ആന്ധ്രാക്കത്ത്‌

മാവേലിനാടില്‍ മാസം തോറും പ്രത്യക്ഷപ്പെടുന്ന ആന്ധ്രാവിശേഷങ്ങള്‍

My Photo
Name:
Location: New Delhi, India

14.9.06

സ്വരക്ഷ തന്നെ സുരക്ഷ

May 2006

പ്രവാസിഭാരതീയഹാവാഡുകാരിയുടെ കാവ്യസൃഷ്ടി മോഷണവസ്തുവാണെന്നാണ്‌ അമേരിക്കന്‍ വൃത്താന്തം. ഹൈദരാബാദിലെ മെയ്‌ മാസവാര്‍ത്തകളില്‍ പ്രധാനം താലിബാനില്‍ തലയറ്റുവീണ സൂര്യനാരായണനെന്ന നഗരപുത്രന്റെ ദുരന്തകഥയും ആലൂക്കാസില്‍ നിന്നും അപ്രത്യക്ഷമായ ആറുകോടി രൂപയുടെ പത്തരമാറ്റ്‌ തങ്കകൊള്ളയും. വിശ്വസാഹിത്യം മുതല്‍ സ്വന്തം ശിരസ്സിനു വരെ സുരക്ഷയില്ലാതായിരിക്കുന്നു. പിന്നല്ലേ ജോയിച്ചായന്റെ സ്വര്‍ണ്ണം! ഈശ്വരോ രക്ഷതു!

ക്രൂരമായ കൂലി

ജീവന്മരണപ്രശ്നമായതിനാല്‍ താലിബാന്‍ കഥയാദ്യം. അഫ്ഘാന്‍ ആന്ധ്രയെ ഞെട്ടിപ്പിക്കുന്നത്‌ ഇത്‌ രണ്ടാം വട്ടമാണ്‌. അഞ്ചുമാസം മുമ്പ്‌ അയല്‍രാജ്യത്ത്‌ റോഡുപണിയാന്‍ പോയ രാമന്‍കുട്ടി മണിയപ്പന്‍ എന്ന തെലുങ്കനേയും താലിബാന്‍ ഇതുപോലെ തട്ടിക്കൊണ്ടുപോയശേഷം തട്ടിക്കളഞ്ഞിരുന്നു. ഇത്തവണ ദുര്യോഗം ഹൈദരാബാദി സ്വദേശിയായ 41-കാരന്‍ എന്‍ജിനീയര്‍ സൂര്യനാരായണനായിരുന്നെന്നു മാത്രം.

അഫ്ഘാനിലെ സബൂളില്‍ ഒരു ടെലികോം കമ്പനിയിലെ ജീവനക്കാരനായിരുന്നു സൂര്യ. ആന്ധ്രയില്‍ നിന്നുള്ള 30-ഓളം എഞ്ചിനീയര്‍മാര്‍ വേറെയുമുണ്ട്‌ ആ പ്രവിശ്യയില്‍. ഔദ്യോഗികകണക്കുകള്‍ പ്രകാരം 2,500-ലേറെ ഭാരതീയര്‍ വിവിധപ്രോജക്ടുകളിലായി ജോലിയെടുക്കുന്ന അഫ്ഘാനിസ്ഥാനില്‍ മണിയപ്പന്റെ മരണശേഷം പ്രവാസികള്‍ക്കുള്ള സുരക്ഷാസന്നാഹം വര്‍ദ്ധിപ്പിച്ചിരുന്നെങ്കിലും അതുപോലും സൂര്യയ്‌ക്കു തുണയായില്ല.

