ആന്ധ്രാക്കത്ത്‌

മാവേലിനാടില്‍ മാസം തോറും പ്രത്യക്ഷപ്പെടുന്ന ആന്ധ്രാവിശേഷങ്ങള്‍

My Photo
Name:
Location: New Delhi, India

6.9.07

സര്‍ക്കാരിനും സന്ധിവേദന?

October 2006

ആലപ്പുഴയില്‍ കൊതുകുവിപ്ലവം ചോരചിന്തുന്നതിനു മാസങ്ങള്‍ക്കു മുമ്പേ ആന്ധ്രയിലും മറ്റയല്‍ദേശങ്ങളിലും പകര്‍ന്ന വ്യാധിയായിരുന്നു ചിക്കുന്‍ ഗുന്യ. ഈ കത്തെഴുതുമ്പോള്‍ ദേശീയസെന്‍സസ്‌ പ്രകാരം ചിക്കുന്‍ കുത്തു കേസുകള്‍ 1.45 മില്യണ്‍ കവിഞ്ഞു. പ്രശ്നബാധിതജില്ലകള്‍: 181. ഇതേ ദിനം തന്നെ മറ്റൊരു കൊതുകുനാടകമായ ഡെങ്കി കൊലപാതകത്തില്‍ സെഞ്ചുറി തികച്ചു. നമ്മുടെ സര്‍ക്കാരുകളാരും കൊതുകുമൂളുന്നതു കേള്‍ക്കുന്നില്ലേ? അതോ കൊറിയന്മാരെപ്പോലെ ഇനി കൊതുകന്മാരും ന്യൂക്ലിയര്‍ വെടി പൊട്ടിച്ചാലേ ജനനായകരുടെ ചെവി തുറക്കുകയുള്ളോ?

നിങ്ങളെന്നെ രോഗിയാക്കി

ചിക്കുന്‍ ജനിച്ചുവളര്‍ന്നുപടര്‍ന്ന ചരിത്രവും ഗുന്യയാണോ മരണകാരണം എന്ന ചര്‍ച്ചയും സകലമാനമാധ്യമങ്ങളിലും പൊടിപൊടിക്കുമ്പോഴും രോഗികളുടെ എണ്ണം പെരുകുന്നു.

ശുചീകരണരംഗത്ത്‌ ഈ നില തുടര്‍ന്നാല്‍ ഡെങ്കിപ്പനി പോലുള്ള മാരകരോഗങ്ങള്‍ കേരളത്തില്‍ പടര്‍ന്നുപിടിക്കാനിടയുണ്ടെന്ന മുന്നറിയിപ്പു ലഭിച്ചിട്ടുണ്ടെന്നാണ്‌ ബഹു. ആരോഗ്യമന്ത്രിണി നിയമസഭയില്‍ വിളംബരം ചെയ്തത്‌. ഇത്രയും കേള്‍ക്കാനായിരുന്നെങ്കില്‍ വികാസ്ഭവനപ്പുറത്തുള്ള സര്‍ക്കാര്‍ സ്കൂളില്‍ പോയാല്‍ മതിയായിരുന്നല്ലോ ശ്രീമതീ! ചിക്കുന്‍ ഗുന്യ പടര്‍ന്ന സാഹചര്യത്തില്‍ 30 കോടി രൂപയുടെ കേന്ദ്രസഹായത്തിനു അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും രണ്ടരച്ചില്വാനം കോടി അനുവദിച്ചെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കൂടാതെ ആരോഗ്യമുള്ള ഒരു വെടി കൂടിപ്പൊട്ടിച്ചു മന്ത്രിക്കൊച്ചമ്മ. ചിക്കുന്‍ ഗുന്യ ഭീഷണി സംബന്ധിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ കമ്യൂണിക്കബിള്‍ ഡിസീസിന്റെ മുന്നറിയിപ്പ്‌ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ ലഭിച്ചിരുന്നെങ്കിലും അതിന്മേല്‍ നടപടിയൊന്നുമുണ്ടായില്ലെന്നും മന്ത്രിമൊഴി. ആ പറഞ്ഞതിന്റെ പൊരുളറിയാന്‍ ഇനി ഏതു കൊതുകിനോടു ചോദിക്കണം?

