്ട്‌ വില്ലേജ്‌) കപ്പലണ്ടി മുതല്‍ ചിക്കന്‍ കബാബ്‌ വരെ ലഭ്യമാകുന്ന മിനി ഭക്ഷ്യമേളയും ബിസിനസ്സ്‌ സെന്ററും മിനി ഗോള്‍ഫ്‌ ഗ്രൌണ്ടും പദ്ധതിയിലുണ്ട്‌. വിമാനം കിട്ടിയില്ലേലും ഉല്ലസിക്കാന്‍ വകുപ്പുണ്ടെന്നു ചുരുക്കം!

ബാംഗ്ലൂരിലെ വിമാനക്കൊട്ടകയ്ക്കും ആഡംബരത്തിനു കുറവൊന്നുമില്ല. നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ദേവനഹള്ളിയില്‍ 3,900 ഏക്കറില്‍ നിര്‍മ്മിക്കപ്പെടുന്ന പുത്തന്‍ വിമാനത്താവളത്തിന്‌ 2 റണ്‍ വേയും 120 വിമാനസ്റ്റാന്‍ഡുകളുമുണ്ടാവും. പ്രതിവര്‍ഷം 40 മില്ല്യണ്‍ യാത്രക്കാരെയും ഒരു മില്ല്യണ്‍ ചരക്കും കൈകാര്യം ചെയ്യാന്‍ കെല്‍പ്പുണ്ടാവും സ്വപ്നതാവളത്തിന്‌ . 2008-ഏപ്രിലില്‍ പണിതീരുമെന്നാണ്‌ പ്രതീക്ഷ.

പണി നേരത്തെ തുടങ്ങിയതിനാല്‍ റണ്‍വേയിലാദ്യമോടുന്നത്‌ ഹൈദരാബാദാണ്‌. നിര്‍മ്മാണജോലികള്‍ പല ഏജന്‍സികള്‍ക്കായി പകുത്തുനല്‍കി സമയം ലാഭിക്കുകയാണ്‌ ഹൈദരാബാദ്‌. രണ്ടും പുതുപുത്തന്‍ (ഗ്രീന്‍ഫീല്‍ദ്‌) താവളങ്ങളാണ്‌. നിലവിലുള്ള വിമാനത്താവളം പുതുക്കാതെ പുത്തനൊരു തരിശുനിലത്തില്‍ ആദ്യപടി മുതല്‍ തുടങ്ങിയാലാണ്‌ ഗ്രീന്‍ഫീല്‍ദ്‌ എയര്‍പോര്‍ട്ട്‌ എന്ന പേരു കിട്ടുക. ഇത്തരത്തില്‍ ഇന്ത്യയിലാദ്യത്തെ പുതുപുത്തന്‍ വിമാനത്താവളമാകാനുള്ള മല്‍സരപറക്കലിലാണ്‌ ഹൈദരാബാദും ബാംഗ്ലൂരും. അല്‍പ്പമകലെ ഗോവയും മറ്റൊരങ്കത്തിനു തയ്യാറെടുക്കുന്നു.

കെട്ടിലും മട്ടിലും അന്താരാഷ്ട്രനിലവാരം പുലര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഹൈദരാബാദ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡിന്റെ പ്രോജക്ട്‌ തലവന്മാര്‍ പറയുന്നു. പദ്ധതിപ്രദേശത്തെ നാഷണല്‍ ഹൈവേകളിലേക്കും നഗരമദ്ധ്യത്തിലേക്കും ബന്ധിപ്പിക്കുന്ന പാതകളുടെ പണി വിമാനത്താവളത്തിനു മുന്നേ തീരുമെന്നു ചുരുക്കം. ഇന്ദിരാഗാന്ധിയുടെ പേരിലറിയപ്പെടുന്ന പുതിയ താവളം തുറന്നുകഴിഞ്ഞാല്‍ ഇപ്പോഴത്തെ വിമാനത്താവളം പറക്കല്‍ വിദ്യാര്‍ത്ഥികളുടേയും വി.ഐ.പി പറക്കലുകളുടേയും സ്വകാര്യസ്വത്താവും.

