ആന്ധ്രാക്കത്ത്‌

മാവേലിനാടില്‍ മാസം തോറും പ്രത്യക്ഷപ്പെടുന്ന ആന്ധ്രാവിശേഷങ്ങള്‍

My Photo
Name:
Location: New Delhi, India

6.9.07

സങ്കരയിനം സായിപ്പന്മാര്‍

November 2006

ആകെ മൊത്തം ടോട്ടല്‍ ഒരു കണ്‍ഫ്യൂഷന്‍. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഇംഗ്ലീഷുഭാഷമാത്രം എന്ന മട്ടിലാണു നഗരപുരോഗതി. പൊടിമീശക്കാരുടെ നാലക്ഷരപ്രയോഗങ്ങളില്‍ മുതല്‍ ആന്ധ്രാമുഖ്യന്‍ രാജശേഖരറെഡ്ഡിയുടെ വികസനഡയറിയില്‍ വരെ കാണാം രാജ്ഞിഭാഷയുടെ അരാജകീയസ്വാധീനം. എന്നാല്‍ മറ്റൊരു വശത്തു ബ്രിട്ടീഷ്‌ രഹസ്യപ്പോലീസന്‍, ജെയിംസ്‌ ബോണ്ട്‌ സി.ബി.ഐ, ലോകം മുഴുവന്‍ പെണ്ണുപിടിച്ച്‌ കറങ്ങിത്തിരിഞ്ഞു ആന്ധ്രയിലെത്തിയപ്പോള്‍ ഒന്നാന്തരം തെലുങ്കനായി. നാടേതുവഴിയ്ക്കാണ്‌ ഓടുന്നതെന്ന്‌ ശങ്കിച്ചുനില്‍ക്കാനേ തല്‍ക്കാലം നിവൃത്തിയുള്ളൂ. ഓരോ കലികാലവൈഭവങ്ങള്‍!

ഐ ആം ബോണ്ട്‌! തെലുങ്കന്‍ ബോണ്ട്‌!

ബോണ്ടന്റെ കഥയാദ്യം. നവംബര്‍ 17-നു ഭാരതം മുഴുവന്‍ ഇംഗ്ലീഷില്‍ 'കാസിനൊ റോയല്‍' പ്രദര്‍ശിപ്പിച്ചപ്പോള്‍ ആന്ധ്രയിലെ തീയറ്ററുകളില്‍ സൂപ്പര്‍താരം ജെയിംസച്ചായന്‍ ശുദ്ധതെലുങ്കില്‍ പിറുപിറുത്തു. 'പ്രപഞ്ചാനികി ഒക്കടു' എന്ന പേരില്‍ മൊഴിമാറ്റം നടത്തിയ സിനിമ മാത്രം തല്‍ക്കാലം ജനം കണ്ടാല്‍ മതി എന്നു തീരുമാനിക്കുകയായിരുന്നു സോണി പിക്‌ചേഴ്സില്‍ നിന്നു വിതരണാവകാശം വിലയ്ക്കെടുത്ത പ്രാദേശികമുതലാളി. ഹൈദരാബാദ്‌ നഗരത്തില്‍ മാത്രം 20-ഇലും സംസ്ഥാനത്തു 50-ലേറെയും തീയറ്ററുകളില്‍ തെലുങ്കന്‍ ബോണ്ടന്‍ നിറഞ്ഞോടുന്നു. കാശുമുടക്കി ഡാനിയല്‍ ക്രേഗിനെ തെലുങ്കുപരിശീലിപ്പിച്ച ലക്ഷ്മി ഗണപതി പിക്‌ചേഴ്സ്‌ വെരി വെരി ഹാപ്പി. പ്രതിഷേധങ്ങളും ആരാധകപരിഭവങ്ങളും റോയല്‍ കാശിനു മുമ്പില്‍ വിലപോവുമോ? പാവം ഇംഗ്ലീഷുബോണ്ടനു ഡിസംബര്‍ വരെ പെട്ടിക്കകത്തിരുന്നു പടക്കം പൊട്ടിക്കാം!