ഇന്ത്യക്കാരും ഇന്ത്യന്‍ കമ്പനികളും രാജ്യം വിട്ടുപോകണമെന്ന ശാസനയ്ക്കൊടുവില്‍ ഭീകരസംഘടനയായ താലിബാന്‍ സൂര്യയുടെ കഥ തീര്‍ത്തു. പാക്‌ ചാരസംഘമായ ഐ.എസ്‌.ഐയ്ക്ക്‌ കൊലയില്‍ പങ്കുണ്ടെന്നു താലിബാന്‍ ആരോപിക്കുകയും പാകിസ്താന്‍ അതു നിഷേധിക്കുകയും ചെയ്തെങ്കിലും കഥയൊടുങ്ങിയ സ്ഥിതിയ്ക്ക്‌ അതെല്ലാം വ്യര്‍ത്ഥം.

ഇതു അഫ്ഘാനിലേയും ആന്ധ്രയുടേയും മാത്രം പ്രശ്നമല്ല. തീവ്രവാദത്തിലും ആഗോളവത്‌കരണം കടന്നുകയറിക്കൊണ്ടിരിക്കെ വിദേശത്തു ജോലിചെയ്യുന്ന അസംഖ്യം ഇന്ത്യക്കാരുടെ സുരക്ഷ സര്‍ക്കാരിന്റെ കൂടെ ഉത്തരവാദിത്വമാണ്‌. കസേരയുടെ നിറം മാറിയാലും പ്രവാസികളുടെ ജീവന്റെ വിസാകാലാവധി തീരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്‌ ജനാധിപത്യസര്‍ക്കാരുകളുടെ കടമയാണ്‌. കേന്ദ്രമായാലും കേരളമായാലും.

കക്കാനറിയാത്തവര്‍

ഇനി രണ്ടാം കഥ. ഈയടുത്തകാലത്ത്‌ ഹൈദരാബാദ്‌ നഗരം കണ്ട ഏറ്റവും വലിയ കൊള്ള പാവം ആലൂക്കാസിന്റെ പണ്ടാരപ്പെട്ടിയില്‍ നിന്നായിരുന്നു. മുത്തുകള്‍ക്കു പേരുകേട്ട നിസാമിന്റെ നഗരത്തില്‍ അനേകം സ്വര്‍ണ്ണക്കടകളുമുണ്ട്‌, അവയില്‍ പലതും മലയാളികളുടേതുമാണ്‌. എന്നാല്‍ രണ്ടുമാസം മുമ്പ്‌ നഗരമദ്ധ്യത്തില്‍ ശാഖയാരംഭിച്ച ജോയ്‌ ആലൂക്കാസില്‍ നിന്നും ഒരു രാത്രി അപ്രത്യക്ഷമായത്‌ ആറുകോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങളും രത്നങ്ങളുമാണ്‌. കാല്‍ക്കാശ്‌ പരസ്യത്തിനായി ചെലവഴിച്ചില്ലെങ്കിലും നൊടിയിടെയ്ക്കുള്ളില്‍ പ്രശസ്തി വരുന്ന വഴിയേ!

മെയിന്‍ റോഡില്‍, ഒരു പ്രധാനപോലീസ്‌ സ്റ്റേഷനില്‍ നിന്ന്‌ ഒരു വിളിപ്പാടകലെ, മുഖ്യമന്ത്രിയുടെ ക്യാമ്പ്‌ ഓഫീസിനടുത്ത്‌ എല്ലാ സുരക്ഷാസന്നാഹങ്ങളുമുള്ള കെട്ടിടത്തിലാണ്‌ ഷോറൂം പ്രവര്‍ത്തിക്കുന്നത്‌. 12 ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട്‌ ക്യാമറകളുടെ ചാരവലയത്തില്‍. ഏതായാലും രണ്ടു ദിവസത്തിനുള്ളില്‍ തൊണ്ടിസഹിതം രണ്ടു പ്രതികളെ ക്രൈംബ്രാഞ്ച്‌ മുംബൈയില്‍ അറസ്റ്റു ചെയ്തു. പോലീസുകാര്‍ ഇത്രയും മിടുക്കന്മാരാണെന്നു സര്‍ക്കാര്‍ പോലും കരുതിക്കാണില്ലെങ്കിലും പത്തുലക്ഷം രൂപ വീതം ആന്ധ്രാ-മുംബൈ പോലീസിനു സമ്മാനിച്ചു രാജശേഖരഭരണസംഘം. പൊതുഖജനാവിലെ 20 ലക്ഷം ചക്രത്തിന്റെ കണക്ക്‌ ആരുചോദിക്കാന്‍!എങ്കിലും ഹൈടെക്‌ നഗരത്തിനു അഭിമാനിക്കാവുന്ന ഒരു പോലീസ്‌ സംവിധാനമുണ്ട്‌. സംസ്ഥാനത്തെ എല്ലാ പോലീസ്‌ സ്റ്റേഷനുകളേയും ബന്ധിപ്പിക്കുന്ന ഇത്തരത്തിലെ ഒരു ഓണ്‍ലൈന്‍ സംവിധാനം ഇന്ത്യയിലാദ്യത്തേതാണ്‌. ഇതില്‍ ഹൈദരാബാദിലെ 63 സ്റ്റേഷനുകളും ഉള്‍പെടും.

