ആന്ധ്രാക്കത്ത്‌

മാവേലിനാടില്‍ മാസം തോറും പ്രത്യക്ഷപ്പെടുന്ന ആന്ധ്രാവിശേഷങ്ങള്‍

My Photo
Name:
Location: New Delhi, India

14.9.06

പുത്തന്‍ പഴമൊഴി

June 2006

ടെസ്റ്റ്റ്റ്യൂബുമരങ്ങളില്‍ നിന്ന്‌ ടേസ്റ്റുള്ള പഴങ്ങള്‍ സൃഷ്ടിക്കുന്ന ശാസ്ത്രം പഴംപുരാണമാണ്‌. എങ്കിലും ആന്ധ്രയില്‍ വീണ്ടുമൊരു മാമ്പഴക്കാലമെത്തിയപ്പോള്‍ ബയോടെക്‌ വാചകങ്ങളും ഹൈടെക്‌ ചര്‍ച്ചകളും വിപണിയില്‍ ലഭ്യം. അതിനാല്‍ മറ്റൊരു വിപ്ലവം കാത്തിരിക്കുന്ന നമ്മുടെ പാടങ്ങളെക്കുറിച്ചാവട്ടെ ഇത്തവണത്തെ കത്ത്‌. ആദ്യം പക്ഷെ മറ്റു സ്വകാര്യങ്ങള്‍.

രാഷ്ട്രീയപ്പാടവങ്ങള്‍

ഡാ വിഞ്ചിച്ചേട്ടന്റെ കോഡുസിനിമ കാണാനായി കാത്തിരുന്ന ആന്ധ്രാക്കാരെ മുഴുവന്‍ റിലീസിന്റെ തലേനാള്‍ മുഖ്യന്‍ രാജശേഖരനച്ചായന്‍ ക്രൂരമായി പാര വെച്ചു. നിരോധനത്തിന്റെ കഥ കേട്ടു മാറമ്പടി ജോജിയച്ചന്‍ ഹൈദരാബാദില്‍ പൊട്ടിച്ചിരിച്ചു. നഗരത്തിലെ മറ്റു മലയാളികുഞ്ഞാടുകള്‍ അച്ചുമാമനു സ്തോത്രം ചൊല്ലി കേരളത്തെ അസൂയയോടെ നോക്കി വ്യാജസീഡികളെ പ്രതീക്ഷിച്ചു കഴിയുന്നു.

പ്രതീക്ഷയൊരു തൊന്തരവാണ്‌. തെലുഗുദേശമെന്ന ചന്ദ്രബാബുനായ്യിഡുവദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടി മൂന്നാം മുന്നണിയുടെ ഉയിര്‍ത്തെയുന്നേല്‍പ്പ്‌ സ്വപ്നം കാണാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. സംവരണവും എണ്ണവിലയുമായി സര്‍ദാര്‍ജി മണ്‍റവും കഞ്ചാവും മഹാജനുമായി കാവിപ്പടയും സന്തോഷമായി വാഴുന്ന കാലം. കേരളത്തില്‍ സജീവമെങ്കിലും ഇടതിനിപ്പോള്‍ വലിയ തൊഴിലില്ലാത്ത ദേശമാണ്‌ ആന്ധ്ര. എങ്കിലും പ്രകാശ്‌ കാരാട്ടും അച്ചുതാനന്ദനും ബുദ്ധദേബനുമെത്തിയപ്പോള്‍ ഹൈദരാബാദൊന്നു ചുവന്നു. നഗരത്തില്‍ നടന്ന സി പി എമ്മിന്റെ കേന്ദ്രകമ്മിറ്റി ത്രിദിനയോഗത്തില്‍ മൂന്നാം മുന്നണി പുനരുജ്ജീവിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായ പ്രചരണപരിപാടി നടത്തുമെന്നും തീരുമാനമെടുക്കുകയുണ്ടായി. പാര്‍ട്ടിയ്ക്‌ വന്‍ വിജയം നല്‍കിയ കേരളത്തിലെ സമ്മതിദായകരെ അഭിനന്ദിക്കാനും സഖാക്കന്മാര്‍ മറന്നില്ല.

