ആന്ധ്രാക്കത്ത്‌

മാവേലിനാടില്‍ മാസം തോറും പ്രത്യക്ഷപ്പെടുന്ന ആന്ധ്രാവിശേഷങ്ങള്‍

My Photo
Name:
Location: New Delhi, India

12.9.07

പുലി വരുന്നേ, തെലുങ്കാനപ്പുലി

December 2006

നാലഞ്ചുമാസം ജോലിയില്ലാതിരുന്ന മുന്‍ കേന്ദ്രതൊഴില്‍മന്ത്രി കെ. ചന്ദ്രശേഖരറാവുവിനു സാമാന്യം നല്ലൊരു പണി കിട്ടി. കരീംനഗര്‍ ഉപതിരഞ്ഞെടുപ്പില്‍ രണ്ടുലക്ഷത്തില്‍ച്ചില്വാനം ഭൂരിപക്ഷത്തില്‍ ജയിച്ചതു താനല്ല തെലുങ്കാനയെന്ന മുറവിളിയാണെന്നാണ്‌ താപ്പാനയായ റാവുവിന്റെ വിനയാന്വിതമായ മുദ്രാവാക്യം. അതു നേരെങ്കില്‍ അധികം വൈകാതെ ആന്ധ്രാ പ്രദേശം പിളരും. തെക്കേയിന്ത്യയില്‍ കേരളത്തോളം വലുപ്പത്തില്‍ പുതിയൊരു സംസ്ഥാനം ജനിക്കും. ജയ്‌ ജയ്‌ തെലുങ്കാന!

ഇന്ത്യ പിളര്‍ന്ന കഥ

ഭാരതഭൂവില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപീകൃതമായ ആദ്യസംസ്ഥാനം ആന്ധ്രപ്രദേശാണ്‌. ഇതേ ആവശ്യമുന്നയിച്ച്‌ 54 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ 56-ദിവസം നിരാഹാരമിരുന്നു സമാധിയായ ശ്രീരാമുലു എന്ന തെലുങ്കന്റെ സ്വാധീനഫലമായാണ്‌ അന്നു ദേശവ്യാപകമായി സംസ്ഥാനരൂപീകരണമഹോല്‍സവം സംഘടിപ്പിച്ചത്‌. വിഭജിക്കു ഭരിക്കുകയെന്ന ബ്രിട്ടീഷ്‌ ബുദ്ധിയെ നാം കുതന്ത്രമെന്നു വിളിച്ചാക്ഷേപ്പിച്ചത്‌ തത്‌കാലം മറക്കാം. 1966-ല്‍ പഞ്ചാബ്‌ നെടുകെ പിളര്‍ന്നു. ത്രിപുരയും മണിപ്പൂരും ഗോവയും പിന്നെ ഛത്തീസ്ഗറും ഝാര്‍ഖണ്ടും ഉത്തരാഞ്ചലും പലകാലങ്ങളിലായി സംസ്ഥാനങ്ങളുടെ പട്ടികയില്‍ നുഴഞ്ഞുകയറി.

അതിലവസാനം ജനിച്ച മൂന്നു ദേശങ്ങളാണ്‌ ചന്ദ്രശേഖരനും അതിയാന്റെ സ്വന്തം പാര്‍ട്ടിയായ തെലുങ്കാന രാഷ്ട്ര സമിതിയ്ക്കും (ടി.ആര്‍.എസ്സ്‌) ഉത്തേജനം നല്‍കുന്നത്‌. ഝാര്‍ഖണ്ട്‌ മുക്തിമോര്‍ച്ചയുടെ പാത പിന്തുടര്‍ന്നാല്‍ സ്വന്തമായൊരു കൊച്ചുസംസ്ഥാനമെന്ന തങ്ങളുടെ വലിയ പ്രതീക്ഷയ്ക്കും മുക്തിലഭിക്കുമെന്ന്‌ റാവുവും കൂട്ടരും ഉറച്ചു വിശ്വസിക്കുന്നു.

ആന്ധ്ര തളര്‍ന്ന കഥ

നിത്യദാരിദ്ര്യവും നിരക്ഷരതയും ബാലവേലയും തൊഴിലില്ലായ്മയും ജലദൌര്‍ലഭ്യവും കര്‍ഷക ആത്മഹത്യകളും എന്നുവേണ്ട നാം കേട്ടിട്ടുള്ള സകല സാമൂഹികപ്രശ്നങ്ങളും സകുടുംബം വസിക്കുന്ന പ്രദേശമാണ്‌ തെലുങ്കാന. അഥവാ അങ്ങനെയാണെന്നാണ്‌ പ്രത്യേകസംസ്ഥാനഭിക്ഷാടകരുടെ അതിശക്തമായ വാദം.

