ആന്ധ്രാക്കത്ത്‌

മാവേലിനാടില്‍ മാസം തോറും പ്രത്യക്ഷപ്പെടുന്ന ആന്ധ്രാവിശേഷങ്ങള്‍

My Photo
Name:
Location: New Delhi, India

8.2.07

അതിരുകളില്ലാത്ത ആഘോഷങ്ങള്‍

September 2006

നൈസാമിന്റെ നഗരമദ്ധ്യേ ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ബുദ്ധനു ചുറ്റുമുള്ള ഹുസൈന്‍സാഗര്‍ തടാകത്തിലാണ്‌ ആയിരക്കണക്കിനു ഗണേശന്മാര്‍ സെപ്റ്റംബറില്‍ മുങ്ങിയത്‌. ഈ ദേശത്തെ മുഖ്യന്‍ അച്ചായനാണെന്നു കൂടി സഹൃദയരെ ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ ഈ കത്തിലെ മതേതരത്വ-മാനവികത്വ മഹാവിഷയമാരംഭിക്കാം. ആന്ധ്രാതലസ്താനിയിലെ ആഘോഷങ്ങളേയും ഭക്തിവിശേഷങ്ങളേയും കുറിച്ചൊരു ലഘുഭാഷണം.

കേരളം മുതല്‍ ബംഗാള്‍ വരെ

ഹൈദരാബാദിലേറെയുള്ള കേരളാസ്റ്റോറുകളില്‍ നിന്നും വാഴയിലയും സദ്യയ്ക്കുള്ള മറ്റു കോപ്പുകളും വാങ്ങി ഓണം ഘോഷിക്കാനിറങ്ങിയ പല മലയാളിമക്കളും ഗണേശവിഗ്രഹനിമജ്ജനയാത്രാക്കുരുക്കിലകപ്പെട്ടു. 15,000-ഓളം പ്ലാസ്റ്റര്‍ ഒഫ്‌ പാരീസ്‌ ഗണപതികളാണ്‌ ഇത്തവണ പല വലുപ്പത്തിലും വേഷത്തിലും ഭാവത്തിലും സെക്കന്തരാബാദില്‍ അവതരിച്ചിരുന്നത്‌. കൊമ്പരില്‍ വമ്പനായ 40-അടി വിനായകനെ മുക്കാന്‍ ഏറെ വിഘ്നങ്ങളും ഒന്നര മണിക്കൂറുമെടുത്തെന്നാണ്‌ പോലീസ്‌ മൊഴി.

പതിനൊന്നുദിന ഗണേശോല്‍സവത്തിനു തിരശ്ശീല വീഴുകയായിരുന്നു 22,000ല്‍പ്പരം പൊലീസുകാര്‍ കാവല്‍നിന്ന ഘോഷയാത്രയോടെ. മുംബൈയോടു കിടപിടിക്കുന്ന ആഘോഷാരവള്‍ക്കൊടുവില്‍ പതിവു പോലെ നടന്ന ലഡ്ഡുലേലത്തില്‍ 21 കിലോയുള്ള ഒരെണ്ണതിനു കിട്ടിയത്‌ അഞ്ചു ലക്ഷം രൂപയാണ്‌! നാലു ലക്ഷത്തിനും മൂന്നു ലക്ഷത്തിനും മറ്റു രണ്ടെണ്ണവും വിറ്റുപോയി. മിസ്റ്റര്‍ ഗണപതിയും ഉടനൊരു ലഡ്ഡുക്കട തുറന്നാല്‍ അത്ഭുതപ്പെടാനില്ലെന്നു ചുരുക്കം!