കടലാസുപണി കുറക്കാനും കുറ്റാന്വേഷണം കാര്യക്ഷമമാക്കാനും സഹായിച്ച ഇ-കോപ്സ്‌ സംവിധാനത്തിലൂടെ കാക്കിക്കാരുടെ നീക്കങ്ങള്‍ സുഗമവും സുതാര്യവുമായി. ഐ.ടി. യുടെ സാദ്ധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കുകയാണ്‌ ആന്ധ്രാപ്പോലീസ്‌. നാലുവര്‍ഷം മുമ്പു നിലവില്‍ വന്ന ഇ-കോപ്സിനെ സഹായിക്കാന്‍ മൈക്രൊസോഫ്റ്റ്‌, ഇ-സോഫ്റ്റ്‌, പയനീര്‍, ഒറാക്കിള്‍ തുടങ്ങി ഏറെ സോഫ്‌റ്റ്‌വെയര്‍ കമ്പനികള്‍ സമയോചിതസഹായം നല്‍കിയിരുന്നു.

പക്ഷെ പ്രായോഗികതലത്തില്‍ ഇ-കോപ്സിനു കുറ്റങ്ങളും കുറവുകളുമേറെയുണ്ട്‌. എഫ്‌. ഐ. ആറിന്റെ വരെ സമ്പൂര്‍ന്ന വിവരവും അവസ്ഥയും പൊതുജനത്തിനു ലഭ്യമാവേണ്ട സംവിധാനത്തില്‍ പല ലിങ്കുകളും ഇന്നു പണിമുടക്കിലാണ്‌. കിമ്പളവും കൈക്കൂലിയും മറ്റെവിടത്തേയും പോലെ ആന്ധ്രാപ്പോലീസിനും ഇപ്പോള്‍ ഇഷ്ടനിവേദ്യം. അതിനേക്കാള്‍ കഷ്ടമാണ്‌ ട്രാഫിക്കിന്റേയും ട്രാഫിക്‌ പോലീസിന്റേയും കാര്യം.

ഇരുചക്രസഞ്ചാരികളുടെ തലയില്‍ ഹെല്‍മറ്റ്‌ ഫിറ്റുചെയ്ത്‌ സുരക്ഷ ഉറപ്പുവരുത്താന്‍ തീരുമാനിച്ച മുന്‍ ഹൈദരാബാദ്‌ അഡീഷണല്‍ കമ്മീഷണറും പാതി മലയാളിയുമായ തേജ്‌ദീപ്‌ കൌര്‍ മേനോനെ സെന്റ്‌ ജോണ്‍ ആംബുലന്‍സ്‌ അസോസിയേഷന്‍ ഈയിടെ 'പുരസ്കാരിച്ചിരുന്നു'. പേവാര്‍ഡുകാര്‍ വരെ അവാര്‍ഡുകൊടുത്തു തുടങ്ങിയെങ്കിലും നിയന്ത്രണമില്ലാത്ത നഗരപാലനവും നേരമേറെ നഷ്ടമാക്കുന്ന ഗതാഗതക്കുരുക്കുകളും മറ്റേതു മഹാനഗരത്തിലേയും പോലെ ഹൈദരാബാദിന്റേയും തീരാദുരിതങ്ങളാണ്‌.