ആംഗ്ലാ പ്രദേശ്‌

ബെംഗളൂരും മാംഗളൂരും പേരുമാറുന്ന മറ്റൂരുകളും കണ്ടു ഞെട്ടിയെങ്കിലും ഏറെ പ്രതീക്ഷകള്‍ സര്‍വേകളുടേയും സര്‍ക്കാര്‍തീരുമാനങ്ങളുടെയും രൂപങ്ങളില്‍ അവതരിച്ച മാസമായിരുന്നു നവംബര്‍.

ആന്ധ്രാ പ്രദേശിനെ ഒരു ആംഗ്ലാ പ്രദേശ്‌(ആംഗ്ലാ എന്നാല്‍ തെലുങ്കില്‍ ഇംഗ്ലീഷ്‌) ആക്കാനുള്ള തീവ്രശ്രമത്തിലാണ്‌ ഭരണകൂടം. തെലുഗു മരിക്കുന്നു എന്ന മുറവിളി പലഭാഗത്തു നിന്നും ശക്തമായിട്ടുണ്ടെങ്കിലും തെലുഗുമീഡിയം വിദ്യാലയങ്ങളുള്‍പ്പടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇംഗ്ലീഷദ്ധ്യാപനം ഊര്‍ജ്ജിതമാക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനം. നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാന്‍ ലോകഭാഷയുടെ ജാലവിദ്യയിലൂടെ മാത്രമേ കഴിയൂ എന്നു വിശ്വസിക്കുന്ന അധികാരികള്‍ 63 സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ്‌ ഭാഷാലാബുകള്‍ ആരംഭിക്കാനുള്ള അവസാനപണിയിലാണ്‌. അക്ഷരപരീക്ഷണശാലയിലെ ഗവേഷണങ്ങള്‍ വിജയിക്കുമെങ്കില്‍ വിഷയമറിയാമായിട്ടും ഭാഷയറിയാതെ ഭാവി നഷ്ടമായ ഏറെ വിദ്യാര്‍ത്ഥികള്‍ക്കു പിന്‍ഗാമികളുണ്ടാവില്ലെന്നു പ്രതീക്ഷിക്കാം.

ധനകാര്യവും ഭൌതികവിദ്യയും രസതന്ത്രവുമറിയുന്ന മിടുക്കന്മാര്‍ക്കു സംസാരശേഷി കൊടുക്കുകയെന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യം. ഒപ്പം വന്‍ജോലിസാദ്ധ്യതയും. ഇപ്പ്പ്പോള്‍ ഒന്നും രണ്ടും വര്‍ഷബിരുദക്ലാസ്സുകളില്‍ മാത്രമുള്ള ഭാഷാപരിശീലനം മൂന്നാം വര്‍ഷത്തിലും തുടരാനും ആലോചനയുണ്ട്‌.

11 കലാശാലകളിലെ ജവഹര്‍ ട്രെയിനിംഗ്‌ സെന്റര്‍ മുഖേന ഇപ്പോള്‍ തന്നെ ഇംഗ്ലീഷ് ഭാഷാപരിപോഷണം നടക്കുന്നുണ്ട്‌. താല്‍പര്യമുള്ള സ്വകാര്യസ്ഥാപനങ്ങള്‍ക്കും പദ്ധതിയില്‍ ഭാഗഭാക്കാവാമെന്നും സംസ്ഥാന വിദ്യാഭ്യാസവകുപ്പു വിളംബരം ചെയ്യുന്നു. അങ്ങനെ അടുത്ത സംവത്സരമാവുമ്പോഴേക്കും മൊഴിമാറ്റമില്ലാത്ത ബോണ്ടനു കൈയടിക്കാനും തെലുങ്കകം തയ്യാറാവുമെന്നു ചുരുക്കം.

നോട്ട്‌ ഒണ്‍ലി ബട്ട്‌ ഓള്‍സോ...