ഇത്തരത്തില്‍ ഗണേശവിഗ്രഹങ്ങളെ ഭക്ത്യാദരപൂര്‍വ്വം മുക്കിക്കൊന്ന ഹുസൈന്‍സാഗറിലെ വെള്ളത്തിലാണ്‌ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പൊരു വള്ളംകളി നടന്നത്‌. ആലപ്പുഴയില്‍ നിന്നും റോഡുമാര്‍ഗ്ഗമെത്തിയ വേപ്പുവള്ളങ്ങളൊരുക്കിയ ഓണക്കാഴ്ച ഏറെനാള്‍ മുമ്പേ നാടുവിട്ട കേരളീയര്‍ക്കും 'മലയാലം കുരച്ചു കുരച്ചു പരയുന്ന' പുതുതലമുറയ്ക്കും മറക്കാനാവാത്ത ദൃശ്യാനുഭവമായി. മലയാണ്മയുടെ വൈവിദ്ധ്യഭാവങ്ങള്‍ ഇങ്ങനെ തിരുവാതിരയായും തെയ്യമായും മിമിക്രിയായും പലവര്‍ഷങ്ങളില്‍ ഇവിടെ വിരുന്നിനു വന്നപ്പോള്‍ പല സംഘമായി പ്രവാസികള്‍ അവര്‍ക്കു താലപ്പൊലിയൊരുക്കി.

ഇക്കൊല്ലം മൈത്രിയും കൈരളീ സമാജവും ഒരുമ സാംസ്കാരികവേദിയും മറ്റും ഹൈദരാബാദിലെ മാവേലിപ്പടയ്ക്ക്‌ പഞ്ചവാദ്യവും പാലടപ്രഥമനുമൊരുക്കിയപ്പോള്‍ ഓണം ശബരി എക്സ്‌പ്രസ്സിലേറി ഇവിടെയെത്തിയ പ്രതീതിയായി പലര്‍ക്കും. കാണാനും ഉണ്ണാനും കീശയില്‍ കാശുണ്ടാവണമെന്നു മാത്രം. മാനുഷരെല്ലാരും ഒന്നുപോലെയല്ലെങ്കിലും ഏട്ടുലക്ഷത്തോളം മലയാളികള്‍ ഹൈദരാബാദിലുണ്ടെന്നാണ്‌ അശരീരി.

അങ്ങനെ പല ഗഡുക്കളിലായി മലയാളികള്‍ ഓണം കൊണ്ടാടവേ ആന്ധ്രാരാജധാനിയില്‍ രോഷൊഗുള(രസഗുള തന്നെ)യും ഷോന്തേഷും (ഒരു ഉണക്കമധുരപലഹാരം)പോഷ്‌തോയും (ഒരു കിഴങ്ങന്‍ വിഭവം) ഭക്ഷ്യമേളയില്‍ നിരന്നു. പൂജാപന്തലുകള്‍ പൊങ്ങുകയായി. സെപ്തംബറിന്റെ അതിഥികളില്‍ കൊല്‍ക്കത്തയുടെ സ്വന്തം ദുര്‍ഗ്ഗാപൂജയും! അശ്വിനിമാസത്തിലെ ഈ മഹോല്‍സവത്തിനായി കാത്തിരിക്കുകയായിരുന്നു നഗരത്തിലെ ബംഗാളിപ്പട. അഞ്ചുദിനം നീളുന്ന പൂജയില്‍ മത്സ്യപ്രിയരായ ബംഗാളികള്‍ പൂര്‍ണ്ണസസ്യഭുക്കുകളാവുന്നത്‌ ഒഷ്ടമി(അഷ്ടമി) ദിനത്തില്‍ മാത്രമാണ്‌.ഗണപതിക്കുപിന്നാലേ ദേവിയും കാലോചിതമായ പരിഷ്കാരങ്ങളോടെ വിഗ്രഹരൂപത്തില്‍ അവതരിക്കുന്നു. ഐശ്വര്യാറായിയുടേയും റാണീമുഖര്‍ജിയുടേയും മോഡല്‍ കണ്ണുകളാണു ചില വിഗ്രഹങ്ങള്‍ക്കെന്നു സിനിമാപ്രിയരായ ശില്‍പ്പികള്‍ പറയുന്നു.. ഏതായാലും നൃത്തവും പാട്ടും പുതുവസ്ത്രങ്ങളും മധുരവുമായി നിറപ്പകിട്ടാര്‍ന്ന ഒരു മേളമാണ്‌ ബംഗാളികളുടെ ദുര്‍ഗ്ഗാപൂജ.