തീവ്രമായ വാദം

ഇടവേളയ്ക്കു ശേഷം ഒന്നാം കഥ തുടരുന്നു. താലിബാന്‍ പോലൊരു സാധനം ആന്ധ്രയിലുമുണ്ട്‌. കേരളത്തില്‍ പണ്ടെന്നോ അസ്തമിച്ച നക്സലിസ്റ്റ്‌ പ്രസ്ഥാനം ഇന്നും തട്ടിമുട്ടി കഴിഞ്ഞുകൂട്ടുന്ന 13 സംസ്ഥാനങ്ങളില്‍ ഒന്ന് ആന്ധ്രാപ്രദേശമാകുന്നു. പല ദേശങ്ങളിലും ആഴത്തില്‍ വേരുകളുള്ള മാവോയിസത്തിനെ ഭയന്നുകഴിയുന്നവരാണ്‌ ഖദറിട്ട പ്രമാണിമാരില്‍ ഭൂരിപക്ഷവും.

കശ്മീരിലെ ഇസ്ലാമികതീവ്രവാദത്തിനു സമമോ അതിലും വലുതോ ആയ പ്രശ്നമാണ്‌ ആന്ധ്രയിലേയും അയല്‍സംസ്ഥാനങ്ങളിലേയും നക്സലിസം. മതേതരത്വം, രാജ്യസ്നേഹം തുടങ്ങിയ സുന്ദരപ്രയോഗങ്ങളുടെ സഹായമില്ലാത്തതിനാല്‍ ശ്രദ്ധ നേടുന്നില്ലെങ്കിലും വെടിയുണ്ടകള്‍ക്കു തീര്‍ക്കാന്‍ കഴിയുന്നതിലും വലിയൊരു സാമൂഹിക-സാമ്പത്തിക അനീതിയുടെ കഥയാണ്‌ നക്സലിസം.ഗുണ്ടൂര്‍, ഗോദാവരി, നല്‍ഗോണ്ട എന്നിങ്ങനെ പലഭാഗത്തും നിത്യേനയുള്ള സംഘട്ടനങ്ങളില്‍ ഏറെ നക്സലുകള്‍ പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നുണ്ട്‌. ഏറെ പോലീസുകാരും ബലിയാടുകളായിട്ടുണ്ട്‌.

പക്ഷെ പൊതുവേ മാവോയിസ്റ്റുകളെ അടക്കിനിര്‍ത്താന്‍ വലിയ പരിധിവരെ കഴിഞ്ഞിട്ടുണ്ട്‌ സംസ്ഥാനത്തെ കാക്കിപ്പടയ്ക്ക്‌. നക്സല്‍വേട്ടയ്ക്ക്‌ ആന്ധ്രാമോഡല്‍ പരീക്ഷിക്കേണ്ടതാണെന്ന്‌ പ്രധാനമന്ത്രി മറ്റു പ്രശ്നബാധിതസംസ്ഥാനങ്ങളോടുപദേശിച്ചത്‌ ഒരുമാസം മുമ്പ്‌ നടന്ന ഒരു ദില്ലി മീറ്റിങ്ങിലാണ്‌. നാല്‍പ്പത്‌ വയസ്സായ നക്സലിസത്തെ ഇന്ത്യ നേരിടുന്ന പ്രധാന ആഭ്യന്തരതലവേദനയായി സര്‍ദാര്‍ജി വിശേഷിപ്പിക്കുകയും ചെയ്തു. അതിനു മരുന്നെന്താണെന്നു പക്ഷെ ആരും പറഞ്ഞുകേട്ടില്ല.