എന്നാല്‍ ഇതിനര്‍ത്ഥം ആന്ധ്രാമക്കള്‍ക്കു ഇംഗ്ലീഷറിയില്ലെന്നല്ല. ഒരു പ്രമുഖപത്രം വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നടത്തിയ സര്‍വ്വേ പ്രകാരം പ്രാദേശികഭാഷയറിയില്ലെങ്കിലും അന്തസ്സായി ജീവിക്കാവുന്ന ഏറ്റവും നല്ല നഗരമാണ്‌ ഹൈദരാബാദ്‌. വിമാനത്താവളത്തിലേയും തീവണ്ടിപ്പാളയത്തിലേയും ഉദ്യോഗസ്ഥരില്‍ 100 ശതമാനത്തിനും ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്ന ഏകനഗരമാണത്രേ ഈ ആന്ധ്രാതലസ്ഥാനം. ആ കണ്ടെത്തല്‍ 100 ശതമാനം ശരിയാവണമെന്നില്ലെങ്കിലും പല ഔദ്യോഗികകത്തിടപാടുകളും സര്‍വ്വതരം അപേക്ഷാഫോമുകളും ഇവിടെ ഇംഗ്ലീഷില്‍ പൂരിപ്പിക്കാന്‍ കഴിയും എന്നതൊരു അനുഗ്രഹമാണ്‌ പലര്‍ക്കും. അത്തരത്തിലെ ഏകഇന്ത്യന്‍ നഗരമാണ്‌ ഹൈദരാബാദെന്നും പത്രം കൂട്ടിച്ചേര്‍ക്കുന്നു. ട്രാഫിക്‌ സിഗ്‌നലുകള്‍ ഇംഗ്ലീഷുവത്‌കരിക്കുന്നതില്‍ മുമ്പന്‍ ദില്ലിയാണെന്നും ബസ്സിന്റെ ബോര്‍ഡുകള്‍ പരിഷ്കരിക്കുന്നതില്‍ കേമന്‍ ഗുവാഹട്ടിയാണെന്നും സര്‍വ്വേഫലം. നമ്മുടെ നഗരങ്ങളില്‍ 50 ശതമാനം ഓട്ടോറിക്ഷക്കാരും ഇന്നും പ്രാദേശികഭാഷമാത്രം അറിയാവുന്നവരാണെന്നു വാദിക്കുന്ന റിപ്പോര്‍ട്ടില്‍ പക്ഷെ കേരളം ഉള്‍പ്പെട്ടിരുന്നില്ല.

മേമ്പോടിയായി മറ്റൊന്നു കൂടി. ഭാരതത്തില്‍ ഭാഷാപ()നത്തിനേറ്റവും പ്രശസ്തമായ സീഫല്‍ എന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇംഗ്ലീഷ്‌ ആന്റ്‌ ഫോറിന്‍ ലാംഗ്വേജസ്‌ ഉള്ളത്‌ ഈ നഗരത്തിലാണ്‌. 24 രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഭാഷാഭ്യാസത്തിനായി സീഫലിലുണ്ടെന്നത്‌ പലര്‍ക്കും പുതുമയുള്ള വാര്‍ത്ത. 1958-ല്‍ ആരംഭിച്ച ഈ സര്‍വ്വകലാശാലയില്‍ വിദേശസര്‍ക്കാര്‍ പ്രതിനിധികള്‍ മുതല്‍ പത്രക്കാര്‍ വരെ വിദ്യാര്‍ത്ഥികളായുണ്ട്‌. സീഫല്‍ കൂടാതെ ഒസ്മാനിയയും സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഒഫ്‌ ഹൈദരാബാദും രാജ്യമൊട്ടുക്കു സല്‍പ്പേരുള്ള സരസ്വതീക്ഷേത്രങ്ങള്‍ തന്നെ.

