ആന്ധ്രാക്കത്ത്‌

മാവേലിനാടില്‍ മാസം തോറും പ്രത്യക്ഷപ്പെടുന്ന ആന്ധ്രാവിശേഷങ്ങള്‍

My Photo
Name:
Location: New Delhi, India

14.9.06

ചക്കാത്തിലൊരു ചിപ്സുകട

April 2006

ആന്ധ്രയിലും ഉടന്‍ വരുന്നു ഒരു വമ്പന്‍ ചിപ്‌സുകട. കേരനാട്ടില്‍ തട്ടുകടയിലും കിട്ടുന്ന സാക്ഷാല്‍ ചിപ്‌സിന്റെ നിറവും മണവും രുചിയുമൊന്നുമില്ലെങ്കിലും വിലയിലും ഗുണത്തിലും കേമന്‍ ഈ ഹൈ ടെക്‌നോളജി ചിപ്‌സ്‌ തന്നെ.

കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ടി.വി., വാഷിംഗ്‌മെഷീന്‍ എന്നുവേണ്ട ബഹിരാകാശപേടകത്തില്‍ വരെ ഒളിഞ്ഞിരിക്കുന്ന ഇത്തിരിക്കുഞ്ഞന്മാരാണ്‌ സെമികണ്ടക്ടറുകള്‍. വിവരസാങ്കേതികവിദ്യയുടെ തിരയിളക്കങ്ങളില്‍ ഭാരതം പകച്ചുനിന്നപ്പോള്‍ നമുക്കാവശ്യമുള്ള സെമികണ്ടക്ടറുകള്‍ മുഴുവനും ഇറക്കുമതി ചെയ്യുകയായിരുന്നു. ശാസ്ത്രത്തിന്റെ സങ്കേതങ്ങളേറെ മാറിയിട്ടും ഇലക്ട്രോണിക്സ്‌ തന്ത്രങ്ങളും വയര്‍ലെസ്സ്‌ യന്ത്രങ്ങളും വിപ്ലവം സൃഷ്ടിച്ചിട്ടും നാം ഉപഭോക്താവായിത്തന്നെ തുടര്‍ന്നു. ചായക്കടകള്‍ വരെ എന്‍ജിനീയറിംഗ്‌ കോളേജുകളായി പരിണമിച്ചിട്ടും ഈ നാട്ടില്‍ ചിപ്പുകള്‍ക്കെന്നും ക്ഷാമമായിരുന്നു.

അങ്ങനെയിരിക്കെയാണ്‌ ഹൈദരാബാദ്‌ ഒരുപടികൂടി ഹൈടെക്കായത്‌. അമേരിക്കയുടേയും അഫ്ഘാനിസ്ഥാന്റെയും അധികാരികളെ ഒരുപോലെ സ്വാഗതമോതിയ നഗരത്തിലേക്ക്‌ ഈയടുത്തകാലത്ത്‌ മറ്റൊരതിഥി കൂടിയെത്തി. കോടികളുടെ സമ്പാദ്യവും അതിലേറെ സാദ്ധ്യതകളുമായി ഒരു ഫാബ്രിക്കേഷന്‍ സിറ്റി പദ്ധതി.

നഗരത്തിലൊരു ഫാബ്‌ മഹാനഗരം

അമേരിക്കയിലെ പ്രവാസി ഭാരതീയരുടെ കൂട്ടായ്മയായ സെം ഇന്ത്യയുടേയും ആന്ധ്ര സര്‍ക്കാരിന്റെയും സംഘടിതസംരംഭമാണ്‌ ചിപ്പുനിര്‍മാണത്തിനായി ഉടന്‍ പണികഴിപ്പിക്കുന്ന ഫാബ്‌ സിറ്റി. 13,500 കോടി മൂലധനമുള്ള ഈ സെമികണ്ടക്ടര്‍ സിറ്റി ഇന്ത്യയിലെ ആദ്യത്തെ ചിപ്‌ നിര്‍മാണശാലയായിരിക്കും.

നഗരത്തിനടുത്തുള്ള ഷംഷാബാദിലെ 1,200 ഏക്കറും വെള്ളവും വൈദ്യുതിയും സൌജന്യനിരക്കില്‍ നല്‍കാന്‍ സര്‍ക്കാര്‍ തയാറായതോടെയാണ്‌ മറ്റു സംസ്ഥാനങ്ങളെ പാടേ ഉപേക്ഷിച്ച്‌ ഫാബ്‌ സിറ്റി ആന്ധ്രയിലെത്തിയത്‌. നല്ലറോഡുകളും പ്രസന്നമായ കാലാവസ്ഥയും പുതുതായി വരുന്ന അന്താരാഷ്ട്രവിമാനത്താവളവും കൂടിയായപ്പോള്‍ സംശയലേശമന്യേ സെം ഇന്ത്യ ഈ നാടു തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.