തൊട്ടു പിന്നാലെയെത്തുന്ന ദീപാവലിയും ഇവിടത്തെ പ്രധാനാഘോഷങ്ങളിലൊന്നാണ്‌. ഹിന്ദുക്കളും ജൈനന്മാരും സര്‍ദാര്‍ജിമാരും പൂത്തിരി കത്തിക്കുന്ന ദീപാവലി മാലപ്പടക്കങ്ങളും മെഗാഷോപ്പിംഗ്‌ മഹോല്‍സവങ്ങളുമായി ഒക്ടോബറിലെത്തും. പൂത്തിരിയ്ക്കായി പണം പൊട്ടിയ്ക്കുന്നതില്‍ ചെന്നൈയോടു കിടപിടിയ്ക്കും ഹൈദരാബാദ്‌. പുതുവര്‍ഷാഘോഷമായ ഉഗാദിയും വിളവെടുപ്പുമഹോല്‍സവമായ സംക്രാന്തിയും കഴിഞ്ഞാല്‍ ഗണേശചതുര്‍ത്ഥിയും ദീപാവലിയുമാണ്‌ ഹൈന്ദവരുടെ പുണ്യദിനങ്ങള്‍. ഭാരതത്തിലെ കുബേരദൈവമായ തിരുപ്പതി വെങ്കടേശ്വരന്റെ ദേശവാസികള്‍ തന്നെയാണല്ലോ ശബരിമലയിലെ പ്രധാനനിക്ഷേപകരും.

ഉറങ്ങാത്ത പഴയനഗരം

കുടിയേറ്റക്കാരെയെല്ലാം സന്തോഷിപ്പിച്ചശേഷം നൈസാമിന്റെ ഭാഗ്യനഗരം റംസാനായി അണിഞ്ഞൊരുങ്ങുകയാണ്‌. 400 വര്‍ഷത്തെ ചരിത്രമുറങ്ങുന്ന നഗരത്തിന്റെ ജനസംഖ്യയുടെ നാല്‍പ്പതു ശതമാനവും മുഹമ്മദീയരാണ്‌. തെലുഗുനാടിന്റെ ഭാഷയിലും ഭൂഷയിലും ഭക്ഷണത്തിലും വരെ ഇസ്ലാമികസംസ്കാരത്തിന്റെ പ്രതിഫലനങ്ങളുണ്ട്‌. തെലുഗുവും ഉറുദുവും ഹിന്ദിയും ഹിജാബണിഞ്ഞ യുവതികളും മുഗളായി സ്വാധീനമുള്ള തെലങ്കാനയിലെ സ്വാദിഷ്ടവിഭവങ്ങളും ഇതിനുദാഹരണം.

കുത്തബ്‌ ഷാഹി രാജവംശത്തിന്റെ സുല്‍ത്താനായ മുഹമ്മദ്‌ ഖുലി കുത്തബ്‌ ഷായാണ്‌ ഹൈദരാബാദിന്റെ പിതാവെന്നത്‌ ചരിത്രപുസ്തകത്തിലെ അറിവ്‌. അദ്ദേഹം പഞ്ചാരയടിച്ചു വിവാഹം ചെയ്ത ബഞ്ചാരയിലെ ഭാഗ്‌മതിയുടെ പേരില്‍ നഗരത്തെ ഭാഗ്യനഗരം എന്നു നാമവത്‌കരിക്കുകയും മതം മാറ്റത്തിനു ശേഷം നടന്ന പേരിടല്‍കര്‍മ്മത്തില്‍ സുന്ദരി ഹൈദര്‍ മഹാലും നഗരം ഹൈദരാബാദുമായെന്നതും ചരിത്രം.