ഭക്ഷ്യധാന്യങ്ങളുടെ ഉത്‌പാദനവും ശേഖരണവും കുറഞ്ഞുവെന്നും അത്‌ കരുതല്‍ ശേഖരത്തെ ബാധിക്കുമെന്നും കാരാട്ട്‌ യോഗത്തില്‍ ആരോപിച്ചു. ഇതൊക്കെ കേട്ടു ഞെട്ടിയ രാജശേഖരന്‍ ഏതായാലും മൂന്ന്‌ ഇടതുമുഖ്യന്മാര്‍ക്കൊരു ഭക്ഷണമേളയൊരുക്കി. അച്ചുമാമനോടൊപ്പം ബംഗാള്‍, ത്രിപുര എന്നീ സാമ്രാജ്യങ്ങളിലെ മുഖ്യന്മാരും കോണ്‍ഗ്രസ്സ്‌ മന്ത്രിയുടെ പ്രാതലിനൊപ്പം കൂടി. സുസ്മേരവദരരായ ജനനായകരുടെ ചിത്രം പിറ്റേദിനം പത്രങ്ങളില്‍ നാലുകോളത്തില്‍ പ്രത്യക്ഷപ്പെട്ടു. കാരാട്ടിന്റെ മൂന്നാംമുറ ഫലിച്ചെന്നു ചുരുക്കം.

സലാം കലാം

യോഗാനന്തരം കേരളമുഖ്യന്‍ കരുണാനിധിയെക്കാണാന്‍ വണ്ടികയറിയപ്പോഴേയ്ക്കും നഗരത്തില്‍ കലാമെത്തി. ഇന്ത്യന്‍ ജൈവസാങ്കേതികമേഖല വളരെയേറെ വികസിക്കാനുണ്ടെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം രാജ്യത്തിന്റെ ബയോഡീസല്‍ നിര്‍മ്മാണം പ്രതിവര്‍ഷം 20 മില്ല്യണ്‍ ടണ്ണായി ഉയര്‍ത്തണമെന്ന് ആഹ്വാനം ചെയ്തു. 2010 ആകുമ്പോഴേക്കും അഞ്ഞൂറു കോടി യു എസ്‌ ഡോളര്‍ ലക്ഷ്യമിടുന്ന തരത്തില്‍ നല്ല പാതയിലാണ്‌ ഭാരതത്തിന്റെ ബയോടെക്‌ വളര്‍ച്ചയെന്നാണ്‌ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്‌. ക്ലിനിക്കല്‍ ഗവേഷണത്തിലും കോണ്‍ട്രാക്‌ട്‌ ഉത്‌പാദനത്തിലും ഇന്ത്യ പ്രധാന ഹബ്ബായി മാറിയിട്ടുണ്ടെന്നാണ്‌ അവരുടെ പക്ഷം.

എന്നാല്‍ രണ്ടാം ഹരിതവിപ്ലവം രാജ്യത്ത്‌ കൊണ്ടുവരാന്‍ ജൈവസാങ്കേതികമേഖലയ്ക്കു കഴിയണമെന്നായിരുന്നു ഇതേ വിഷയത്തില്‍ ജൂണ്‍ മാസാദ്യം ആന്ധ്രാതലസ്ഥാനിയില്‍ സംഘടിപ്പിച്ച സെമിനാറിന്റെ ഉള്ളടക്കം. നമ്മുടെ കാര്‍ഷികമേഖല പ്രതിസന്ധി നേരിടുന്നുവെന്നത്‌ തര്‍ക്കമില്ലാത്ത വസ്തുതയാണ്‌. ഈയിടെ കടബാധ്യതയെത്തുടര്‍ന്ന്‌ ജീവനൊടുക്കിയ വയനാടന്‍ കര്‍ഷകര്‍ മുതല്‍ തെലങ്കാനയിലും വിദര്‍ഭയിലും പട്ടിണിമൂലം ആത്മഹത്യ ചെയ്ത പരുത്തികൃഷിക്കാര്‍ക്കു വരെയുള്ളത്‌ പരിവട്ടങ്ങളുടെ ജീവചരിത്രമാണ്‌. അവശേഷിക്കുന്നവര്‍ക്കെങ്കിലും ജീവവായു നല്‍കാന്‍ ജൈവശാസ്ത്രത്തിനു കഴിയുമെങ്കില്‍ അതൊരു വിപ്ലവമാവും.