ചിപ്സുനഗരം സ്വന്തമാക്കാന്‍ ബംഗ്ലൂരും ചെന്നൈയും കിണഞ്ഞുപരിശ്രമിച്ചെങ്കിലും അന്തിമവിജയം ആന്ധ്രാതലസ്ഥാനത്തിനായിരുന്നു. ഇവിടെയുള്ള അടിസ്ഥാനസൌകര്യങ്ങളോടൊപ്പം സംസ്ഥാനസര്‍ക്കാരിന്റെ ശുഷ്‌കാന്തിയും കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ്‌ മേലാളന്മാരുടെ ഹിഡ്ഡന്‍ അജന്‍ഡയും കൂടെയായപ്പോള്‍ കരാറൊപ്പിടല്‍ കടലാസുപണി മാത്രമായി.

സിലിക്കോണ്‍ വേഫറുകള്‍, സോളാര്‍ പവര്‍, ടി എഫ്‌ ടി ചിപ്സുകള്‍ എന്നിവയായിരിക്കും ഫാബ്‌ സിറ്റിയുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍. സെം ഇന്ത്യയുടെ ഫാബ്‌ പദ്ധതി കൊണ്ടു മാത്രം 5,000-ലേറെ പേര്‍ക്ക്‌ തൊഴില്‍ ലഭിക്കുമെന്നാണ്‌ കണക്കുകൂട്ടല്‍. ഇലക്ട്രോണിക്സ്‌ എന്‍ജിനീയറിങ്ങിന്റെ വളര്‍ച്ചമൂലം അടുത്തപത്തുവര്‍ഷത്തിനുള്ളില്‍ പുത്തന്‍ തൊഴിലാളികളുടെ എണ്ണം പത്തോ പതിനാലോ ലക്ഷമാവുമത്രേ.ഫാബ്‌ സിറ്റി ഉയര്‍ന്നുവരുന്നതിനോടൊപ്പം ഹാര്‍ഡ്‌വെയര്‍ മേഖലയും വികസിക്കുമെന്ന് കണക്കുകൂട്ടുന്ന സര്‍ക്കാര്‍ 5,000 ഏക്കറാണ്‌ ഒരു ഹാര്‍ഡ്‌വെയര്‍ പാര്‍ക്കിനായി അനുവദിച്ചിരിക്കുന്നത്‌.

ചിപ്പുവ്യവസായത്തിലെ അതികായനായ ഇന്റെലും ഹൈദരബാദിനെ നോട്ടമിട്ടിട്ടുണ്ട്‌. ഫാബ്‌ സിറ്റിയ്ക്കു പിന്നാലെ ചെറുതും വലുതുമായ എട്ട്‌ സെമികണ്ടക്ടര്‍ നിര്‍മാണാശാലകളും ആന്ധ്രയിലെത്തിയിട്ടുണ്ട്‌. അവരെയെല്ലാം മുഖ്യന്‍ രാജശേഖരറെഡ്ഡിയും സംഘവും സല്‍ക്കരിക്കുകയും ചെയ്തു. ഇതുകൂടാതെ പ്രമുഖ ഐ.ടി. കമ്പനിയായ ഇന്‍ഫോസിസ്‌ 12.5 ബില്യണ്‍ രൂപയുടെ ഒരു ക്യാംപസ്‌ നഗരത്തില്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. ആ വകയില്‍ 25,000 സോഫ്റ്റ്‌വെയര്‍ തൊഴിലുകള്‍ കൂടി സൃഷ്ടിക്കപ്പെടും. ഒപ്പം മറ്റൊരു ഐ.ടി. ഭീമനായ വിപ്രോയും നഗരത്തിലെ തങ്ങളുടെ രണ്ടാമത്തെ കേന്ദ്രം ഉടന്‍ തുടങ്ങിയേക്കും.

ഐ.ടി.മേഖലയില്‍ നിക്ഷേപത്തിനു പറ്റിയ സ്ഥലം ഹൈദരാബാദെന്നാണ്‌ ഇന്‍ഫോസിസിന്റെ അഭിപ്രായം. കര്‍മ്മനിരതനായ മുഖ്യന്‍, സുന്ദരമായ റോഡുകള്‍, ഏറിവരുന്ന നിക്ഷേപകര്‍, കൂടിവരുന്ന സൌകര്യങ്ങള്‍... ഐ.ടി വ്യവസായം പുഷ്ടിപ്പെടാനുള്ള എല്ലാ ചേരുവകളും ആന്ധ്രാതലസ്ഥാനിയിലുണ്ടെന്നാണ്‌ ഇന്‍ഫോസിസ്‌ മുതലാളിമാരുടെ അഭിപ്രായം.