ചാര്‍മിനാറും മെക്ക മസ്ജിദും ഗോല്‍ക്കൊണ്ടയും സലാര്‍ജംഗ്‌ മ്യൂസിയവും ഒസ്മാനിയ സര്‍വകലാശാലയുമൊക്കെയായി ഹൈദരാബാദ്‌ ഭാഗ്‌മതിയോളം സുന്ദരിയായത്‌ നവാബുകളുടെ ശ്രമഫലമായാണ്‌.

മറ്റൊരിരട്ടയായ സെക്കന്തരാബാദ്‌ ഐ.ടി.യുടെ വികസിതസ്വപ്നങ്ങള്‍ തേടുമ്പോഴും ഹൈദരാബാദെന്ന പഴയനഗരം ഗതകാലസ്മരണകളുടെ നിറപ്പകിട്ടോടെ മറ്റൊരു റംസാനെ വരവേല്‍ക്കുന്നു.ലോകപ്രശസ്തമായ ചൂഡീ ബസാറിലെ വളക്കച്ചവടവും ചൂടുപിടിക്കുന്നു. കല്ലുപതിച്ച കങ്കണങ്ങള്‍ക്കായി കിലുകിലെ ചിലയ്ക്കുന്ന സുന്ദരിമാര്‍. കുറച്ചപ്പുറം ഇറാനില്‍ നിന്നും സൌദി അറേബ്യയില്‍ നിന്നും വന്ന ഈന്തപ്പഴങ്ങള്‍. അത്തറു മുതല്‍ പുതുവസ്ത്രങ്ങള്‍ വരെ നിരത്തിവെച്ച്‌ ഇരുപത്തിനാലു മണിക്കൂറും കണ്ണുചിമ്മുന്ന കടകള്‍... സന്ധ്യമുതല്‍ പകലാകുവോളം നീളുന്ന തിക്കും തിരക്കും... ഹൈദരാബാദ്‌ റംസാനാഘോഷിക്കുന്നത്‌ മൊഞ്ചുള്ള കാഴ്ച തന്നെ.

ഹൈദരാബാദി ബിരിയാണിയോളം തന്നെ പ്രശസ്തമാണ്‌ നോമ്പുകാലത്തു മാത്രം ലഭ്യമായ ഹലീം (മാസഭുക്കുകള്‍ക്കായി ഗോതമ്പു ചേര്‍ത്തുണ്ടാക്കുന്ന സ്വാദിഷ്ടവിഭവം). പേര്‍ഷ്യയില്‍ നിന്നു വന്ന ഈ സൂപ്പ്‌ മാതിരി ഭോജനം പാകപ്പെടുത്താന്‍ എഴെട്ടുമണിക്കൂറെടുക്കും എന്നു പാചകക്കുറിപ്പുകള്‍ സാക്ഷ്യം വെക്കുന്നു. സസ്യഭുക്കുകള്‍ക്കായുള്ള പ്രത്യേകഹലീമും ഇപ്പോള്‍ ലഭ്യം.