മേയ്‌ മാസത്തിലാണ്‌ അച്ചുമാമന്‍ മുഖ്യനാവുന്നത്‌, കൊതുകുകള്‍ ഭീഷണി മൂളിത്തുടങ്ങി ഏകദേശം ആറു മാസത്തിനു ശേഷം. ലഭ്യമായ ചരിത്രമനുസരിച്ച്‌ ചിക്കുന്‍ ഗുന്യ ഈ സീസണില്‍ ആദ്യമായി സന്ദര്‍ശിച്ചത്‌ 2005 നവംബറിലാണ്‌. ആന്ധ്രയിലെ സെക്കന്തരാബാദിലും അനന്തപൂര്‍ ജില്ലയിലും ഉത്ഘാടനം കുറിച്ചശേഷം നിത്യേന 10-20-200-2000 രോഗികള്‍ എന്ന തോതില്‍ ഗുന്യ മറ്റിടങ്ങളിലേയ്ക്കു വ്യാപിക്കുകയായിരുന്നു.

2005 ഡിസംബറില്‍ കര്‍ണാടകയിലെ ഗുല്‍ബര്‍ഗ, തുംകൂര്‍, ബിദര്‍, റയിചൂര്‍, ബെല്ലാരി, ബിജാപൂര്‍ എന്നു തുടങ്ങി പല ജില്ലകളിലും രോഗം കണ്ടെത്തിയിരുന്നു. മാര്‍ച്ച്‌ ആദ്യവാരമായപ്പോള്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ ഗുന്യന്‍ പനിയുടെ 2,000-ഓളം കേസുകളും ഒറീസ്സയില്‍ 5,000-ഓളം കേസുകളും റിപ്പ്പോര്‍ട്ട്‌ ചെയ്തിരുന്നുവത്രേ. മേയില്‍ വില്ലനായ ഈഡിസ്‌ ഈജിപ്തി കൊതുകന്മാര്‍ ബാംഗ്ലൂര്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന്‌ വടക്കന്‍ കര്‍ണാടകവും. ജൂണായപ്പോള്‍ തന്നെ ആന്ധ്രയില്‍ 52,000-ഉം മഹാരാഷ്ട്രയില്‍ 1,86,449-ഉം കര്‍ണാടകത്തില്‍ 2,26,374-ഉം കുത്തുകേസുകള്‍ രേഖപ്പെടുത്തിയിരുന്നു. അതിനുശേഷമാണു തമിഴകം കൊതുകുകേന്ദ്രമായത്‌. ഓഗസ്റ്റായപ്പ്പ്പോഴേക്കും ഒരു ലക്ഷം തമിഴര്‍ കുത്തേറ്റു വലഞ്ഞിരുന്നു. ഗുജറാത്തും ആന്‍ഡമാനും ഗോവയും മറ്റു സന്ദര്‍ശനമേഖലകളില്‍പ്പെടുന്നു. അപ്പോഴൊന്നും മലയാളികളെ നോവിക്കാത്ത കൊതുകന്മാര്‍ ഒടുവില്‍ വിരുന്നിനു വന്നപ്പ്പ്പോള്‍ അത്‌ ഒരിടവുമില്ലാതിരുന്ന മരണക്കണക്കുമായാണ്‌.

കേന്ദ്ര ആരോഗ്യവീരന്മാരുടെ മുന്നറിയിപ്പു കിട്ടിയതാര്‍ക്കാണെങ്കിലും യാതൊരു മുന്‍കരുതലുകളുമെടുത്തില്ലായിരുന്നു എന്നു വേണം കരുതാന്‍. ആഫ്രിക്കന്‍ രക്തദാഹികള്‍ തെക്കേയിന്ത്യയില്‍ മൂളിപ്പറന്നപ്പോള്‍ ദൈവനാട്ടിലെ വൈദ്യമേധാവികള്‍ ഉറങ്ങുകയായിരുന്നോ? അതോ മലയാളികള്‍ക്കു തൊലിക്കട്ടി കൂടുതലാണെന്നു കരുതിയോ വാഴുന്നോര്‍? കൊതുകുരോഗത്തിന്റെ മണമടിച്ചപ്പോള്‍ തന്നെ അമേരിക്കയിലും കാനഡയിലും ബ്രിട്ടണിലും മുന്‍കരുതല്‍ ഭീഷണിക്കത്തുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. മരുന്നില്ലാത്ത രോഗത്തിനെ നിരോധിക്കുന്നതു തന്നെയാണല്ലോ ഉത്തമമാര്‍ഗ്ഗം.തെലുങ്കന്‍ കൊതുകു സമ്മാനിച്ച ഗുന്യയുടെ സ്വാദറിയുകയും സന്ധിവേദന മൂലം ഓഗസ്റ്റിലെ ആന്ധ്രാക്കത്ത്‌ റദ്ദാക്കേണ്ടിവരുകയും ചെയ്തവനാണു ലേഖകന്‍. എന്നാലതേ സന്ധിവേദന ജനായത്തമേധാവികളേയും ആരോഗ്യപരിപാലകരേയും പിടികൂടുമെന്നു തീരെ കരുതിയതല്ല. കുത്തേറ്റുവാങ്ങാന്‍ പൊതുജനകഴുതകളുള്ളപ്പോള്‍ അതും സംഭവ്യം!