ഹലഹലോ ഹലഹല

സര്‍ക്കാര്‍ കാര്യങ്ങള്‍ മുറ പോലെ നടക്കുന്നതിനിടെയാണ്‌ അമേരിക്കയിലെ നിയൊ ഐ.ടി. നടത്തിയ ആഗോളസര്‍വ്വേയുടെ ഫലം പുറത്തുവന്നു. തെക്കുവടക്കുനടന്നു മികച്ച ഭാവിയുള്ള 24 നഗരങ്ങളെ കണ്ടെടുത്ത സര്‍വ്വേയുടെ പട്ടികയിലെ ഏഴെണ്ണം ഇന്ത്യയിലാണ്‌. തലസ്ഥാനമായ ദില്ലി കൂടാതെ മുംബൈ, ബെംഗളൂരു, ഹൈദരാബാദ്‌, പൂനെ, ചെന്നൈ, കൊല്‍ക്കത്ത എന്നിവരാണ്‌ ഔട്ട്‌സോഴ്സിംഗില്‍ മിടുക്കന്മാരാവാന്‍ സാധ്യതയുള്ള നഗരങ്ങള്‍. ഹോചി മിന്‍ സിറ്റി, മാനില, ഷാങ്ങ്‌ഹായി, മോസ്‌കോ എന്നിവര്‍ ഒപ്പമുള്ള കേമന്മാര്‍.

2004-ഇല്‍ ഇതേ കൂട്ടര്‍ സര്‍വ്വേേക്കായി പരിഗണിച്ച 27 ഇന്ത്യന്‍ നഗരങ്ങളില്‍ തിരുവനന്തപുരവും ചണ്ഡിഗറും ഇന്‍ഡോറുമുണ്ടായിരുന്നു.അമേരിക്കയില്‍ നിന്ന്‌ നാടും കാടും കടലും കടന്നെത്തുന്ന ലക്ഷക്കണക്കിനു തൊഴിലവസരങ്ങളെ സ്വന്തമാക്കുന്നത്‌ ചില്ലറക്കാര്യമല്ല. പന്ത്രണ്ടാം ക്ലാസും ഗുസ്തിയും സായിപ്പിന്റെ താളത്തില്‍ ഇംഗ്ലീഷുമൊഴിയാനുമറിയാമെങ്കില്‍ ചെറുപ്രായത്തിലേ കോടിപതിയാവാം, ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ഇല്ലെങ്കിലും. അസമയങ്ങളില്‍ പണിയണമെന്നും അത്യാവശ്യം അസഭ്യങ്ങള്‍ കേള്‍ക്കണമെന്നുമുള്ള പോരായ്മകളൊഴിച്ചാല്‍ അല്‍പസ്വല്‍പ്പം ഗമയൊക്കെയുണ്ട്‌ ഈ ബിസിനസ്സ്‌ പ്രൊസസ്സ്‌ ഔട്ട്‌സോഴ്സിംഗ്‌ എന്ന പ്രസ്ഥാനത്തിന്‌. സാമര്‍ത്ഥ്യം കൂടുന്തോറും കീശയില്‍ കാശും നിറയുമെന്ന ഗുണവുമുണ്ട്‌.

ഫാസ്റ്റ്‌ ട്രാക്കില്‍ നാടോടുന്നു

ഭാഷയില്‍ തൂങ്ങി വികസനപ്പടവുകള്‍ കയറുന്ന വിവിധ ഇന്ത്യന്‍ യുവനഗരങ്ങളില്‍ വീതിയുള്ള റോഡുമുതല്‍ പുത്തന്‍ വിമാനത്താവളങ്ങള്‍ വരെ സജ്ജമായിക്കൊണ്ടിരിക്കുന്നു.