ബുദ്ധന്‍ ചിരിക്കുന്നു

ചരിത്രത്താളുകള്‍ വീണ്ടും മറിയുമ്പോള്‍ 2,000 വര്‍ഷങ്ങള്‍ക്കു മുന്നേ ആന്ധ്രാദേശത്തു പ്രബലമായിരുന്ന ബുദ്ധമതത്തെക്കാണാം. നാഗാര്‍ജ്ജുനകൊണ്ടയിലും അമരാവതിയിലും ബാവിക്കൊണ്ടയിലും തഥാഗതന്റെ സത്യാന്വേഷണശിലാസ്തൂപികള്‍ കണ്ടെത്തിയിട്ടുണ്ട്‌. ബുദ്ധനെത്തിരയുന്ന പുരവസ്തുവകുപ്പന്മാരുടെ ഇഷ്ടസംസ്ഥാനമാണ്‌ ആന്ധ്ര. മഹായാന ബുദ്ധിസം ഇവിടെനിന്നാണത്രേ മറ്റു ഏഷ്യന്‍ രാജ്യങ്ങളിലേക്കു പ്രചരിച്ചത്‌. ബുദ്ധതത്വങ്ങളെ കടല്‍ കടത്തി ലങ്കയിലേക്കു വിട്ടതും 140ഓളം ബുദ്ധകേന്ദ്രങ്ങളുള്ള തെലുഗുനാടു തന്നെ. ഈ മണ്ണില്‍ നിന്നും കുഴിച്ചെടുത്ത ചട്ടിയും കലവും ചെമ്പും തകിടുമായി ചരിത്രമിന്നും നിര്‍വാണ തേടുന്നു.

ബുദ്ധന്‍ ജീവിച്ചിരുന്ന കാലഘട്ടത്തു തന്നെ ആന്ധ്രയില്‍ അദ്ദേഹത്തിനു അനുയായികളുണ്ടായിരുന്നെന്നാണ്‌ അനുമാനം. പല്ലവരാജാക്കന്മാരായ സിംഹവര്‍മ്മയും ത്രിലോചനനും ബുദ്ധവിഹാരങ്ങളെ നശിപ്പിച്ചുവെന്നും വീരശൈവ വിഭാഗക്കാര്‍ ബുദ്ധമതക്കാരെ അമര്‍ച്ചചെയ്യാന്‍ ശ്രമിച്ചതിന്റെ ഫലമായാണ്‌ ആന്ധ്രയില്‍ ബുദ്ധമതം നാമാവശേഷമായത്‌ എന്നും പറയപ്പെടുന്നു.

അവശേഷിക്കുന്ന ഓര്‍മ്മകളെ നിലനിര്‍ത്താന്‍ ടൂറിസം വകുപ്പുള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്‌. ബുദ്ധപൂര്‍ണിമ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചതാണ്‌ ഹുസൈന്‍സാഗറിലെ 450 ടണ്‍ ഭാരമുള്ള മഹാബുദ്ധന്‍. 200 ശില്‍പ്പികളുടെ രണ്ടുവര്‍ഷത്തെ പ്രയത്നഫലമാണത്‌.അടുത്തുള്ള ലുംബിനി പാര്‍ക്കു നോക്കി, ഡിസംബറിലെ ത്രിദിന ലുംബിനി ഫെസ്റ്റിവലിനായി കാത്തുകൊണ്ട്‌ തടാകനടുവിലെ ബുദ്ധന്‍ നിന്നു ചിരിക്കുന്നു. ചുറ്റും മതമില്ലാത്ത ബോട്ടുകള്‍ വിനോദസഞ്ചാരികളെ കൊള്ളയടിച്ച്‌ ഓടിക്കളിക്കുന്നു.

ക്രിസ്ത്യാനികളും പാര്‍സികളും മാര്‍വാടികളുമൊക്കെയുണ്ടു ഹൈദരാബാദില്‍. എന്നാല്‍ പോപ്പച്ചന്‍ ജര്‍മ്മനിയില്‍ ജിഹാദിനെതിരെ തമാശ പറഞ്ഞപ്പോഴും ഡാ വിഞ്ചി സിനിമ മറ്റൊരു ഫലിതവുമായി നഗരം സന്ദര്‍ശിച്ചപ്പോഴും മാലപ്പടക്കം കുപ്പായക്കീശയിലിട്ടു ബീഡികത്തിക്കുന്ന പോലെ മുഖ്യന്‍ രാജശേഖരന്‍ ഞെട്ടിയതു പൊതുവേ സമാധാനപ്രേമികളായ അച്ചായന്മാരെ ഓര്‍ത്തല്ല. പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ നാലു മേജര്‍ സെറ്റ്‌ വര്‍ഗ്ഗീയലഹളകള്‍ നടന്ന പഴയനഗരത്തില്‍ ഇനിയും ചരിത്രമാവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി മാത്രം.