ചിക്കുന്‍ ഗുന്യ ആളെക്കൊല്ലിയല്ല എന്നാണു വിവരമുള്ളവര്‍ പറയുന്നത്‌. അപ്പോള്‍ ആരാണു യഥാര്‍ത്ഥപ്രതികള്‍? അതിനുമിനി സി.ബി.ഐ-യൊ ജുഡിഷ്യല്‍ അന്വേഷണമോ വേണ്ടിവരുമോ? മരണകാരണം ഗുന്യയാണോ എന്നരുളാനുള്ള ലാബുകള്‍ ഒന്നു ദില്ലിയിലും മറ്റൊന്നു പൂനയിലുമാണ്‌. രോഗികളായ തെക്കേയിന്ത്യക്കാര്‍ക്കൊരു പരീക്ഷണകേന്ദ്രം പണിയാന്‍ ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടോ ആവോ!

മറ്റൊരു സര്‍ക്കാര്‍ തമാശ

ഇനിയല്‍പ്പം ആന്ധ്രാ സര്‍ക്കാര്‍ തമാശകള്‍. ഡെങ്കിയും ചിക്കുന്‍ ഗുന്യയും കൊയ്‌ത്തു തുടരുന്നതിനിടയില്‍ ആരോടും മിണ്ടാതെ ഒരു സുപ്രഭാതത്തില്‍ മുഖ്യന്‍ രാജശേഖരറെഡ്ഡി ഹൈദരബാദെന്ന പഴയനഗരം സന്ദര്‍ശിച്ചു. സെക്കന്തരാബാദിന്റെ ഐ.ടി. മേല്‍വിലാസത്തോടൊപ്പം വികസിക്കുകയും സമ്പന്നരാകുകയും ചെയ്യുന്ന മന്ത്രിപുംഗവന്മാര്‍ മിക്കപ്പോഴും അറിയാതെ മറന്നു പോവുന്ന ഒരു തലസ്താനഭാഗമാണ്‌ ചാര്‍മിനാറുള്‍പ്പെടുന്ന പഴയനഗരം.

നിസാമിനു ശേഷം സര്‍ക്കാരുകളൊന്നും ഇവിടേ ഭരിച്ചിട്ടേയില്ലേ എന്നു സംശയം തോന്നിയേക്കാവുന്ന ഇടുങ്ങിയ ഗലികള്‍. വൃത്തിഹീനമായ പ്രദേശങ്ങള്‍. വഴിവിട്ട ജീവിതങ്ങള്‍.

എന്നാല്‍ അതൊക്കെ ചരിത്രമാവാന്‍ പോവുന്നു എന്നാണ്‌ മുഖ്യന്റെ പ്രസംഗം. ശുദ്ധജലഓടകളും 8,000 വീടുകളും മൂന്നു വമ്പന്‍ പാര്‍ക്കുകളും അതിനൊക്കെയായി 2,000 കോടി ഗാന്ധിക്കടലാസും. വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഈ പ്രദേശത്തിലേക്കു ഒരു ജൂനിയര്‍ കോളേജ്‌ മാറ്റി സ്ഥാപിക്കുവാനും ഒരു മോഡല്‍ ഉറുദു സ്കൂള്‍ തുടങ്ങുവാനും അതിനു ദില്ലിയിലെ ഡോ. മൌലാന അബ്ദുല്‍ കലാം ആസാദ്‌ എഡ്യൂക്കേഷന്‍ ഫണ്ടില്‍ നിന്നും പണം കൊള്ളയടിക്കുവാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന സ്ത്രീജനങ്ങള്‍ക്ക്‌ 1,000 തയ്യല്‍ മെഷീന്‍ വിതരണം ചെയ്യുവാനും കലാകായികമേല്‍ഗതിയ്ക്കായി ഇന്‍ഡോര്‍ സ്റ്റേഡിയവും നീന്തല്‍ക്കുളങ്ങളും നിര്‍മ്മിക്കാനും ആലോചനയുണ്ട്‌, ഒക്കെ വെറും അഞ്ചു വര്‍ഷത്തിനുള്ളില്‍. അതു കഴിയുമ്പോള്‍ അജഗജാന്തരം വ്യത്യാസ്തഭാവങ്ങളുള്ള ഹൈദരാബാദും സെക്കന്തരാബാദും വികസനത്തിന്റെ ഉച്ചസ്തായിയില്‍ തിളങ്ങും എന്നാണു സര്‍ക്കാര്‍ കിനാവ്‌.