ബുക്കര്‍ സമ്മാനം നേടിയ കിരണ്‍ ദേശായിയുടെ 'ദ ഇന്‍ഹെറിറ്റന്‍സ്‌ ഓഫ്‌ ലോസ്സി'ലെ ചില കഥാപാത്രങ്ങളെപ്പോലെ പാശ്ചാത്യലോകത്തിന്റെ വര്‍ണ്ണപ്പൊലിമയില്‍ വശംവദരാവുന്ന ഒരു വന്‍ജനക്കൂട്ടമാണ്‌ ഇന്നത്തെ തലമുറ. ഈമെയിലും എസ്‌.എം.എസും സായിപ്പിന്റെ ഭാഷയെ സൌകര്യാനുസരണം ചുരുക്കിചുരുക്കി സുന്ദരനാക്കുമ്പോള്‍ വര്‍ത്തമാനകാലവര്‍ത്തമാനത്തിലും മാറ്റത്തിന്റെ വേലിയേറ്റങ്ങള്‍.

ഇംഗ്ലണ്ടിലെ പള്ളിക്കൂടങ്ങളില്‍ പിള്ളേര്‍ എസ്‌.എം.എസ്‌ കോഡുകളാല്‍ പരീക്ഷാക്കടലാസുകള്‍ നിറയ്ക്കുന്നതു കണ്ടന്തിച്ച ചില അധികാരികള്‍ ഇപ്പ്പ്പോള്‍ അത്തരം ഉത്തരങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. ചുരുക്കെഴുത്തിനു മാര്‍ക്കിടാമെന്നു ന്യൂസിലാന്‍ഡിലെ സാറമ്മാരും സമ്മതിച്ചിരിക്കുന്നു. ശാസ്ത്രത്തിന്റെ കൈപിടിച്ചു നടന്ന ഭാഷ ഇന്നു പല കോലങ്ങളിലേയ്ക്കും മാറിക്കൊണ്ടിരിക്കുന്നു. ദേവനാഗിരിലിപിയെ പൊടിപിടിക്കാനനുവദിച്ച്‌ ഇംഗ്ലീഷ്‌ അക്ഷരങ്ങളെ മലയാളീകരിക്കുന്ന വരമൊഴിയെന്ന സോഫ്‌റ്റ്‌വെയറില്‍ ഇതാ മറ്റൊരു ആന്ധ്രാക്കത്തുകൂടി പൂര്‍ണ്ണമാവുന്നു. നാളെയൊരുപക്ഷേ മലയാളം ജീവിക്കുന്നത്‌ ഇംഗ്ലീഷ്‌ ലിപിയിലൂടെയാവുമോ?

ഇനി: കൈയില്ലാക്കുട്ടിക്കുപ്പായമിട്ട്‌ മുഖത്തരിമാവുതേച്ചുവെളുത്ത ആന്റിമാര്‍ സ്മിര്‍നോവിന്റെ മണമുള്ള ഇംഗ്ലീഷുവാക്കുകള്‍ ചിലയ്ക്കുമ്പോള്‍ അതിലൊരു സ്റ്റൈലുണ്ടാവും. കാല്‍വിന്‍ ക്ലീന്‍സും ലെവി ജീന്‍സും ഐപോഡും ബ്ലാക്ബെറിപ്പെട്ടിയും ഐമാക്കിന്‍ കുന്ത്രാണ്ടവുമായി മറ്റുചിലര്‍ യോ മാന്‍! എന്നു പറയുമ്പോള്‍ നമുക്കും മോഡേണാവണ്ടേ എന്നു തോന്നാം. തോന്നണം. എന്നാല്‍ നാലക്ഷരം പ()-ക്കുന്നതും നാലക്ഷരപദങ്ങള്‍ പ്രയോഗിക്കുന്നതും തമ്മിലുള്ള വ്യത്യാസത്തിന്റെ വിടവിലൂടെ ഒരു നാടിന്റെ സംസ്കാരം ചോര്‍ന്നുപോവാതിരിക്കാന്‍ നമുക്കു ശ്രമിക്കാം.

3 Comments:

Blogger SHAN ALPY said...

good wishes

6:08 PM  
Blogger valmeeki said...

ജി, നമോവാകം
വെളിച്ചം ദു:ഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം.
ദീപസ്തംഭം ....... പണം

11:12 PM  
Blogger kumarapuram said...

നന്ദി... വീണ്ടും വരുക... ;-)

3:58 PM  

Post a Comment

<< Home