മാമ്പഴമാനിയ

ഇടയ്ക്കല്‍പ്പം സ്വാദുള്ള വിശേഷങ്ങളാവാം. മറ്റൊരു മൂന്നുദിനക്കഥ. അങ്കണത്തൈമാവില്‍ നിന്നും കവികളും മാമ്പഴങ്ങളും ശാസ്ത്രത്തിന്റെ ആധുനികസങ്കേതങ്ങള്‍ തേടി പലായനം ചെയ്യുന്ന ഈ കാലത്ത്‌ കുടുംബത്തില്‍ പിറന്ന മാങ്ങകള്‍ മാത്രം മതിയെന്നു ശാഠ്യം പിടിച്ചാല്‍ അവതാളത്തിലാവും. പ്രത്യേകിച്ചും ജൂണാദ്യം ഹൈദരാബാദില്‍ നടന്ന മാമ്പഴമേളയില്‍ വന്നവര്‍ക്ക്‌.

ക്രോസ്ബ്രീഡ്‌ ഇനങ്ങളും കടല്‍ കടന്നുവന്നവയും എന്നുവേണ്ട ഈ നാട്ടിലെ മാമ്പഴപ്രേമികള്‍ക്കൊരു ആഘോഷമായി വലുപ്പച്ചെറുപ്പം നോക്കാതെ 221 തരം മാമ്പഴങ്ങള്‍ പങ്കെടുത്ത മേള. പച്ചയും മഞ്ഞയും ഇളംചുവപ്പും നിറങ്ങളില്‍ പല വലുപ്പത്തിലും ആകൃതിയിലുമുള്ള മാങ്ങകള്‍. അതു കാണാനും വാങ്ങാനും ഒരു കഷ്ണം രുചിക്കാനുമായി പലപ്രായത്തിലുള്ള ആയിരങ്ങളും നഗരച്ചൂടുമറന്ന് വേദിയിലെത്തിയപ്പോള്‍ ആകെയൊരു മേളമായിരുന്നു. മാമ്പഴമേളം.

സെന്‍സേഷന്‍, ടെര്‍പെന്റൈന്‍, ലാല്‍ കത്‌ര എന്നിങ്ങനെ വായില്‍ക്കൊള്ളാത്ത പേരുകളും മാങ്ങകളും മേളയില്‍ ലഭ്യമായിരുന്നു. രണ്ടുമുതല്‍ നാലുകിലോ വരെ ഭാരമുള്ള 'സോറ'യായിരുന്നു കൂട്ടത്തില്‍ ഭീമന്‍. ചെകരഗുതി എന്ന കുഞ്ഞന്‌ വെറും 75 ഗ്രാമും. ബങ്കനപ്പള്ളി, സുവര്‍ണരേഖ, ദാസരി, അല്‍ഫോണ്‍സ, തോട്ടപരി എന്നിങ്ങനെ കര്‍ഷകര്‍ക്കുപ്രിയമായ 31 തരം മാങ്ങകളും പ്രദര്‍ശിപ്പിച്ചിരുന്നു.

കര്‍ഷകര്‍ക്കു നേരിട്ട്‌ ഫലവര്‍ഗ്ഗങ്ങള്‍ വില്‍ക്കാനുള്ള വേദികൂടിയായിരുന്നു മേള. വഴിയോരത്തും റിതുബസാറിലും (ആന്ധ്രയിലെ മാവേലിസ്റ്റോര്‍) ലഭിക്കാത്ത മാമ്പഴങ്ങള്‍ക്കു വന്‍ ഡിമാന്റായിരുന്നു. ഐസ്ക്രീമും ജ്യൂസും ജെല്ലിയും അച്ചാറും കേക്കുമായി പല കോലങ്ങളിലേക്ക്‌ വേഷം മാറുമ്പോഴും പഴങ്ങളുടെ രാജന്‌ ഇവിടെ പ്രണയിനികള്‍ കൂടെ.