ഹൈദരാബാദ്‌, അദിലാബാദ്‌, നിസാമാബാദ്‌, മേടക്‌, കരീംനഗര്‍, വാറങ്കല്‍, ഖമ്മം, നല്‍ഗോണ്ട, മെഹബൂബ്‌നഗര്‍, രംഗറെഡ്ഡി എന്നിങ്ങനെ പത്തു ജില്ലകളാണ്‌ തെലുങ്കാനയിലുള്ളത്‌. ആന്ധ്രയുടെ 42 % മണ്ണും 40%ലേറെ മാനവരും ഈ പ്രദേശത്തിലാണ്‌. പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന പ്രദേശങ്ങളെ പുരോഗതിയുടെ പറുദീസയാക്കി മാറ്റാനാണത്രേ വിശാല ആന്ധ്രയില്‍ കത്തിവെക്കുന്നത്‌ വികസനകുതികികളായ കുറെ ജനനായകര്‍ മൊഴിയുന്നു.

ടി.ആര്‍.എസ്സിന്റെ തെലുങ്കാനരാഷ്ട്രീയവത്‌കരണത്തില്‍ ജനങ്ങളില്‍ പലര്‍ക്കും എതിര്‍പ്പുണ്ടെങ്കിലും പുതിയ സംസ്ഥാനം ഒരു ആവശ്യത്തേക്കാളേറെ ആവേശമായി മാറിയിരിക്കുന്നു. നാടുപകുത്താല്‍ മാറിമറിയുന്ന വോട്ടുകളുടെ എണ്ണം കൂട്ടിയും കുറച്ചും കിഴിച്ചും മറ്റു രാഷ്ട്രീയപാര്‍ട്ടികളും തെലുങ്കാനയെ ഒരു നിര്‍ണ്ണായകവിഷയമായി അംഗീകരിച്ചിരിക്കുന്നു. നില മാറ്റിച്ചവിട്ടാനുള്ള തയ്യാറെടുപ്പിലാണ്‌ തെലുഗുദേശം മുതല്‍ ബി.ജെ.പി വരെയുള്ള കക്ഷികള്‍. ആന്ധ്രയിലിന്നും ശക്തമായി വേരുകളുള്ള നക്സല്‍ പ്രസ്ഥാനത്തിനു പോലും തെലുങ്കാന സംസ്ഥാനം സ്വപ്നവും ലക്ഷ്യവുമാവുന്നു.

തല സ്ഥാനം മാറുമോ?

തെലുങ്കാന ജനിച്ചാല്‍ തലസ്ഥാനം ഈ ഐ.ടി.കേന്ദ്രം തന്നെയാവുമെന്നതിനാല്‍ ആന്ധ്രയുടെ നഷ്ടങ്ങളില്‍ പ്രധാനം സ്വപ്നനഗരിയായ ഹൈദരാബാദായിരിക്കും. ചിലപ്പോള്‍ പഞ്ചാബിനും ഹരിയാനയ്ക്കും ചണ്ഡിഗറെന്ന പോലെ ഹൈദരാബാദ്‌ ഇരുകൂട്ടര്‍ക്കും പൊതുസ്വത്താവാനും ഇടയുണ്ട്‌. എന്നാല്‍ പക്ഷെ ഇതൊരു കേന്ദ്രഭരണപ്രദേശമോ മുനിസിപ്പല്‍ കോര്‍പ്പറേഷനോ ആയി ചുരുങ്ങിയേക്കാം.