ആന്ധ്രയിലെ രണ്ടാമത്തെ പ്രധാനി വിശാഖപട്ടണം താവളമാണ്‌. നല്ലൊരു മഴപെയ്താല്‍ വിമാനത്തിന്റെ വീലുവരെ വെള്ളം പൊങ്ങും വിശാഖപട്ടണത്തെ താവളത്തില്‍. മിനി റിസെര്‍വോയറുകള്‍ കെട്ടി വെള്ളം വിമാനത്താവളത്തിലേക്കു വരുന്നതു തടയാനുള്ള പദ്ധതികള്‍ ആരംഭിച്ചുകഴിഞ്ഞു. നേതാക്കന്മാര്‍ പറഞ്ഞുകൊതിപ്പിക്കുന്നതു പോലെ പുതിയ വിമാനത്താവളമൊന്നും വിശാഖപട്ടണത്തില്‍ ഉടനെ വരാന്‍ സാധ്യതയില്ലെങ്കിലും എയര്‍ കാര്‍ഗൊ കൊംപ്ലെക്സും ടെര്‍മിനലുകളുടെ വികസനവും വൈകാതെ ഉണ്ടായേക്കാം. അന്താരാഷ്ട്രപദവിക്കായുള്ള ശ്രമവും തുടങ്ങിയിരിക്കുന്നു.

ഏതായാലും താവളങ്ങളുടെ കാര്യത്തില്‍ കേരളം മുന്നിലാണ്‌. കോഴിക്കോടിനു കൂടി അന്താരാഷ്ട്രപദവി കിട്ടിയതോടെ മൂന്ന് അന്താരാഷ്ട്രന്മാരുള്ള ഏക സംസ്ഥാനമായിരിക്കുകയാണ്‌ കേരളം. കണ്ണൂരില്‍ പുതിയൊരു താവളത്തിന്‌ അനുമതി ലഭിച്ചതു കൂടാതെ തിരുവനന്തപുരത്തെ രണ്ടാം ടെര്‍മിനലും സര്‍ക്കാര്‍ പരിഗണനയിലാണ്‌. കൊച്ചിയിലെയെന്ന പോലെ കൊച്ചുകേരളത്തിലെ മറ്റു വിമാനത്താവളങ്ങളും ആകെമൊത്തം ചെറുതാണെങ്കിലും വൃത്തിയുടെ കാര്യത്തില്‍ നാം മറ്റിന്ത്യന്‍ വന്‍നഗരങ്ങളെ ദില്ലിയേയും മുംബൈയേയും കടത്തിവെട്ടുമെന്ന്‌ സ്ഥിരംപറക്കലുകാര്‍ പറയുന്നു.

വിസാവിതരണകേന്ദ്രം

വിമാനത്താവളം കൂടാതെ ഹൈദരാബാദ്‌ കാത്തിരിക്കുന്ന മറ്റൊരു സ്വപ്നം യു. എസ്‌ കോണ്‍സലേറ്റാണ്‌. ഇപ്പോള്‍ തെക്കേയിന്ത്യയില്‍ ആകെയുള്ള അമേരിക്കന്‍ വിസാവിതരണകേന്ദ്രം ചെന്നൈയിലാണ്‌. പുതിയൊരു കേന്ദ്രം തുടങ്ങാന്‍ സായിപ്പ്‌ പദ്ധയിയിട്ടതു മുതല്‍ ബാംഗ്ലൂരും ഹൈദരാബാദും കടിപിടിയിലാണ്‌. എന്നാല്‍ അരലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളെ അമേരിക്കയിലേക്കു വിമാനം കയറ്റിയ ആന്ധ്രയ്ക്കുതന്നെയാകും ആ ഭാഗ്യം ലഭിക്കുക. മാര്‍ച്ച്‌ ഒന്നാം വാരം ഹൈദരാബാദില്‍ വിമാനമിറങ്ങുന്ന അമേരിക്കന്‍ രാജാവ്‌ ജോര്‍ജ്‌ ബുഷ്‌ തിരുവായ്‌ മൊഴിഞ്ഞ്‌ ഈ നഗരത്തിനു തന്നെ വിതരണകേന്ദ്രം സമ്മാനിക്കുമെന്നാണ്‌ ഇവിടെ നിന്നുമുള്ള ലേറ്റസ്റ്റ്‌ വര്‍ത്തമാനം.

ഇനി: പറന്നുജീവിക്കുന്ന കുറച്ചു തെലുങ്കരുടേയും ജീവിക്കാന്‍ പറക്കുന്ന ഏറെ മലയാളികളുടേയും ആവശ്യങ്ങളും പ്രശ്നങ്ങളും പലതായതിനാല്‍ ഇത്തവണ പരിഭവമില്ല. പക്ഷെ, ഹൈദരാബാദില്‍ നിന്നും നെടുമ്പാശ്ശേരിയിലുള്ള 'കൊച്ചി' വിമാനത്താവളം വരെ പറക്കാന്‍: 1 മണിക്കൂര്‍. അവിടെ നിന്നും കൊച്ചിനഗരം വരെ ടാക്സിയില്‍ പറക്കാന്‍ 1 മണിക്കൂര്‍. ഈ പ്രതിഭാസത്തിനൊരു പരിഹാരം പുതുവര്‍ഷത്തിലെങ്കിലും പ്രതീക്ഷിക്കാമോ ആവോ!

0 Comments:

Post a Comment

<< Home