ദില്‍ മാംഗോ മോര്‍!

ലോകമാങ്ങാഭൂപടത്തിലെ താരമാണ്‌ ഭാരതം. ആഗോളതലത്തില്‍ പ്രതിവര്‍ഷം കായ്ക്കുന്ന മൊത്തം 190 ലക്ഷം ടണ്‍ മാങ്ങകളില്‍ 52.63 ശതമാനവും ഭാരതീയമാവുകളുടെ സൃഷ്ടിയാണ്‌. 1,500 തരം മാങ്ങകള്‍ അഥവാ മാങ്കിഫറ ഇന്റിക്കകളുള്ള ഈ രാജ്യത്തില്‍ കൃഷിയില്‍ കേമന്മാര്‍ ആന്ധ്ര, ഉത്തര്‍പ്രദേശ്‌, ബീഹാര്‍, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളാണ്‌.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രദേശത്തു മാങ്ങാകൃഷി ചെയ്യുന്ന സംസ്ഥാനം ഉത്തര്‍പ്രദേശാണെങ്കിലും ഉത്‌പാദനത്തില്‍ മുമ്പന്‍ ആന്ധ്രയാണ്‌. ഹെക്‌ടറിന്‌ 12 ടണ്‍ എന്നയളവില്‍ പ്രതിവര്‍ഷം ശരാശരി 30 ലക്ഷം ടണ്‍ മാങ്ങകള്‍ ഉത്‌പാദിപ്പിക്കുന്ന ആന്ധ്രയില്‍നിന്നും 10,000 ടണ്‍ വിദേശത്തേക്കു കയറ്റുമതി ചെയ്യുന്നുണ്ട്‌ എന്നാണ്‌ സര്‍ക്കാര്‍ കണക്കുകള്‍. 76,000 ഹെക്ടറില്‍ നിന്നും കേരളത്തിന്റെ മാങ്ങാസംഭാവന 4 ലക്ഷത്തില്‍ ചില്വാനം ടണ്ണാണ്‌.

ആന്ധ്രയില്‍ കൃഷ്ണ, ചിറ്റൂര്‍, വിജയനഗരം എന്നീ ജില്ലകളിലാണ്‌ ഏറ്റവുമധികം മാങ്ങാക്കൃഷിയുള്ളത്‌. വിദേശരാജ്യങ്ങളുമായി പങ്കാളിത്തത്തിന്റെ ഭാഗമായി ചിറ്റൂര്‍ ജില്ലയിലെ 45 യൂണിറ്റുകളില്‍ നിന്നും മാംഗോ പള്‍പ്പ്‌ പല ആഗോളകൂള്‍ഡ്രിങ്ക്‌സ്‌ നിര്‍മ്മാണശാലകളിലേക്ക്‌ കയറ്റിയയയ്കപ്പെടുന്നുണ്ട്‌. പശ്ചിമേഷ്യയിലേക്കും ബ്രിട്ടണിലേയ്ക്കുമാണ്‌ പ്രധാനമായും നാം മാമ്പഴങ്ങള്‍ കയറ്റുമതി ചെയ്യുന്നത്‌. ഏറ്റവും വലിയ ഉത്‌പാദകരായിട്ടും കയറ്റുമതിയുടെ കാര്യത്തില്‍ നമുക്കു മൂന്നാം സ്ഥാനം മാത്രം.