നഗരത്തിന്റെ 61 ലക്ഷത്തില്‍പ്പരം വരുന്ന ജനസംഖ്യയുടെ 50 ശതമാനവും മറ്റു ജില്ലകളിലോ സംസ്ഥാനങ്ങളിലോ നിന്നുള്ളവരാണ്‌. തെലുങ്കാനരൂപീകരണം ഈ 'കുടിയേറ്റക്കാര്‍ക്കും' ഭീഷണിയുയര്‍ത്തിയേക്കാം. മാത്രവുമല്ല, പല വകകളിലായി ഏകദേശം 14,000 കോടിരൂപ സംസ്ഥാനത്തിനും 9,000 കോടി രൂപ കേന്ദ്രത്തിനും വരുമാനമുത്‌പാദിപ്പിക്കുന്ന ഹൈദരബാദില്ലെങ്കില്‍ ആന്ധ്രയുടെ നില പരുങ്ങലിലാവും. നൈസാമിന്റെ പട്ടണത്തോടു തുലനം ചെയ്യാന്‍ മറ്റൊരു നഗരമില്ല ആന്ധ്രാദേശത്തില്‍. എങ്കിലും വാറംഗല്‍ തെലുങ്കാനാതലസ്ഥാനമായും വിജയവാഡയോ വിശാഖപട്ടണമോ ആന്ധ്രാരാജധാനിയായും മാറിയേക്കാമെന്നും കിംവദന്തികളുണ്ട്‌.

വിഭജിച്ചു ഭരിച്ച്‌ വികസനം കൊയ്യാന്‍ ശ്രമിക്കുന്നവര്‍ എപ്പൊഴോ കേരളത്തെക്കുറിച്ചും പറഞ്ഞുകേട്ടു. ദാരിദ്ര്യദൂരീകരണത്തിലും പ്രാഥമികവിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും മാവേലിനാട്‌ മുന്നേറിയത്‌ വലുപ്പത്തിന്റെ ചെറുപ്പം കൊണ്ടാണെന്നും അതിനാല്‍ തെലുങ്കാനയുണ്ടാവണമെന്നുമാണ്‌ വാദം. കാര്‍ഷികമികവും വന്‍ ഐ.ടി.പൂന്തോട്ടങ്ങളുമില്ലെങ്കിലും തുലനം ചെയ്താല്‍ കൊച്ചുകേരളം നൂറുമേനി കൊയ്യുന്ന മറ്റു പല മേഖലകളുമുണ്ട്‌. കണക്കുകള്‍ കഥ പറയട്ടെ, നമുക്കു തിരിഞ്ഞു നോക്കി മടിച്ചു നില്‍ക്കാതെ മുന്നോട്ടുനീങ്ങാം.

കേന്ദ്രസന്നിധിയിലേയ്ക്ക്‌

കരീം നഗറിലെ വിജയകാഹളങ്ങള്‍ ഇന്ദ്രപ്രസ്ഥത്തിലും പ്രതിധ്വനിക്കുന്നുണ്ട്‌. പുതുസംസ്ഥാനത്തെക്കുറിച്ചു തുറന്ന മനസ്സാണുള്ളതെന്നാണ്‌ സോണിയാമൊഴി. ബി.ജെ.പിയുടെ സുഷമ സ്വരാജാവട്ടെ രാജ്യസഭയില്‍ വിഷയമുന്നയിക്കാന്‍ തയ്യാറെടുക്കുന്നതു കൂടാതെ വിശദമായൊരു കത്തുമെഴുതി പാവം പ്രസിഡന്റ്‌ അബ്ദുല്‍ കലാമിന്‌. സാദാഖദര്‍ധാരി മുതല്‍ സംസ്ഥാനമുഖ്യന്‍ വരെ കേട്ടു ഞെട്ടിയ തെലുങ്കാനസംഗീതം 10 ജനപഥ്‌ വഴി മന്ത്രിമന്ദിരങ്ങളിലും ലോക്‌സഭയിലും ഓളങ്ങള്‍ സൃഷ്ടിക്കും. രണ്ടാം സംസ്ഥാന പുന:സംഘടനാ കമ്മിഷന്‍ രൂപീകരിക്കാനും ഭരണഘടനയുടെ പതിനെട്ടാംപടി കടത്തി ലോക്‌സഭയില്‍ തെലുങ്കാനയ്ക്കായി കരടുനിയമം അവതരിപ്പിക്കാനും ചന്ദ്രശേഖരനും കൂട്ടരും ഇനി പതിനെട്ടടവുകളും പയറ്റും.

ഉപതിരഞ്ഞെടുപ്പില്‍ നിന്നും ടി.ആര്‍.എസ്സും പ്രജകളും തെലുങ്കാനരഥമുരുട്ടുന്നത്‌ 2009-ലെ പൊതുതിരഞ്ഞെടുപ്പിലേക്കായിരിക്കും. അതു കണ്ണടച്ചു നോക്കിനില്‍ക്കാന്‍ മാത്രം മണ്ടന്മാരല്ല മറ്റുള്ളവര്‍. അധികാരം മധുരമൊരിക്കലും തീരാത്ത അരവണപ്രസാദമാണല്ലോ!