നഗരച്ചൂടിപ്പോള്‍ 45 ഡിഗ്രി സെല്‍ഷ്യസ്‌. വൈകിയുറങ്ങുന്ന ഹൈദരാബാദില്‍ നേരം വെളുക്കുവോളം കണ്ണുചിമ്മുന്ന പബ്ബുകള്‍. അസമയത്തും പായുന്ന കോള്‍സെന്റര്‍ വണ്ടികള്‍. ഏതോ ഇരുണ്ട കോണുകളില്‍ ആരൊക്കെയോ അടുത്ത കൊള്ളയ്ക്കു തയാറെടുക്കുന്നു. പക്ഷെ അബോധത്തിലും അര്‍ദ്ധബോധത്തിലുമായ നാഗരികരെ കാക്കാന്‍ സദാതയ്യാറാണ്‌ കാക്കിപ്പട. മറ്റിന്ത്യന്‍ മഹാനഗരങ്ങളേക്കാള്‍ സുരക്ഷിതനെന്ന പേര്‍ ഐ.ടി. ബുജികള്‍ ഹൈദരാബാദിനു നല്‍കിയതിന്റെ കാരണവും അവര്‍ തന്നെയാവണം.

ഇനി: മാഫിയകളും റാക്കറ്റുകളും തുടച്ചുമാറ്റാന്‍ കഴിയുന്നത്‌ പ്രകടനപത്രികകളില്‍ മാത്രമാണ്‌. നഗരങ്ങള്‍ ആധുനികമാവുന്നതിനോടൊപ്പം അടിച്ചമര്‍ത്തപ്പെട്ടവര്‍ ഏ.കെ.47-നുകളുമായി ജനിക്കും. അവരെ നിയന്ത്രിക്കേണ്ടതും പൊതുജനസുരക്ഷ ഉറപ്പുവരുത്തേണ്ടതും ആഭ്യന്തരന്‍ സഖാവിന്റേയും പടയുടേയും കടമയാണ്‌. അത്‌ കമ്മീഷന്‍ നിര്‍മ്മാണത്തിലും രാഷ്ട്രീയഗുസ്തിയിലും ഒതുങ്ങിപ്പോകരുത്‌.

2 Comments:

Anonymous കുട്ടപ്പായി said...

നര്‍മ്മം കുഴച്ച എഴുത്തിന്റെ ശൈലി നന്നായിട്ടുണ്ട്‌. ഹൈദരാബാദില്‍ നക്സലിസം പടരാനുള്ള കാര്യം ഞാനും ചിന്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. തെലുങ്കനായ സുഹൃത്തു പറഞ്ഞതു അവിടുത്തെ ജാതിമതവ്യവസ്ഥിതിയുടെ കുഴപ്പമാണെന്നാണു. താങ്കളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

ആലുക്കാസിന്റെ സ്വര്‍ണ്ണം പോയവിവരം അറിഞ്ഞിരുന്നു, കിട്ടിയ വിവരം അറിഞ്ഞില്ല. ഒരു പരസ്യതന്ത്രം ആണെന്നാണൊ പറഞ്ഞുവരുന്നതു.

പിന്നെ മണിയപ്പന്‍ തെലുങ്കനല്ല, ആലപ്പുഴക്കാരന്‍ മലയാളി ട്രക്ക്‌ ഡ്രൈവറാണു. ഉയര്‍ന്ന ശമ്പള വാഗ്ദാനത്തില്‍ ഗള്‍ഫില്‍ നിന്നും അഫ്ഗാനിലെ ബോര്‍ഡറില്‍ വണ്ടി ഓടിക്കാന്‍ പോയതാണു പാവം.

4:15 PM  
Blogger kumarapuram said...

വാസ്തവം.. മണിയപ്പന്‍ ആലപ്പുഴക്കാരന്‍ തന്നെ... നന്ദി. മാപ്പ്‌.

5:12 PM  

Post a Comment

<< Home