വളരെവേഗം കേടാവുന്ന സ്വഭാവത്തോടൊപ്പം നിലവാരം കുറഞ്ഞ പാക്കേജിംഗ്‌ സൌകര്യങ്ങള്‍ കൂടിയാവുമ്പോള്‍ മാങ്ങാക്കച്ചവടം കര്‍ഷകര്‍ക്കു തലവേദനയും നഷ്ടവുമാകുന്നു. ഉത്‌പാദനത്തിന്റെ 30 ശതമാനത്തോളം ഉപയോഗശൂന്യമാവുന്നുവെന്നാണ്‌ ഹോര്‍ട്ടികള്‍ച്ചര്‍ കമ്മീഷണറുടെ അനൌദ്യോഗികപരാമര്‍ശം. ആന്ധ്രാപ്രദേശ്‌ എക്‌സ്‌പോര്‍ട്ട്‌സ്‌ ഡെവലപ്‌മന്റ്‌ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ പരാതികള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ത്വരിതഹരിതവിപ്ലവമാണ്‌ ശരിയായ പോംവഴി. കേമന്മാരായ വിത്തുകളും ശാസ്ത്രീയമായ കൃഷിയും ഗുണനിലവാരമുള്ള വിതരണ-വില്‍പ്പന-കയറ്റുമതി സംവിധാനവും മാങ്ങകള്‍ക്കും കൂട്ടര്‍ക്കും മാത്രമല്ല മറ്റു ഭക്ഷ്യധാന്യങ്ങള്‍ക്കും കൂടിയേ തീരൂ. അവിടെയാണ്‌ പ്രസിഡന്റിന്റെ ജൈവശാസ്ത്രൌപദേശത്തിന്റെ പ്രസക്തി.

ശാസ്ത്രം ജനിച്ചു, മനുഷ്യന്‍ ജയിച്ചു

മൊണ്‍സാണ്ടോയുടെ ബി.ടി.വിപ്ലവം ജീവവായു നല്‍കിയതോടെയാണ്‌ തെലുഗുദേശത്തെ പല പരുത്തികര്‍ഷകരും പട്ടിണിയില്‍ നിന്ന്‌ രക്ഷപ്പെട്ടത്‌. ഒന്നാംകിടവിത്തുകളുടെ കൂടിയ വിലയും കുറഞ്ഞ ലഭ്യതയും ഇന്നും തര്‍ക്കവിഷയമാണെങ്കിലും സര്‍ക്കാര്‍ തലത്തില്‍ പല ചര്‍ച്ചകളും ചതുരംഗക്കളികളും നടക്കുന്നുവെന്നത്‌ ആശ്വാസമാണ്‌.

കീടങ്ങളേയും രോഗങ്ങളേയും തടയാന്‍ കെല്‍പ്പുണ്ടാക്കുക എന്ന പ്രധാനലക്ഷ്യത്തോടെ നെല്ലിലും ഉരുളക്കിഴങ്ങിലും പരുത്തിയിലും പുകയിലയിലുമെല്ലാം ഗവേഷണങ്ങളും പരീക്ഷണങ്ങളും നടക്കുന്നുണ്ട്‌. 1982-ല്‍ നാഷണല്‍ ബയൊടെക്നോളജി ബോര്‍ഡ്‌ രൂപികൃതമായെങ്കിലും പരുത്തിയിലും നെല്ലിലുമല്ലാതെ രസകരമായ മാറ്റങ്ങളൊന്നും നമ്മുടെ വിത്തുകള്‍ ഇതുവരെ അനുഭവിച്ചിട്ടില്ല. കോയമ്പത്തൂര്‍ കാര്‍ഷികസര്‍വകലാശാലയും ഹൈദരാബാദിലെ ഒസ്മാനിയ സര്‍വകലാശാലയുമുള്‍പ്പെടെ പ്രധാനമായും ഏഴിടങ്ങളിലായാണ്‌ നമ്മുടെ ബയൊടെക്‌ പരീക്ഷണങ്ങള്‍ തുടങ്ങിയത്‌.

1986 മുതല്‍ 2002 കേന്ദ്രസര്‍ക്കാര്‍ 275 മില്യണ്‍ ഡോളര്‍ ജൈവശാസ്ത്രവികസനത്തിനായി ചെലവാക്കിയിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതുകൂടാതെ, ആന്ധ്രയും കേരളവും തമിഴ്‌നാടുമുള്‍പ്പെടെ ഏറെ സംസ്ഥാനങ്ങള്‍ ബയൊടെക്‌നോളജിയുടെ വികസനത്തിനു പ്രത്യേകപരിഗണന നല്‍കുന്നുവെന്നും വിദഗ്ദ്ധപക്ഷം.