വഴിമുടക്കുന്ന ദൈവങ്ങള്‍

മേമ്പൊടിയ്ക്കല്‍പ്പം പരദൂഷണം. മതമൊരുഗ്രന്‍ ബിസിനസ്സാണെന്ന്‌ മനുഷ്യദൈവങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. ഇവിടെ മഹാനഗരങ്ങളെ വികസിയ്ക്കുന്നതില്‍ നിന്നു തടയിടുന്നത്‌ റോഡരികിലെ ദൈവസാന്നിദ്ധ്യമാണ്‌. ചെറിയൊരു തുണിയുണ്ടേല്‍ കൊടി റെഡി. കൊടിയുണ്ടേല്‍ ഒരു ചെറുകൂര. അതിനുള്ളില്‍ ചെറിയൊരു ദൈവം. മതമേതായാലും കൂര പാര തന്നെ. പാത വീതി കൂട്ടാനായി നഗരസഭയിലെ താപ്പാനകള്‍ മണ്ണു ചോദിച്ചെത്തുമെന്ന ഭയം വരുമ്പോഴാണ്‌ ദൈവങ്ങള്‍ ഇങ്ങനെ വിണ്ണില്‍ നിന്നിറങ്ങിവരുന്നത്‌.

നഗരപുരോഗതിയ്ക്കായി റോഡരികില്‍ നിന്നും മാറിക്കിടക്കാന്‍ ശ്മശാനത്തിലെ ആഡ്യന്മാരായ ശവങ്ങള്‍ വരെ സമ്മതിച്ചിട്ടുണ്ട്‌. കണ്ണു കാണാത്ത കോടതിയും കണ്ണുതുറക്കുന്ന അധികാരികളും നിയമം പാലിക്കുമെന്ന് വാശിപിടിക്കുന്നതോടെ ചിലപ്പോള്‍ ഇരട്ടനഗരങ്ങള്‍ കാക്കുന്ന ഈശ്വരന്മാരുടെ മനസ്സലിഞ്ഞേക്കും. സ്തുതി.

ഇനി: പലവകകളിലായി 40,000-ഓളം ഉത്സവങ്ങള്‍ ലോകത്തുണ്ടെന്നാണ്‌ ഫെസ്റ്റിവല്‍ ഡോട്ട്‌ കോമിന്റെ സൂചിക. ആഗോളവത്‌കരണം അതിരുകള്‍ മായ്ക്കുന്നതോടെ സ്പെയിനിലെ തക്കാളിയാഘോഷവും മ്യൂണിക്കിലെ ബിയറുത്സവവുമൊക്കെ നാളെ ആന്ധ്രയിലോ അനന്തപുരിയിലോ എത്തിയെന്നു വരാം. സാംബയേയും സല്‍സയേയും പോലെ കുച്ചിപ്പുടിയും കൂടിയാട്ടവും വിനോദസഞ്ചാരികള്‍ക്കുള്ള വില്‍പ്പനച്ചരക്കുകളുമാവാം. സംസ്കാരങ്ങള്‍ സംഗമിക്കുമ്പോള്‍ ഉള്ള സംസ്കാരം നഷ്ടമാവാതിരിക്കാനായി ഒരു നിമിഷം ഈശ്വരപ്രാര്‍ത്ഥന നടത്താം. രക്ഷ നല്‍കേണ്ട മന്ത്രിയും തന്ത്രിയും ശിക്ഷ നേടുന്ന കാലമല്ലേ!

1 Comments:

Blogger Nousher said...

:)

5:14 PM  

Post a Comment

<< Home