ഇന്‍ഫോസിസുകൂടി കാലുമാറിയതോടെ ഐ.ടി. യുടെ ആസ്ഥാനം എന്ന ഓമനപ്പേര്‌ ബാംഗ്ലൂരിനു കൈമോശം വരാന്‍ തുടങ്ങിയിരിക്കുന്നു. മാറുന്ന രാഷ്ട്രീയസാഹചര്യങ്ങളും ചെറുകലാപങ്ങളും ബാംഗ്ലൂരിനു തിരിച്ചടിയാവുന്നുണ്ട്‌. ഇവിടെ, നിശാബ്ദമായാണെങ്കിലും നിസാമിന്റെ നഗരം ഇന്ത്യയിലെ ചിപ്‌സ്‌ തലസ്ഥാനമായിമാറാന്‍ ഒരുങ്ങുകയാണ്‌.

പക്ഷെ...

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക്‌ പരിഭവങ്ങളേറെയുണ്ട്‌. സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന്റെ ഏഴുഘട്ടങ്ങളില്‍ പരിസ്ഥിതി മലിനീകരണത്തിന്‌ ഏറ്റവും സാദ്ധ്യതയുള്ള വേഫര്‍ ഫാബ്രിക്കേഷനെയാണ്‌ ഹൈദരാബാദ്‌ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നത്‌. ചിപ്സുകമ്പനിയില്‍ നിന്നും പുറംതള്ളുന്ന രാസപദാര്‍ഥങ്ങളും മലിനജലവും വളരെ അപകടകരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന്‌ ഭയപ്പെടുന്നവരേറെയുണ്ട്‌. സര്‍ക്കാരിന്റെ മലിനീകരണനിയന്ത്രണസംഘവും ചിപ്‌നിര്‍മാണശാലകളെ അപകടമേഖലയിലാണ്‌ (റെഡ്‌ കാറ്റഗറി) ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. പല മുന്തിയരാജ്യങ്ങളും ഇത്തരം ചിപ്സുനിര്‍മാണശാലകളെ പുറന്തള്ളിയ ഭീതിദമായ ചരിത്രവുമുണ്ട്‌.

ചുളുവിലയില്‍ കച്ചവടമാകുന്ന ഏക്കറുകണക്കിന്‌ ഭൂമിയാണ്‌ മറ്റൊരു പ്രശ്നം. കുടിയൊഴിപ്പിക്കല്‍ തലവേദനയാകുമെന്നും മുഖ്യന്‍ ആശങ്കപ്പെട്ടിട്ടുണ്ട്‌.

ഫാബ്‌ സിറ്റി അടുത്തിടെയൊന്നും തുടങ്ങാന്‍ സാദ്ധ്യതയില്ലെന്നു കരുതുന്നവരേറെയുണ്ട്‌. വന്നാല്‍ തന്നെ അതു നാടിനു ഉപകാരത്തോടൊപ്പം ഉപദ്രവങ്ങളും സമ്മാനിക്കുമെന്നും ഭയപ്പെടുന്നവരുണ്ട്‌. പക്ഷെ ബിരിയാണിയോടൊപ്പം ചിപ്സുകളും നഗരമഹിമയുടെ ഭാഗമായി തുടങ്ങിയിരിക്കുന്നു. ഹൈ ടെക്‌ ഹൈദരാബാദ്‌ തയാറെടുക്കുകയാണ്‌. കൂടുതല്‍ വളര്‍ച്ചക്കായി. കൂടുതല്‍ വികസനത്തിനായി. കൂടുതല്‍ അതിശയങ്ങള്‍ക്കായി.

ഇനി:ഐ.ടി.യെന്ന രണ്ടക്ഷരം ഏതെങ്കിലും പ്രകടനപത്രികയിലുണ്ടോ ആവോ. ഏതോ സിറ്റി സ്മാര്‍ട്ടാവാന്‍ പോവുന്നെന്നും കേട്ടു. തിരഞ്ഞെടുപ്പു ദൈവങ്ങളേ! പ്രത്യയശാസ്ത്രത്തോടൊപ്പം പേരിനെങ്കിലും വിവരസാങ്കേതികവിദ്യാഭ്യാസമുള്ളവനെക്കൂടി ജയിപ്പിക്കണം. പ്ലീസ്‌. ചുളുവിലൊന്നു നാടു നന്നാക്കാനാണേയ്‌.

0 Comments:

Post a Comment

<< Home