സര്‍വ്വശക്തരായ സങ്കരയിനം വിത്തുകള്‍ കാലത്തിന്റെയും കര്‍ഷകരുടേയും ആവശ്യമാണ്‌. അവ വികസിപ്പിക്കേണ്ടതിനു ചുമതലയെടുക്കേണ്ടതും താങ്ങാവുന്ന വിലയില്‍ വിതരണം ഉറപ്പാക്കേണ്ടതും സര്‍ക്കാരിന്റെ കടമയും. ഒപ്പം ഗവേഷണശാഖ വളര്‍ത്താനും അതാതു സംസ്ഥാനസര്‍ക്കാരുകള്‍ ശ്രദ്ധിക്കേണ്ടതാണ്‌. ഈയിടെ ഹൈദരാബാദിലെ ആചാര്യ എന്‍. ജി. രങ്ക കാര്‍ഷികസര്‍വകലാശാലയില്‍ ഒരു ബയൊടെക്‌നോളജി സെന്റര്‍ തുടങ്ങാനായി അമേരിക്കയിലെ ടസ്‌കെഗീ സര്‍വകലാശാല 5 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ എപി-നെതര്‍ലാന്റ്‌സ്‌ ബയൊടെക്നോളജി പ്രോജക്‌ട്‌ അനുവദിച്ച 2.5 കോടി രൂപ ഗ്രാന്റിനു പുറമേയാണിത്‌. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്നു ചുരുക്കം.

ഇതെഴുതുമ്പോള്‍ ഭാരതമഹാരാജ്യത്തിലെ ജനസംഖ്യ 1,094,402,985. വിശക്കുന്ന വയറുകളുടെ ഏണ്ണം കൂടികൊണ്ടേയിരിക്കും. നടുക, വിളവെടുക്കുക, വില്‍ക്കുക, വിത്തെടുക്കുക, വീണ്ടും നടുക എന്ന പതിവുകള്‍ക്കപ്പുറം തനതുരീതികള്‍ വികസിപ്പിക്കാനും അതില്‍ നിന്നു നിലനില്‍പ്പിന്റെ പുതിയ പ്രത്യയശാസ്ത്രങ്ങള്‍ രൂപികരിക്കാനും നമ്മുടെ കാര്‍ഷികരംഗം ആവശ്യപ്പെടുന്നു. ലോകം മുഴുവന്‍ ഏകഗ്രാമമായി പരിവര്‍ത്തനം ചെയ്യുമ്പോഴും ശാസ്ത്രം നൂതനജാലവിദ്യകള്‍ കാണിക്കുമ്പോഴും അണ്ണാറക്കണ്ണന്മാര്‍ തങ്ങളാലാവുന്നത്‌ ചെയ്യണം. അല്ലേല്‍ മാങ്ങപോയിട്ട്‌ അണ്ടിപോലും കിട്ടാതെ വരും. പിന്നെ ചിലച്ചിട്ടു കാര്യമില്ല!

ഇനി: മാമ്പഴപ്രേമികള്‍ക്കിവിടെ ആഘോഷക്കാലമായപ്പോള്‍ കേരനാട്ടില്‍ കാലംതെറ്റി മഴതുടങ്ങിയിരുന്നു. ചിരിച്ചുനിന്ന മാമ്പൂവുകളെ പൊഴിച്ച്‌ മണ്ണില്‍ വിതറി മഴ തിമിര്‍ത്തുപെയ്യുന്നു. പ്രകൃതിയുടെ കുസൃതിയില്‍ നാം പകച്ചുപോവുന്നത്‌ പ്രവചനശാസ്ത്രത്തിന്റെ പഴയ കാലാവസ്ഥാക്കണക്കുകള്‍ പിഴയ്ക്കുമ്പോഴാണല്ലോ!

1 Comments:

Anonymous Anonymous said...

ആഡ്രാ ടൈസിലെ വാര്‍ത്തകള്‍ കൊള്ളാം. മാങ്ങയെ പറ്റി ഒരു റിസര്‍ച്ചു തന്നെ നടത്തിയിട്ടുണ്ടല്ലോ. ആഡ്രയില്‍ നിന്നും പുതിയ വിശേഷങ്ങള്‍ വരട്ടെ....... സ്വാഗതം

4:24 PM  

Post a Comment

<< Home