2001-ല്‍ രൂപം കൊണ്ട തെലുങ്കാന രാഷ്ട്രസമിതിയുടെ നേതാവായ ചന്ദ്രശേഖരറാവുവിനു ഇതു നിലനില്‍പ്പിനായുള്ള പോരാട്ടമാണെങ്കില്‍ അത്രതോളം തന്നെ സങ്കടാവസ്ഥയിലാണ്‌ തെലുഗുദേശപ്രമുഖന്‍ ചന്ദ്രബാബു നായിഡുവും കോണ്‍ഗ്രസ്സ്‌ രാജന്‍ രാജശേഖരറെഡ്ഡിയും. തെലുങ്കാനയുടെ മുഖ്യമന്ത്രിക്കുപ്പായം തുന്നി കാത്തിരിക്കുന്ന ചന്ദ്രശേഖരനു തന്നെയാണ്‌ കളിയില്‍ മുന്‍തൂക്കം. ആകാംക്ഷയോടെ, ആശങ്കയോടെ ആന്ധ്രപിളരുന്നതും കാത്തിരിക്കാം നമുക്ക്‌. ഇക്കൊല്ലമില്ലേലും എന്നേലും പുലി വരും. വരാതിരിക്കില്ല!

ഇനി: ആന്ധ്രയിലാദ്യം ഹൈദരാബാദില്ലായിരുന്നു.1956-ലെ ഏകീകരണത്തിലാണ്‌ നൈസാമിന്റെ ഒന്‍പതുജില്ലകള്‍ ഈ സംസ്ഥാനത്തിന്റെ ഭാഗമായത്‌. നാല്‍പ്പതുവര്‍ഷത്തിലേറെ നീണ്ട വിവാഹജീവിതത്തിനുശേഷം വിവാദപരമായ വിഭജനം വിധിവൈപരീത്യമാവാം. പക്ഷെ ശാസ്ത്രം പുരോഗമിക്കുന്നതിനാല്‍ നാം ദുഖിക്കേണ്ടതില്ല. അടുത്തനൂറ്റാണ്ടില്‍ ലോകം ഭരിക്കാന്‍ പോവുന്ന യുണൈറ്റട്‌ സ്റ്റേറ്റ്‌സ്‌ ഓഫ്‌ ഇന്ത്യയിലെ 465 സംസ്ഥാനങ്ങളില്‍ അളിയന്‍ വസിക്കുന്ന അയല്‍ സംസ്ഥാനമേതെന്ന്‌ കണ്ടെത്താന്‍ ഗൂഗിള്‍ പുത്തന്‍ സേര്‍ച്ച്‌ എഞ്ചിന്‍ നിര്‍മ്മിച്ചേക്കും. അതുവരെ നമുക്കു വികസനപ്പേന കൊണ്ട്‌ വരമ്പുകള്‍ മാറ്റിവരച്ചുകളിയ്ക്കാം.

7 Comments:

Anonymous Anonymous said...

ചേട്ടാ

കേരളത്തെ പോലെ കൊച്ചു നാടുകളില്‍ നിന്നുള്ളവര്‍ക്കു ഇതു നല്ലതല്ലെ. ഇപ്പോള്‍ തമില്‍നാടിന്റെ കാര്യം എടുത്താല്‍ അവര്‍ക്കു 40 നു മേലെ സീറ്റുന്ദു ലോകസഭയ്യില്‍ അതുവച്ചാണ്ണു നമ്മുടെ കൊച്ചു state ന്റെയ് നേരെ വരുന്നതൂ. ഇപ്പോള്‍ 25 സീറ്റിനു മുകലില്‍ മണ്ഡലങ്ങള്‍ ഉള്ള എല്ലാ state ഉം ഇങ്ങനെ മുറിച്ചാല്‍ ഈ ലോക്കല്‍ പാര്‍ട്ടികളുടെ വല്ലാതുള്ള് ശല്ല്യം തീരില്ലേ.

ഇപ്പോള്‍ തമില്‍നാട് മുറിച്ചാല്‍ DMK um AIDMK um പിന്നെ ഉള്ള അലവലാതി പാര്‍ട്ടികളും വല്ലാതെ probelms ഉന്ദാക്കില്ല

അതു പോലെ ബീഹാര്‍, ഒറീസ്സ, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്രാ.