പക്ഷെ ഇതൊന്നും സംഭവിക്കില്ലെന്നു വിശ്വസിക്കുന്നവര്‍ ഏറെ. ചുവപ്പുനാടയില്‍ കുടുങ്ങി സന്ധിവേദന അനുഭവിക്കുന്ന പലകോടി പ്രോജക്റ്റുകള്‍പോലെ മറ്റൊരെണ്ണം കൂടി. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടു കൊണ്ടുള്ള റംസാന്‍ സമ്മാനവിതരണമാണിതെന്നും കേട്ടു. ചാര്‍മിനാര്‍-ഫലക്‍നാമ റോഡു വീതിക്കൂട്ടല്‍ എന്ന ചെറിയ പദ്ധതി തുടങ്ങിയതു വെറും 24 വര്‍ഷങ്ങള്‍ക്കു മുമ്പാണെന്നു പഴമക്കാര്‍ പറയുന്നു! അതിപ്പോള്‍ 6 മാസങ്ങള്‍ക്കുള്ളില്‍ തീര്‍ക്കുമെന്നാണ്‌ രാജശേഖരശപഥം. നൂലിഴ പിരിച്ചു പരിശോധിച്ചാല്‍ ഇത്തരത്തില്‍ കേട്ടു ഞെട്ടാവുന്ന മറ്റു പല തമാശകളുമുണ്ട്‌.

എങ്കിലും സ്ഥലം എം.പി. പറഞ്ഞതു പോലെ 800-കോടി രൂപയുടെ അഴുക്കുചാല്‍ നിര്‍മ്മാണപദ്ധതി വിജയിച്ചാല്‍ അതു പഴയനഗരത്തിനൊരു അനുഗ്രഹമാവും. കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ അടച്ചുപ്പൂട്ടണമെന്നു പദ്ധതിയെങ്കിലും തയാറാക്കുന്ന ഒരു സര്‍ക്കാര്‍ ഇവിടെ ഹാജര്‍. കേരളമുഖ്യനും ഒന്നു മനസുവെച്ചിരുന്നേല്‍ മലയാളികൊതുകുവിരോധികള്‍ക്കും അല്‍പ്പം ആശ്വാസം കിട്ടിയേനെ.

ഇനി: ആന്ധ്രയിലെ പകര്‍ച്ചപ്പനിവാഹകരെ കൊല്ലാന്‍ മുഖ്യന്‍ ഡോക്ടര്‍ രാജശേഖരന്‍ പത്തു വെള്ളിയാഴ്ച നീളുന്ന ഓപ്പറേഷന്‍ ഡെങ്കി തുടങ്ങി. വീടായവീടുതോറും രോഗവിവരം തിരക്കി ഉദ്യോഗസ്ഥര്‍ കയറിയിറങ്ങുന്നതും നാട്ടാര്‍ക്കു മുഴുവന്‍ ചവറുവാരാന്‍ പ്ലാസ്റ്റിക്‌ കൂടുകള്‍ നല്‍കുന്നതും പദ്ധതിയുടെ ഭാഗം. കൊതുകുനിവാരണയജ്ഞത്തിനായി സൈക്കിള്‍ റിക്ഷ മുതല്‍ ബഹുവര്‍ണ്ണപോസ്റ്ററുകള്‍ വരെ റെഡി. വായിക്കാനറിയുന്ന കൊതുകുകള്‍ നാടുവിടുക. മറ്റുള്ളവര്‍ രക്തസാക്ഷികളാവുക. ഓപ്പറേഷനും ഇടയില്‍ ഫണ്ടു മുക്കുന്നവരും ഡെങ്കിയില്ലാദേശത്തില്‍ നീണാല്‍ വാഴുക. അച്ചുമാമന്‍ കണ്ടസൂയപ്പെടാതെ കേന്ദ്രമലയാളിമന്ത്രിയെപ്പോലെ പ്രതിരോധം തുടങ്ങുക!

0 Comments:

Post a Comment

<< Home