എന്റ് ഒരു സംശയം ആണ്.

നിഖില്‍

5:03 AM  
Blogger kumarapuram said...

പ്രിയപ്പെട്ട അനിയാ

അറിയില്ല...
തെലുഗുദേശത്തെ സംഭവവികാസങ്ങളെ നിഷ്പക്ഷമായി നോക്കിക്കാണുന്ന ലഘുഭാഷണങ്ങള്‍ മാത്രമാണ്‌ ആന്ധ്രാക്കത്ത്‌. ശരിതെറ്റുകള്‍ നിര്‍വച്ചിക്കാന്‍ അടിയനു കെല്‍പ്പില്ലേയ്‌!!

എങ്കിലും...
ഭരണത്തിനു സൌകര്യവും വികസനത്തിനു സഹായകവും ആവുന്നത്‌ ചേറിയദേശങ്ങള്‍ തന്നെ. ഗ്രാമങ്ങളില്‍ നിന്നു പുരോഗതി തുടങ്ങട്ടെ എന്നു പറഞ്ഞ ദേഹത്തിന്റെയും തലയില്‍ ഉണ്ടായിരുന്നത്‌ അതിവിശാലമായ ആശയമായിരുന്നല്ലോ.

പക്ഷെ...
വമ്പന്മാരെ വെട്ടിവീഴ്ത്തിയെന്നിരിക്കട്ടെ. ഗോവയ്ക്കും മണിപ്പൂറിനും മേഘാലയയ്ക്കും 2 സീറ്റുകള്‍ മാത്രമെ ഉള്ളൂ പാര്‍ലമെന്റില്‍. അതിലും പാവങ്ങളായ മിസോറാമിനും നാഗാലാണ്ടിനും ഒറീസ്സയ്ക്കും സിക്കിമിനും ഒരു സീറ്റും.
രാഷ്ട്രീയജീവികളുടെ കടിപിടി നിര്‍ത്താന്‍ 20 സീറ്റുള്ള നമ്മുടെ കൊച്ചു കേരളത്തെ 20 കൊച്ചു കൊച്ചു കഷ്ണങ്ങള്‍ ആക്കേണ്ടി വരുമോ? അയ്യോ!
രാജ്യവും അപ്പോള്‍ 545 കഷ്ണങ്ങളാവില്ലേ?

ഭാഷയ്ക്കും ഭൂഷയ്ക്കും സംസ്ഥാനത്തിനും സംസ്കാരത്തിനുമപ്പുറം ഒരു മാനവസൌഹൃദം പ്രാവര്‍ത്തികമാണോ? അതു നമുക്കെന്നെങ്കിലും സാധ്യമാകുമോ?
അറിയില്ല...

1:58 PM  
Anonymous Anonymous said...

ചിലടിത്തൂ കൂട്ടി ചേര്‍ക്കണം. ചിലേടത്തു കുറക്കണം.
ഇതെന്റെ ഒരു വീക്ഷണം ആണു. തെറ്റായിരിക്കാം. മറ്റു രാജ്യങ്ങലില്‍ ഓരൊ സ്റ്റേറ്റിനും ഒരു പ്ര്‌തിനിധി ആണെന്നു തോന്നുന്നു.
അങ്ങനെ വരുബോള്‍ ലോബികള്‍ കുറയ്യും

9:38 PM  
Anonymous Anonymous said...

is this sajeev?

11:59 AM  
Blogger kumarapuram said...

i guess so... :-)

5:09 AM  
Anonymous Anonymous said...

കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com

7:25 AM  
Anonymous CVforyou said...

നിങ്ങൾ നല്ലൊരു ജോലി അന്വേഷിക്കുകയാണോ? എങ്കിൽ തീർച്ചയായും നിങ്ങളുടെ കയ്യിൽ ഒരു പ്രൊഫെഷണൽ CV ഉണ്ടായിരിക്കണം. Qualification, Skills എല്ലാം വളരെ വ്യക്തമായി മനസ്സിലാവുന്ന രീതിയിൽ ആയിരിക്കണം. നിർമ്മിക്കാൻ ഇപ്പോൾ വളരെ എളുപ്പം അതും ഫ്രീ ആയി, ഈ webbsite open ചെയ്യൂ നിങ്ങള്കിഷ്ടപ്പെട്ട CV നിർമ്മിക്കൂ..www.cvforyou.com

11:19 PM  

Post a Comment

<< Home